ചങ്ങാത്തത്തിൽ പൊലീസിന് ജാഗ്രത വേണം: മുഖ്യമന്ത്രി

Monday 03 June 2024 12:00 AM IST

തൃശൂർ: ആരോട് ചങ്ങാത്തം ഉണ്ടാകണമെന്നും ആരോട് വേണ്ടെന്നുമുള്ളതിൽ പൊലീസിന് ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശീലനം പൂർത്തിയാക്കിയ 448 സേനാംഗങ്ങളുടെ പാസിംഗ് ഔട്ടിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പരാതിയുമായി സ്റ്റേഷനിൽ വരുന്നവർക്ക് പരിഹാരമായി എന്ന ആത്മവിശ്വാസത്തോടെ തിരിച്ചുപോകാൻ സാധിക്കണം. ചെയ്യേണ്ടതും ചെയ്യരുതാത്തതും തിരിച്ചറിയണം.

കൂടുതൽ വനിതകളെ ഇനിയും സേനയിലേക്ക് എടുക്കും. ഇവർക്ക് സേനയ്ക്കുള്ളിൽ മികച്ച അവസരം നൽകും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1308 വനിതകളെ സേനയിലെടുത്തു. ഈ സർക്കാർ ഇതുവരെ 1213 വനിതകൾക്ക് നിയമനം നൽകി. മികച്ച പരിശീലനം പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താൻ സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


290 വനിതകൾ

കേരള ആംഡ് വനിതാ പൊലീസ് ബറ്റാലിയനിലെ 290 വനിതകളും കെ.എ.പി അഞ്ചാം ബറ്റാലിയനിലെ 158 പുരുഷന്മാരും അടക്കം 448പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ശ്രീക്കുട്ടി എം.എസ് പരേഡ് കമാൻഡറും അമൽ രാജു സെക്കൻഡ് കമാൻഡറുമായി. മികച്ച ഇൻഡോർ കേഡറ്റായി എം.എസ്.രേണുക, അമിത്ത് ദേവ് എന്നിവരും ഷൂട്ടറായി കെ.എ.ഐശ്വര്യ, അഫിൻ ബി.അജിത്ത് എന്നിവരും ഔട്ട് ഡോർ കേഡറ്റായി എം.എസ്.ശ്രീക്കുട്ടി, അമൽ രാജു എന്നിവരും ഓൾ റൗണ്ടർമാരായി എം.എസ്.ശ്രീക്കുട്ടി, സൂരജ് ബാബുരാജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

23 പേർക്ക് ബി.ടെക് യോഗ്യത
വനിത പൊലീസ് ബറ്റാലിയൻ 19 എ ബാച്ചിൽ എം.ഫിൽ യോഗ്യതയുള്ള ഒരാളുണ്ട്. എം.ബി.എ യോഗ്യതയുള്ള ആറുപേർ. എം.സി.എ യോഗ്യതയുള്ള നാലുപേർ. എം.ടെക് യോഗ്യതയുള്ള ഒരാൾ. ബി.ടെക് യോഗ്യതയുള്ളവർ 23. ബിരുദാനന്തര ബിരുദമുള്ളവർ 84 പേർ.

Advertisement
Advertisement