ആദ്യ പോരാട്ടത്തിനൊരുങ്ങി ലങ്കയും ദക്ഷിണാഫ്രിക്കയും

Sunday 02 June 2024 11:53 PM IST

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. ഇന്ത്യൻ സമയം രാവിലെ ആറിന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ നമീബിയ ഒമാനെ നേരിടുമ്പോൾ രാത്രി എട്ടിനുള്ള മത്സരത്തിൽ ഡി ഗ്രൂപ്പിലെ കരുത്തരായ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.

ചെറു ഫോർമാറ്റിലെ മുൻ ലോകകപ്പ് ജേതാക്കളാണ് ശ്രീലങ്ക. 2014ലെ ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് ലങ്ക കിരീടം നേടിയിരുന്നത്. ദക്ഷിണാഫ്രിക്ക ഒരു ഫോർമാറ്റിലും ഇതുവരെ ലോകകപ്പ് നേടാത്തവരും.

കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും സെമിഫൈനൽ പോലും കാണാൻ കഴിയാത്ത ടീമുകളാണ് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും. ഇക്കുറി ആ കടമ്പ കടക്കുകയാണ് ഇരുടീമുകളുടെയും ആദ്യ ലക്ഷ്യം.

സ്പിന്നർ വാനിന്ദു ഹസരംഗയുടെ നേതൃത്വത്തിലാണ് ലങ്ക ഇറങ്ങുന്നത്. ചരിത് അസലങ്കയാണ് വൈസ് ക്യാപ്ടൻ. കുശാൽ മെൻഡിസ്,പാത്തും നിസംഗ, സമരവിക്രമ,ധനഞ്ജയ ഡിസിൽവ,ഏഞ്ചലോ മാത്യൂസ്,ദാസുൻ ഷനക,മതീഷ പതിരാണ, മഹീഷ് തീഷണ,മധുശങ്ക തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ക്രിക്കറ്റ് കൺസൾട്ടന്റായ മുൻ നായകൻ സനത് ജയസൂര്യയും ടീമിനൊപ്പമുണ്ട്.

എയ്ഡൻ മാർക്രമിന്റെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പരിചയ സമ്പന്നരായ ക്വിന്റൺ ഡികോക്ക്, ഹെൻറിച്ച് ക്ളാസൻ,ഡേവിഡ് മില്ലർ, റീസ ഹെൻറിക്സ്,മാർക്കോ യാൻസൻ, കേശവ് മഹാരാജ്, അൻറിച്ച് നോർക്യേ, തബാരേസ് ഷംസി, കാഗിസോ റബാദ എന്നിവർക്കൊപ്പം ജെറാൾഡ് കോറ്റ്സെയും ട്രിസ്റ്റൺ സ്റ്റബ്സും ദക്ഷിണാഫ്രിക്കൻ നിരയിലുണ്ട്.

ഇന്നത്തെ മത്സരങ്ങൾ

നമീബിയ Vs ഒമാൻ

6 am മുതൽ

ശ്രീലങ്ക Vs ദക്ഷിണാഫ്രിക്ക

8 pm മുതൽ

സ്റ്റാർ സ്പോർട്സിൽ ലൈവ്

Advertisement
Advertisement