വർഷത്തിൽ ഒറ്റത്തവണ പൂക്കുന്ന ചെടി നിസാരക്കാരനല്ല, വേര് മുതൽ കായ് വരെ ഉപയോഗിക്കാം; ഇല വായിലിട്ട് ചവയ്‌ക്കുന്നതും ഗുണകരം

Sunday 02 June 2024 1:00 PM IST
കുന്ദമംഗലം: കണ്ണിന് കുളിർമയേകി കുന്ദമംഗലത്ത് കായാമ്പു വിടർന്നു. തുവ്വക്കുന്നത്ത് മലയിലാണ് അതിജീവനത്തിന്റെ നേർസാക്ഷ്യമായി കായാമ്പു പൂത്തുലഞ്ഞ് തലയുയർത്തി നിൽക്കുന്നത്. കാശാവ് എന്നും ഈ കുറ്റിച്ചെടിയ്ക്ക് വിളിപ്പേരുണ്ട്.നേരത്തെ കുന്ദമംഗലം പ‌ഞ്ചായത്തിലെ കുന്നിൻ പ്രദേശങ്ങളിൽ ധാരാളമായി കായാമ്പു ഉണ്ടായിരുന്നു. മണ്ണൊലിപ്പ് തടയാൻ മലമുകളിൽ വേലികളായിട്ടായിരുന്നു പണ്ടുള്ളവർ നട്ടുവളർത്തിയിരുന്നത്. ഇപ്പോൾ കുന്ദമംഗലത്ത് അപൂർവമായെ ഈ ചെടിയുള്ളൂ. വർഷത്തിൽ ഒരുതവണ മാത്രമാണ് പൂക്കുന്നത്.നിറയെ പൂവിരിയാൻ പത്ത് വർഷമെങ്കിലും പ്രായമാവണം. 50 വർഷം പഴക്കമുള്ള ചെടികൾക്ക് വരെ പതിനഞ്ചടിയിൽ കൂടുതൽ ഉയരമുണ്ടാവില്ല. കടും നീല നിറമുള്ള പൂവിന് മൂന്നോ നാലോ ദിവസമെ ആയുസുള്ളു. പൂ കൊഴിഞ്ഞാൽ കുലയായി കായകൾ നിറയും. ചെറുപക്ഷികൾക്ക് ഏറെ പ്രിയമാണ് കായാമ്പൂവിന്റെ പഴങ്ങൾ. നല്ല ഉറപ്പുള്ള ശാഖകളായതിനാൽ കാശാവിൻ കമ്പുകൾ കത്തികളുടെ പിടിയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.ഇല വായിലിട്ട് വെറുതെ ചവയ്‌ക്കുന്നത് പോലും ഏറെ ഗുണകരമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. ചെടി പൂത്ത് നിൽക്കുന്ന വേളയിൽ ചെറിയ സുഗന്ധവുമുണ്ട്. പൂത്തുലഞ്ഞു നിൽക്കുന്ന കായാമ്പുവിന് ഭഗവാൻ കൃഷ്ണന്റെ നിറമാണെന്നാണ് പറയുന്നത്. യൗവനം നിലനിറുത്താൻ സഹായിക്കുന്നു.കന്നു പൂട്ടുന്നവരുടെ വടിക്കും ചെണ്ടക്കോലിനും കാശാവ് കമ്പ് ഉപയോഗിച്ചിരുന്നു. മണ്ണെടുപ്പിന് വൻ‌തോതിൽ കുന്നുകൾ ഇടിച്ചു നിരത്തിയതോടെയാണ് കാശാവിൻ കാടുകളുടെ നിലനിൽപ് ഭീഷണിയിലായത്. കാശാവ് ഔഷധ സസ്യം കൂടിയാണ്. വേര്, ഇല, കായ്കൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.ദീർഘ വൃത്താകൃതിയിലുള്ള ഇലകൾക്ക് കട്ടി കൂടുതലാണ്. ഇലകൾക്ക് നേർത്ത മധുരവുമുണ്ട്. സംസ്കൃതത്തിൽ നീലാഞ്ജനി എന്നാണ് പേര്. കേരളത്തിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂർവയിനം ചെടിയാണ്. പുതുതലമുറയ്ക്ക് അന്യം നിന്നുപോകുന്ന കാഴ്ചയും.
Advertisement
Advertisement