ഐ.എ.എസുകാരന്റെ മീൻ റസ്റ്റോറന്റ് സൂപ്പർ

Monday 03 June 2024 12:00 AM IST
മീമീ ഹോട്ടലിൽ പാചകത്തിനിടയിൽ അലി അസ്ഗർ പാഷ

കൊച്ചി: നല്ല മീൻ വാങ്ങി വറുത്തും കറിവച്ചും പരിചയക്കാർക്കെല്ലാം വിളമ്പുക. അതായിരുന്നു ഐ.എ.എസ് ജോലിക്കാലത്ത് അലി അസ്ഗർ പാഷയുടെ ഹോബി. 2023 ജൂലായ് 31ന് ഭക്ഷ്യവകുപ്പ് സെക്രട്ടിയായി വിരമിച്ചതോടെ തന്റെ കൈപ്പുണ്യം എല്ലാവർക്കും പകർന്നു നൽകാനായി ഒരു മീൻ റസ്റ്റോറന്റു തുടങ്ങി. വല്ലാർപാടം കണ്ടെയ്നർ റോഡിലെ 'മീമീ".

കെ.ടി.ഡി.സിയെ ലാഭത്തിലാക്കുകയും സപ്ലൈകോയുടെ ടെൻഡറും പർച്ചേസും സുതാര്യമാക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് അലി. അടച്ചിട്ടിരുന്ന ചെന്നൈ റെയിൻ ഡ്രോപ്സ് കെ.ടി.ഡി.സി ഹോട്ടൽ പണിതീർത്തു തുറപ്പിച്ച് ഒരു കോടി രൂപ ലാഭത്തിലാക്കിയത് അലിയാണ്. 2023 ജൂലായ് 31ന് ഭക്ഷ്യവകുപ്പ് സെക്രട്ടിയായി വിരമിച്ചശേഷം റിപ്പബ്ലിക് ദിനത്തിലാണ് 'മീമീ" തുടങ്ങിയത്.

വടവൃക്ഷവും കണ്ടൽച്ചെടികളുമുള്ള പുരയിടം പാട്ടത്തിനെടുത്ത് അതിൽ 65 വർഷം പഴക്കമുള്ള കെട്ടിടം പുതുക്കി ഹോട്ടലാക്കി. ബഹുരാഷ്ട്ര കമ്പനിയിൽ നിന്ന് വിരമിച്ച സാഷ ബെൻസി ബിസിനസ് പങ്കാളിയായി. ജീവനക്കാരായി സമീപവാസികൾ. ഇവിടെ ഏറ്റവും ഡിമാൻഡ് ഞണ്ട് റോസ്റ്റിനും നെയ്ച്ചാള വറുത്തതിനുമാണ്.വാടാനപ്പള്ളി സ്വദേശിയായ പാഷ വൈറ്റിലയിലാണ് താമസം. ഭാര്യ സാജിദ ഡൽഹി സ‌ർകലാശാലയുടെ ബംഗളൂരു ക്യാമ്പസിൽ അദ്ധ്യാപിക. മക്കൾ: കാലിഫ്, ടാനിയ.

വയനാടൻ മുളക്, വെളിച്ചെണ്ണ

വയനാടൻ കുരുമുളകും വയനാടൻ മഞ്ഞളും തൂത്തുക്കുടി ഉപ്പും ചേർത്ത് ഓണാട്ടുകര വെളിച്ചെണ്ണയിലാണ് പാചകം. സോളാറിലാണ് പ്രവർത്തനം. ഡൈനിംഗ് ഏരിയയ്ക്ക് ചുവരുകളില്ല. കാറ്റും വെളിച്ചവും ധാരാളം. പ്ലാസ്റ്റിക്ക് വ‌ർജ്യം.

പാഷയുടെ അതിഥികൾ

സർവീസിലിരിക്കെ ക്വാർട്ടേഴ്സിൽ രുചിനോക്കാൻ ചീഫ് സെക്രട്ടറി വി. വേണു, മഹേഷ്‌കുമാർ സിംഗ്ല ഐ.പി.എസ് തുടങ്ങിവർ പതിവ് സന്ദർശകരായിരുന്നു. തന്റെ യാത്രഅയപ്പ് നടന്ന തലസ്ഥാനത്തെ ഹോട്ടലിലേക്ക് പാഷ മീൻ വറുത്തു കൊണ്ടുപോയി ഭക്ഷ്യമന്ത്രിക്കടക്കം നൽകി.

മീമീയുടെ കഥ

വീട്ടുകാരെ കാണാൻ ബംഗളൂരുവിൽ പോകുമ്പോൾ അലി അസ്ഗറിന്റെ ലഗേജിൽ കിലോക്കണക്കിന് മീൻ നന്നാക്കി അരപ്പുപുരട്ടി തണുപ്പിച്ചതുണ്ടാകും. അതിനാൽ ബന്ധുക്കളുടെ കുട്ടികൾ 'മീമിക്ക" എന്നു വിളിക്കും. അതിൽനിന്നാണ് ഹോട്ടലിന് പേരുവന്നത്.

Advertisement
Advertisement