പച്ചത്തുരുത്ത് വ്യാപന പദ്ധതിക്ക് 5ന് തുടക്കം നാടാകെ പച്ചക്കുട ഒരുക്കും

Monday 03 June 2024 12:17 AM IST
പച്ചത്തുരുത്ത്

കണ്ണൂർ: ജില്ലയിൽ പച്ചത്തുരുത്ത് വ്യാപന പരിപാടിക്ക് ലോകപരിസ്ഥിതി ദിനമായ അഞ്ചിന് ഇരിട്ടി നഗരസഭയിലെ എടക്കാനം
റിവർ വ്യൂ പാർക്ക് പോയിന്റിൽ തുടക്കം കുറിക്കും. 24 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പുതിയ 37 ഇടങ്ങളിലാണ് പച്ചത്തുരുത്ത് ഒരുക്കുക. ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് ഒരു ഏക്കർ ഭൂമിയിലാണ് വിവിധ വൃക്ഷങ്ങൾ നട്ടുവളർത്തുക.

പൊതുസ്ഥലങ്ങളിലുൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തദ്ദേശീയമായ വൃക്ഷങ്ങളും സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക ചെറുവന മാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ജില്ലയിൽ നിലവിൽ 263 ഏക്കർ ഭൂമിയിൽ147 പച്ചത്തുരുത്തുകൾ വളരുന്നുണ്ട്. വിദ്യാലയ മുറ്റ പച്ചത്തുരുത്തുകൾ എന്ന പരിപാടിക്കും ഈ വർഷം ജില്ലയിൽ തുടക്കം കുറിക്കും. 30,000 കണ്ടൽ തൈകൾ വെച്ചു പിടിപ്പിക്കുന്നതിനും ഈ വർഷം ഹരിത കേരളം മിഷൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ആദ്യ നടീൽ നിർവ്വഹിക്കും. വൃക്ഷവത്കരണ - പാരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം നല്കിയ വ്യക്തികളെയും സംഘടനകളെയും ആദരിക്കും. ഓർമ്മമരം പരിപാടിയുടെ 2024 വർഷത്തെ ഉദ്ഘാടനവും നടക്കും. ജില്ലാതല ഉദ്ഘാടനത്തിന് പുറമേ വിവിധ തദ്ദേശ ഭരണ സ്ഥാപന തലങ്ങളിലും ഉദ്ഘാടന പരിപാടികൾ നടക്കും.

ചെറുകാടുകൾ സൃഷ്ടിച്ചെടുക്കും

പ്രതികൂല കാലാവസ്ഥയുൾപ്പെടെ വിവിധ കാരണങ്ങളാൽ നാശം നേരിട്ട പച്ചത്തുരുത്തുകളുടെ പുനഃസൃഷ്ട‌ിക്കായി പുതിയ തൈകൾ വച്ചുപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഒഴിഞ്ഞു കിടക്കുന്ന പൊതു-സ്വകാര്യ സ്ഥലങ്ങൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ സ്ഥലങ്ങൾ, തരിശു ഭൂമി എന്നിവിടങ്ങളിൽ പ്രാദേശികമായി വളരുന്ന ചെടികൾ നട്ടു വളർത്തി പ്രാദേശിക ജൈവവൈവിധ്യം സാദ്ധ്യമാക്കുന്ന ചെറുകാടുകൾ സൃഷ്ടിച്ചെടുക്കുകയാണ് പച്ചത്തുരുത്ത് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അര സെന്റു മുതൽ എത്ര വിസ്തൃതിയിലും പച്ചത്തുരുത്ത് നിർമ്മിച്ചെടുക്കാം. തുടക്കം മുതലും തുടർന്നുള്ള പരിപാലനത്തിനും ജനകീയ പങ്കാളിത്തമുണ്ടാവും. ജനങ്ങളിൽ നിന്നും നാടൻ വൃക്ഷത്തൈകളുടെ ശേഖരണം, പരസ്പരം തൈകൾ കൈമാറാനുള്ള പരിപാടി എന്നിവയും സംഘടിപ്പിക്കും.

1000 പച്ചത്തുരുത്തുകൾ

1000ത്തിലധികം പുതിയ പച്ചത്തുരുത്തുകൾ ആരംഭിക്കാനാണ് ഹരിതകേരളം മിഷൻ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒരു ഗ്രാമപഞ്ചായത്ത്-നഗരസഭയിൽ ഒന്നു വീതം എന്ന തോതിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകൾ നടും. ഇതിനു പുറമേ സംസ്ഥാനത്തെ 405 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 870 പുതിയ പച്ചത്തുരുത്തുകൾക്കും തുടർന്നുള്ള ദിവസങ്ങളിൽ തുടക്കമാകും. പുതിയ പച്ചത്തുരുത്തുകളിൽ 203 എണ്ണവും കാസർകോട് ജില്ലയിലാണ്.

Advertisement
Advertisement