ഫിറ്റ്നസ് ടെസ്റ്റിൽ തോറ്റ് 3,400 സ്കൂൾ ബസുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് നടത്തിയ സ്കൂൾ വാഹനങ്ങളുടെ പരിശോധനയിൽ 3,400 ബസുകൾക്ക് നിഷ്കർഷിച്ചിട്ടുള്ള ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തി. ഈ വാഹനങ്ങളെ വീണ്ടും ഫിറ്റ്നസ് ടെസ്റ്റിനു വിധേയമാക്കണമെന്ന് ഉദ്യോഗസ്ഥർ സ്കൂൾ അധികൃതരോട് നിർദ്ദേശിച്ചു.
തേഞ്ഞ ടയറുകൾ, പ്രവർത്തിക്കാത്ത സിഗ്നൽ ലൈറ്റുകൾ, ശരിയായി അടയാത്ത വാതിലുകൾ തുടങ്ങിയ കുറവുകൾ കണ്ടെത്തിയ ബസുകളെയാണ് കുറവുകൾ നികത്തി വീണ്ടും ഫിറ്റ്നസിന് ഹാജരാക്കാൻ നിർദ്ദേശിച്ചത്.
ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതിൽ ഏറെയും സർക്കാർ സ്കൂളുകളിലെ വാഹനങ്ങളാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് കാരണമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ചില സ്കൂളുകൾ ബസുകളെ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തിച്ചില്ലെന്നും എം.വി.ഡി കണ്ടെത്തിയിട്ടുണ്ട്. ഫിറ്റ്നസ് തെളിയിക്കാത്തതും പരിശോധനയ്ക്ക് വിധേയമാക്കാത്തതുമായ ബസുകളെ കുട്ടികളുമായി സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
വിദ്യാവാഹനോട്
മുഖം തിരിക്കുന്നു
കുട്ടികൾ സഞ്ചരിക്കുന്ന സ്‌കൂൾ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ച 'വിദ്യാ വാഹൻ ആപ്പും' എല്ലാ സ്കൂൾ ബസിലും ഏർപ്പെടുത്തിയിട്ടില്ല.രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത് വിദ്യാലയ അധികൃതരാണ്. ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാനും കഴിയും. എന്നാൽ പല സ്കൂൾ അധികൃതരും ഇതിന് മടി കാണിക്കുകയാണ്.
രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് അയച്ചു കഴിഞ്ഞാൽ വൈകിട്ട് അവർ തിരികെ എത്തും വരെയുള്ള മാതാപിതാക്കളുടെ ആശങ്കയ്ക്ക് വിരാമം കുറിക്കാനായാണ് മോട്ടോർ വാഹന വകുപ്പ് 'വിദ്യാ വാഹൻ' ആപ്പ് അവതിപ്പിച്ചത്. ജി.പി.എസ് സംവിധാനം ഉപയോഗിച്ച് തന്റെ കുട്ടി സഞ്ചരിക്കുന്ന സ്‌കൂൾ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിനാണ് ഈ ആപ്പ്. വിദ്യാവാഹൻ നിർബന്ധമാക്കിയെന്നും ഏർപ്പെടുത്തിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
സ്കൂളുകളിൽ വിദ്യാർത്ഥികളെ എത്തിക്കുന്ന കരാർ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടന്നിട്ടില്ല. ഈ വാഹനങ്ങളിലും വിദ്യാവാഹൻ സേവനം ഏർപ്പെടുത്തണമെന്ന് എം.വി.ഡി സ്കൂൾ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ അതിർത്തികളിലെ സ്കൂളുകളിൽ അതത് സ്റ്റേഷനിലെ പൊലീസ് പരിശോധന നടത്തി 'സ്കൂൾ ഡ്യൂട്ടി' എന്ന പൊലീസിന്റെ സ്റ്റിക്കർ വാഹനങ്ങളിൽ പതിക്കും.
കുട്ടികളിൽ നിന്നല്ലാതെ പി.ടി.എ ഫണ്ട് പിരിക്കരുത്: മന്ത്രി
പ്രത്യേക ലേഖകൻ
കൊച്ചി: അദ്ധ്യാപക രക്ഷാകർതൃസമിതികളെ (പി.ടി.എ) പരമാധികാരികളായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. സർക്കാർ മാർഗനിർദ്ദേശപ്രകാരം പ്രവർത്തിക്കണം കുട്ടികളിൽ നിന്നല്ലാതെ പി.ടി.എ ഫണ്ട് പിരിക്കാൻ പാടില്ല. എൽ.പിയിൽ 10രൂപ, യു.പി 25, ഹൈസ്കൂൾ 50, ഹയർ സെക്കൻഡറി- വൊക്കേഷണൽ ഹയർ സെക്കൻഡറി 100രൂപ വീതമാണ് പി.ടി.എ ഫീസ്. പട്ടികജാതി, പട്ടികവർഗം, സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് പി.ടി.എ അംഗത്വ ഫീസ് നിർബന്ധമല്ല. ഉച്ചഭക്ഷണ പദ്ധതിക്ക് നൽകുന്ന തുക വർദ്ധിപ്പിക്കും. പാലിനും മുട്ടയ്ക്കുമായി 232 കോടി അനുവദിച്ചു.
2024-25 അദ്ധ്യയന വർഷം ആകെ കുട്ടികൾ പ്രീ പ്രൈമറി.......................................... 1,34,763 പ്രൈമറി................................................ 11,59,652 അപ്പർ പ്രൈമറി.................................... 10,79,019 ഹൈസ്കൂൾ........................................ 12,09,882 പ്ലസ് ടു .................................................. 3,83,515 വി.എച്ച്.എസ്.ഇ രണ്ടാംവർഷം.......... 28,113 ആകെ.................................................... 39,94,944
11,19,380 സർക്കാർ സ്കൂളിലെ കുട്ടികൾ
20,30,091 എയ്ഡഡ് സ്കൂളുകളിൽ
2,99,082 അൺ എയ്ഡഡിൽ