കേരളത്തിൽ ജയിലില്ലാത്ത ഒരു ജില്ലയുണ്ടെന്നറിയാമോ? കുറ്റവാളികളില്ലാഞ്ഞിട്ടല്ല, പ്രശ്‌നം മറ്റൊന്ന്
പത്തനംതിട്ട : ആദ്യഘട്ടം പൂർത്തിയായി മൂന്ന് വർഷം കഴിഞ്ഞിട്ടും ജില്ലാ ജയിലിന്റെ രണ്ടാംഘട്ട നിർമ്മാണം ഇതുവരെയും തുടങ്ങിയില്ല. ഒന്നാംനില പൂർത്തിയായപ്പോൾ 5.5 കോടി രൂപ ചെലവായി. രണ്ടും മൂന്നും നിലകളുടെ നിർമ്മാണത്തിനായി 12.5 കോടി രൂപയുടെ എസ്റ്റിമേറ്റും ഒരുക്കിയിട്ടുണ്ട്. എന്നാൽ ഏഴ് കോടി രൂപ മാത്രമാണ് ശേഷിക്കുന്ന പണികൾക്കായി അനുവദിച്ചത്. ഇത് പ്രതിസന്ധിക്ക് കാരണമായി. തുടക്കത്തിൽ ആകെ 13.8 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്.
2018 ൽ ജയിലിന്റെ പ്രവർത്തനം നിലച്ചു
കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 2018 ആഗസ്റ്റിലാണ് ജില്ലാ ജയിലിന്റെ പ്രവർത്തനം നിലച്ചത്. തടവുകാരെ മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലേക്ക് മാറ്റി. ജയിൽ പ്രവർത്തനം നിറുത്തി മാസങ്ങൾക്ക് ശേഷം 2019 മാർച്ചിലാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. പാറകൾ നിറഞ്ഞ സ്ഥലമായതിനാൽ സീവേജ് പ്ലാന്റ് നിർമ്മിക്കാൻ ആദ്യ പ്ലാനിൽ മാറ്റം വരുത്തേണ്ടിവന്നു.
ഇരട്ട സെല്ല് 19, സിംഗിൾ 17
മൂന്ന് നിലകളിലായി 19 ഇരട്ടസെല്ലും 17 സിംഗിൾ സെല്ലുമാണുള്ളത്. ഒരു ഇരട്ട സെല്ലിൽ പത്തുപേരെയും ഒരു സിംഗിൾ സെല്ലിൽ അഞ്ചുപേരേയും പാർപ്പിക്കാം. 13 കോടതികളിൽ നിന്ന് റിമാൻഡ് ചെയ്യുന്നവരെ ഇവിടെയാണ് പാർപ്പിക്കുന്നത്.
ജയിൽ കെട്ടിടം: 82 സെന്റിൽ,
വിസ്തീർണം : 5269 സ്‌ക്വയർ മീറ്റർ.
പി.ഡബ്ല്യൂ.ഡി ബിൽഡിംഗ്സ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
പുതിയ കെട്ടിടത്തിൽ 180 തടവുകാരെ ഒരേസമയം പാർപ്പിക്കാം
പണമില്ലാതെ പണി മുടങ്ങി
രണ്ടാംഘട്ട നിർമ്മാണത്തിനായി എസ്റ്റിമേറ്റ് പുതുക്കി തയ്യാറാക്കിയെങ്കിലും പണം ഇല്ലാത്ത കാരണത്താൽ പണികൾ വൈകി. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ സാങ്കേതിക അനുമതി ലഭ്യമായി ടെൻഡർ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്.
പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാലാണ് താമസം നേരിടേണ്ടി വരുന്നത്. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
ജയിൽ അധികൃതർ