ഒരു മഴ പെയ്താൽ ജനം ദുരിതത്തിൽ ,​ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Monday 03 June 2024 7:16 PM IST

കൊച്ചി : കൊച്ചിയിലെ കാനകൾ ശുചീകരിക്കുന്നതിലെ വീഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമശനവുമായി ഹൈക്കോടതി. ഒരു മഴ പെയ്താൽ തന്നെ ജനം ദുരിതത്തിലാണ്. സർക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ് മടുത്തുവെന്നും കോടതി അഭിപ്രായപ്പെട്ടു. അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന ചോദിച്ച കോടതി ഇതിനൊക്കെ ഒരു മാസ്റ്റർപ്ലാൻ വേണ്ടെയെന്നും കൂട്ടിച്ചേർത്തു.

നാളെ വോട്ടെണ്ണൽ ആണെന്ന് കരുതി കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ മാറ്റിവയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുന്നതിനെടായാണ് കോടതിയുടെ വിമർശനം.


മാലിന്യവും കനാലുകളിലെ ചെളിയും നീക്കുന്നത് അടക്കമുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ തവണ ഭേദപ്പെട്ട രീതിയിൽ മഴക്കാലപൂർവ മാലിന്യനീക്കം നടന്നിരുന്നു. എന്നാൽ അത് ഇത്തവണ ഉണ്ടായില്ല. ഇപ്പോഴാണ് ആ ജോലികൾ നടന്നുവരുന്നത്. മാലിന്യം വലിച്ചെറിയുന്നതിനെതിരെ നടപടികൾ ഉണ്ടാവണം. വ്യക്തിയോ സ്ഥാപനമോ ആകട്ടെ,​ മാലിന്യം വലിച്ചെറിയുന്നതിനെതിരെ കോർപ്പറേഷൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജനങ്ങൾ ഇതൊക്കെ വിശ്വസിച്ച് സഹിച്ച് എന്നും മിണ്ടാതിരിക്കും എന്ന് കരുതരുത്. വേറെ വഴിയില്ലാത്തത് കൊണ്ടാണ് ജനങ്ങൾ മിണ്ടാതിരിക്കുന്നത്. സാധാരണ ജനങ്ങൾ ആയതുകൊണ്ടല്ലേ ഇതൊക്കെ മതി എന്നു കരുതുന്നത്. ഒരു വി.ഐ.പി പാർപ്പിട സമുച്ചയം ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നും കോടതി ചോദിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Advertisement
Advertisement