'എക്‌സിറ്റ് പോളിനെതിരായാണ് പലപ്പോഴും ഫലം വന്നിട്ടുള്ളത്'; വടകരയിൽ വിജയം ഉറപ്പെന്ന് കെകെ ശൈലജ

Monday 03 June 2024 12:33 PM IST

കണ്ണൂർ: വടകരയിൽ വിജയിക്കുമെന്ന് ഉറച്ച് ഇടത് സ്ഥാനാർത്ഥി കെകെ ശൈലജ. വടകരയിൽ തോൽക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും കെകെ ശൈലജ പ്രതികരിച്ചു.

ഭൂരിപക്ഷത്തെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് നടക്കാൻ പാടില്ലാത്ത ധ്രുവീകരണ പ്രവർത്തനങ്ങളാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒരു ഭാഗത്ത് വോട്ട് പർച്ചേസിനുള്ള ശ്രമങ്ങൾ നടന്നുവെന്നും ശൈലജ കുറ്റപ്പെടുത്തി. എക്‌സിറ്റ് പോൾ പൂർണമായി വിശ്വസിക്കാൻ കഴിയില്ല. പലപ്പോഴും എക്‌സിറ്റ് പോളിന് എതിരായിട്ടാണ് ഫലം വന്നിട്ടുള്ളത്. ഇടതുപക്ഷത്തിന് നല്ല വിജയം ഉണ്ടാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ എന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു.

'എക്‌സിറ്റ് പോൾ നടത്തിയവർക്ക് ഭ്രാന്ത്'; എം വി ഗോവിന്ദൻ

എക്‌സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്താണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എക്‌സിറ്റ് പോൾ ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎമ്മിന്റെ വിലയിരുത്തൽ അനുസരിച്ച് 12 സീറ്ര് കിട്ടുമെന്നാണ് നിഗമനം. അതുതന്നെ കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ആ വിലയിരുത്തലിൽ മാറ്റമില്ല. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്തും തൃശൂരും ബിജെപി ജയിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന് ചില സർവേകൾ ഉണ്ടല്ലോ എന്ന ചോദ്യത്തോട് പൊട്ടിച്ചിരിച്ചു.

എൽഡിഎഫിന് പൂജ്യം, യുഡിഎഫിന് 20 എന്നതായിരുന്നു താൻ പ്രതീക്ഷിച്ച എക്സിറ്റ് പോൾ‌ സർവേ. എന്നാൽ ബിജെപിക്കും കൂടി ഇടം കൊടുത്താണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. ഇതിലൊന്നും വലിയ കാര്യമില്ല. നാലാം തീയതി കാണാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

Advertisement
Advertisement