സെക്കന്‍ഡ്-ഹാന്‍ഡ് കാറോ? വില്പന പൊടിപൂരം

Monday 03 June 2024 12:49 AM IST

ഒരു പുതിയ കാർ വാങ്ങണം! ഈ ആഗ്രഹം മനസി​ലുദിക്കാത്ത ആരെങ്കിലുമുണ്ടോ? പക്ഷേ, ഇന്ത്യയിലിപ്പോൾ പുത്തൻ കാറിന് മാത്രമല്ല, സെക്കൻഡ്ഹാൻഡ് കാറുകൾ അഥവാ യൂസ്ഡ് അല്ലെങ്കിൽ പ്രീഓൺഡ് കാറുകൾക്കും ഡിമാൻഡേറുകയാണ്.
2022-23ൽ 51 ലക്ഷം യൂസ്ഡ് കാറുകളാണ് ഇന്ത്യയിൽ വിറ്റുപോയത്. ഇവയുടെ മൊത്തം വില്പനമൂല്യമാകട്ടെ 3,244 കോടി ഡോളറും (ഏകദേശം 2.70 ലക്ഷം കോടി രൂപ).
202728ഓടെ വില്പന 1.09 കോടി കാറുകളായി ഉയരുമെന്ന് സമീപകാല റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അതായത് വിപണിമൂല്യം 7,300 കോടി ഡോളറിൽ (6.10 ലക്ഷം കോടി രൂപ) എത്തിയേക്കും.

എന്തുകൊണ്ട് യൂസ്ഡ് കാറിനും പ്രിയം?
മുൻകാലങ്ങളിലെ പോലെ ഏറെ വർഷങ്ങളോ പതിറ്റാണ്ടിലധികോ ഉപയോഗിച്ച ശേഷം സെക്കൻഡ്ഹാൻഡ് വിപണിയിലെത്തുന്ന യൂസ്ഡ് കാറുകളല്ല നിലവിലെ ട്രെൻഡ്. ഒന്നോ രണ്ടോ പരമാവധി അഞ്ചോ വർഷം ഉപയോഗിച്ച കാറുകളാണ് നിലവിൽ യൂസ്ഡ് കാർ വിപണി വാഴുന്നത്. അതായത്, പുതിയ കാറിന്റെ സുഗന്ധം ഇനിയും മാറാത്ത കാർ തന്നെ യൂസ്ഡ് കാർ വിപണിയിലും കിട്ടും; അതും കുറഞ്ഞവിലയ്ക്ക്.
മാത്രമല്ല, മുൻകാലങ്ങളിലെ പോലെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നൂലാമാലകൾ ഇപ്പോൾ താരതമ്യേന കുറവുമാണെന്നത് ഉപയോക്താക്കളെ ആകർഷിക്കുന്നു. കൊവിഡിന് ശേഷം നിരവധി പേരാണ് പൊതുഗതാഗത സംവിധാനങ്ങളെ കൈവിട്ട് സ്വന്തം വാഹന സഞ്ചാരത്തിലേക്ക് വഴിമാറിയത്. ഇത്തരക്കാർ കൂടുതലായും ഉന്നമിട്ടത് യൂസ്ഡ് കാർ വിപണിയെയാണ് എന്നതും വില്പന വർദ്ധിക്കാൻ വഴിയൊരുക്കി.

കൂടുന്ന വില്പന
2022-23ലെ 51 ലക്ഷത്തിൽ നിന്ന് ഇന്ത്യയിലെ യൂസ്ഡ് കാർ വില്പന 202627ൽ 80 ലക്ഷമായും 202728ൽ ഒരുകോടിക്ക് മുകളിലായും ഉയരുമെന്നാണ് വിലയിരുത്തലുകൾ.
ലോക്കൽ ബ്രാൻഡുകൾക്ക് പുറമേ മുൻനിര വാഹന ബ്രാൻഡുകളും ഇപ്പോൾ യൂസ്ഡ് കാർ ശ്രേണിയിൽ ശ്രദ്ധചെലുത്തുന്നുണ്ട്. ഇതിൽ മാരുതിയും മഹീന്ദ്രയും ഉൾപ്പെടെയുള്ളവയുമുണ്ട്.

Advertisement
Advertisement