വിദ്യാലയങ്ങൾ ഉണർന്നു; സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

Monday 03 June 2024 9:56 AM IST

എളമക്കര: സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി രാജീവും മറ്റ് ജനപ്രതിനിധികളും വിശിഷ്‌ടാതിഥികളായി.

രാവിലെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിച്ചു. മന്ത്രിമാർ ചേർന്ന് കുരുന്നുകൾക്ക് മധുരം നൽകി. ശേഷം മുഖ്യമന്ത്രി കുട്ടികൾക്കായി പുത്തൻ ബാഗുകളും മറ്റ് പഠന സാധനങ്ങളും കൈമാറി. തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നു.

എംപിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ ആന്റണി ജോൺ, അനൂപ് ജേക്കബ്, കെ ബാബു, കെജെ മാക്‌സി, മാത്യു കുഴൽനാടൻ, പിവി ശ്രീനിജൻ, ഉമ തോമസ്, കെഎൻ ഉണ്ണികൃഷ്‌ണൻ, ടിജെ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മേയർ അഡ്വ. എം അനിൽകുമാർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

2,44,646 കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ആകെ 39,94,944 വിദ്യാർത്ഥികളാണ് സ്‌കൂളിൽ എത്തിയിരിക്കുന്നത്. സ്‌കൂൾ സൗകര്യങ്ങളും പഠനനിലവാരവും വർദ്ധിപ്പിക്കാൻ വിവിധ പരിപാടികൾ നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പാഠപുസ്തകമടക്കം വിതരണം പൂർത്തിയായി. എൽ പി, യു പി സ്‌കൂളുകളിലെ ഒമ്പത് ലക്ഷം വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോമിന്റെ വിതരണവും അന്തിമഘട്ടത്തിലാണ്. കമ്പ്യൂട്ടർ സംവിധാനങ്ങളുടെ സഹായത്തോടെ അദ്ധ്യാപകർക്ക് പരിശീലനം നൽകിയ ആദ്യ സംസ്ഥാനമാണ് കേരളം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പരിശീലനം 80,000 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് നൽകി.

Advertisement
Advertisement