പി.എസ്.സി ചെയർമാന്റെ ശമ്പളം നാലു ലക്ഷമാക്കാൻ നീക്കം

Monday 03 June 2024 2:06 AM IST

# അംഗങ്ങൾക്ക് 3.75 ലക്ഷം
# 8 വർഷത്തെ മുൻകാല പ്രാബല്യം

തിരുവനന്തപുരം: സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർദ്ധിപ്പിക്കാൻ നീക്കം.

ചെയർമാന്റെ ശമ്പളം 2.24 ലക്ഷത്തിൽ നിന്ന് നാലു ലക്ഷമായും അംഗങ്ങളുടേത് 2.19 ലക്ഷത്തിൽ നിന്ന് 3.75 ലക്ഷമായും ഉയർത്താനാണ് ധനവകുപ്പ് നടപടി തുടങ്ങിയത്.

ചെയർമാന്റെ പെൻഷൻ 1.25 ലക്ഷം രൂപയിൽ നിന്ന് 2.5 ലക്ഷമായും അംഗങ്ങളുടേത് 1.20 ലക്ഷത്തിൽ നിന്ന് 2.25 ലക്ഷമായും ഉയർത്താനും ശുപാർശയുണ്ട്. 2016 മുതൽ മുൻകാലപ്രാബല്യം നൽകണമെന്നും നിർദേശമുണ്ട്.

21 അംഗങ്ങളാണ് പി.എസ്.സിയിലുള്ളത്. മൂന്ന് ഒഴിവുകൾ നികത്താത്തതിനാൽ 17 പേരാണ് നിലവിലുള്ളത്.

കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഫയൽ പരിഗണനയ്ക്ക് വന്നെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ശുപാർശ ഒന്നുകൂടി പരിശോധിച്ച് തീരുമാനമെടുക്കാമെന്ന ധാരണയിൽ മടക്കി. എന്നാൽ, നടപടികളുമായി മുന്നോട്ടു പോകാനാണ് ധനവകുപ്പിന്റെ തീരുമാനം.

പ്രതിവർഷം നാലു കോടിയുടെയെങ്കിലും അധിക ബാദ്ധ്യതയുണ്ടാവും.

പി.എസ്.സി. ചെയർമാനും അംഗങ്ങൾക്കും ഏകീകരിച്ച ശമ്പളം നൽകി ഡി.എ ഒഴിവാക്കണമെന്ന് ധനവകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രനിരക്കിൽ ജില്ലാ ജഡ്ജിമാർക്ക് ശമ്പളത്തോടൊപ്പം ഡി.എയും നൽകുന്നതുപോലെ പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും നൽകാവുന്നതാണെന്ന 2007ലെ സർക്കാർ ഉത്തരവ് ബാധകമാക്കാമെന്ന മറുവാദവും ഫയലിൽചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദേശീയ തലത്തിൽ ജോലിക്കുള്ള മത്സര പരീക്ഷകൾ യഥാസമയം നടത്തി നിശ്ചിത സമയത്ത് ഫലപ്രഖ്യാപനം നടത്തുന്ന യൂണിയൻ പബ്ളിക് സർവീസ് കമ്മിഷനിൽ (യു.പി.എസ്.സി ) ഒമ്പത് അംഗങ്ങളേയുള്ളൂ.

# ഭരണഘടനാ പദവി

പി.എസ്.സി. ചെയർമാനും അംഗങ്ങളും ഭരണഘടനാ പദവി വഹിക്കുന്നവരായതിനാൽ കേന്ദ്രസർക്കാരിലെ സമാന തസ്തികയുമായി ചേർന്നുപോകുന്നതാകണം ശമ്പളവും ആനുകൂല്യങ്ങളുമെന്നതാണ് ശമ്പളവർദ്ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സെലക്ഷൻ ഗ്രേഡ്ജില്ലാ ജഡ്ജിയുടേതിന് സമാനമാണ് പി.എസ്.സി അംഗങ്ങളുടെ ശമ്പളം.

50% സർക്കാർ ഉദ്യോഗസ്ഥർ

ആകെ അംഗസംഖ്യയുടെ 50 ശതമാനം സർക്കാർ സർവീസിൽ നിന്നാണ്. അവർക്ക് 10 വർഷം സർവീസ് ഉണ്ടായിരിക്കണം. ബാക്കി രാഷ്ട്രീയ നിയമനമാണ്. നിലവിൽ ചെയർമാൻ ഉൾപ്പെടെ 17 അംഗങ്ങൾ. ഇതിൽ 11 പേർ സർക്കാർ സർവീസിൽ നിന്നുള്ളവരാണ്. മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുന്നു.

Advertisement
Advertisement