യൂറോപ്പിൽ റയലല്ലാതാര് ?

Sunday 02 June 2024 11:50 PM IST

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ കിരീടം റയൽ മാഡ്രിഡിന്

ഫൈനലിൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ 2-0ത്തിന് കീഴടക്കി

റയലിന്റെ 15-ാമത് ചാമ്പ്യൻസ് ലീഗ് കിരീടം

ലണ്ടൻ : യൂറോപ്പിന്റെ ഫുട്ബാൾ ചക്രവർത്തിമാർ തങ്ങൾ തന്നെയെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിന്റെ തേരോട്ടം. കഴിഞ്ഞരാത്രി ന‌ടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ട് ഉയർത്തിയ വെല്ലുവിളി മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് മറികടന്ന റയൽ മുത്തമിട്ടത് തങ്ങളുടെ 15-ാമത് കിരീടത്തിലാണ്. ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളെന്ന തങ്ങളുടെ തന്നെ റെക്കാഡാണ് ഇംഗ്ളണ്ടിലെ വിഖ്യാതമായ വെംബ്ളി സ്റ്റേഡിയത്തിൽ റയൽ മാഡ്രിഡിന്റെ മജീഷ്യന്മാർ തിരുത്തിയെഴുതിയത്. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 74-ാം മിനിട്ടിൽ ഡാനി കർവഹായലും 83-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറുമാണ് റയലിനായി വലകുലുക്കിയത്.

ആദ്യ പകുതിയിൽ ഡോർട്ടുമുണ്ടുകാരുടെ ആക്രമണങ്ങൾക്കാണ് വെംബ്ളി സാക്ഷ്യം വഹിച്ചത്.വിംഗർ കരിം അഡ്യേമിയും സ്ട്രൈക്കർ നിക്ളാസ് ഫുൾക്രഗും ചേർന്ന് റയൽ മുഖത്തെ വിറപ്പിച്ചെങ്കിലും ഫിനിഷിംഗിൽ പിഴച്ചു.20-ാംമിനിട്ടിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച സുവർണാവസരം അഡ്യേമി പാഴാക്കിയപ്പോൾ 23-ാം മിനിട്ടിൽ ഫുൾക്രഗിന്റെ ഷോട്ട് പോസ്റ്റിൽതട്ടി പോയിരുന്നു. മറുവശത്ത് പന്ത് ഹോൾഡ് ചെയ്ത് കളിച്ച റയലിനെ തങ്ങളുടെ ബോക്സിലേക്ക് അടുപ്പിക്കാതെ ഡോർട്ട്മുണ്ടിന്റെ പ്രതിരോധം കോട്ടകെട്ടി. റയലിന്റെ ഇംഗ്ളീഷ് താരം ജൂഡ് ബെല്ലിംഗ്ഹാമിനെ ആദ്യ പകുതിയിൽ അനങ്ങാൻ വിടാതെ തളച്ച ഡോർട്ടുമുണ്ടുകാരെ അൽപ്പമെങ്കിലും ബുദ്ധിമുട്ടിച്ചത് വീനീഷ്യസാണ്.

രണ്ടാം പകുതിയിൽ പക്ഷേ റയൽ തങ്ങളുടെ തനിനിറം പുറത്തെടുത്തു. വലതുവിംഗിൽ റോഡ്രിഗോയും മിഡ്ഫീൽഡിൽ കർവഹായലും നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു. അതിനിടയിൽ ബൊറൂഷ്യയുടെ ആക്രമണങ്ങളെ മികച്ച സേവുകളുമായി റയൽ ഗോളി തിബോ കോട്വാ തടുക്കുകയും ചെയ്തു. ഒരു കോർണർ കിക്കിൽ നിന്ന് കർവഹായൽ ആദ്യ ഗോൾ നേടിയതോടെ റയൽ പ്രതിരോധത്തിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും ആക്രമണം തന്നെ മികച്ച പ്രതിരോധം എന്ന് ചിന്തിച്ച റയൽ കോച്ച് കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങൾ ഡോർട്ട്മുണ്ടിനെ സമ്മർദ്ദത്തിലാഴ്ത്തി. ഒരു ഗോൾ നേടിയശേഷം അടുത്തതിനായി തുരുതുരാ ശ്രമങ്ങൾ നടത്തിയ റയലിനായി വിനീഷ്യസ് ലക്ഷ്യം കാണുകതെ ചെയ്തു. ഇതോടെ ഡോർട്ട്മുണ്ട് തോൽവി ഉറപ്പിച്ച മട്ടായി. അവസാന മിനിട്ടിൽ ബൊറൂഷ്യ റയലിന്റെ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. വെംബ്ളിയിൽ ഫൈനൽ വിസിൽ മുഴങ്ങിയതും ആരാധകരുടെ ആരവങ്ങൾക്കിടയിൽ റയൽ താരങ്ങളുടെ ആഹ്ളാദക്കൊടിയേറ്റമായിരുന്നു.

Advertisement
Advertisement