അവര്‍ വേര്‍പിരിയുന്നില്ല, എല്ലാം വെറും പി.ആര്‍ സ്റ്റണ്ട്; ലക്ഷ്യം ഒന്ന് മാത്രം

Monday 03 June 2024 8:20 PM IST

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നതാഷ സ്റ്റാന്‍കോവിച്ചും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. നൈറ്റ് ക്ലബ്ബിലെ പരിചയവും വിവാഹത്തിന് മുമ്പുള്ള ഗര്‍ഭവും പിന്നീട് കുഞ്ഞ് പിറന്നതും മുതലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സെര്‍ബിയന്‍ മോഡലായ നതാഷ ഹാര്‍ദിക്കുമായി അടുത്തതും വിവാഹം കഴിച്ചതും ഒരു കുഞ്ഞിന് ജന്മം നല്‍കിയതും ഹാര്‍ദിക്കിന്റെ കോടികളുടെ ആസ്തി കണ്ടിട്ടാണെന്ന് സോഷ്യല്‍ മീഡിയ വിധിയെഴുതുകയും ചെയ്തിരുന്നു.

തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ നതാഷ സ്റ്റാന്‍കോവിച്ച് പാണ്ഡ്യ എന്നതിലെ പാണ്ഡ്യ നീക്കം ചെയ്ത നടിയുടെ നടപടിയാണ് ഹാര്‍ദിക്കും ഭാര്യയും പിരിയുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നില്‍. വിവാഹ ബന്ധം വേര്‍പ്പെടുത്തുമ്പോള്‍ ഹാര്‍ദിക്കിന്റെ സ്വത്തിന്റെ 70 ശതമാനം നതാഷയ്ക്ക് നല്‍കേണ്ടിവരുമെന്നും പ്രചരിച്ചിരുന്നു. അതോടൊപ്പം തന്നെ നതാഷ തന്റെ പഴയ ആണ്‍സുഹൃത്തുമായി ഡേറ്റിംഗിലാണെന്ന തരത്തില്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഈ സംഭവങ്ങളോടൊന്നും ഹാര്‍ദിക്കോ നതാഷയോ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

ഹാര്‍ദിക്കും ഭാര്യയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ല, ഭാര്യയുടെ പിറന്നാളിന് പോലും ഒരു ആശംസ സമൂഹമാദ്ധ്യമങ്ങള്‍ വഴി അറിയിച്ചില്ല. ഹാര്‍ദിക് നായകനായ മുംബയ് ഇന്ത്യന്‍സിന്റെ ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ ഒരിക്കല്‍പ്പോലും നതാഷ സ്‌റ്റേഡിയത്തില്‍ എത്തിയില്ല തുടങ്ങിയ കാര്യങ്ങളും ഇരുവരും വേര്‍പിരിയുന്നതിന്റെ തെളിവായി വിശേഷിപ്പിക്കപ്പെട്ടു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളേയും കാറ്റില്‍പ്പറത്തി വിവാഹചിത്രം വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ് നതാഷ സ്റ്റാന്‍കോവിച്ച്. ഇതോടെ വിവാഹബന്ധം വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ക്ക് അവസാനമാകുകയാണ്.

എന്നാല്‍ വിവാഹമോചിതനാകുന്നുവെന്ന തരത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ ഹാര്‍ദിക്കിന്റെ ഇമേജ് തിരിച്ചുപിടിക്കുന്നതിനുള്ള പി.ആര്‍ നാടകമായിരുന്നുവെന്നാണ് ഇപ്പോള്‍ നെറ്റിസണ്‍സ് ആരോപിക്കുന്നത്. ഇതിന് വ്യക്തമായ കാരണവും അവര്‍ നിരത്തുന്നുണ്ട്. മുംബയ് ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ്മയില്‍ നിന്ന് ഹാര്‍ദിക്കിലേക്കുള്ള നായകമാറ്റം എല്ലാ അര്‍ത്ഥത്തിലും ഹാര്‍ദിക്കിനും മുംബയ് ഇന്ത്യന്‍സിനും തിരിച്ചടിയായിരുന്നു. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയതിന്റെ കലിപ്പ് ആരാധകര്‍ തീര്‍ത്തത് ഹാര്‍ദിക്കിനോടാണ്.

മുംബയ് ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തിലും, ഹാര്‍ദിക്കിന്റെ ജന്മസ്ഥലമായ ഗുജറാത്തിലും മുംബയ് ഇന്ത്യന്‍സ് ഐപിഎല്‍ മത്സരം കളിക്കാനെത്തിയപ്പോഴെല്ലാം രോഹിത്, രോഹിത് വിളികളോടെയാണ് ഹാര്‍ദിക്കിനെ കാണികള്‍ സ്വീകരിച്ചത്. മറ്റൊരു ഇന്ത്യന്‍ താരവും നേരിട്ടില്ലാത്ത അത്രയും കൂകി വിളികളും വെറുപ്പും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരില്‍ നിന്ന് തന്നെ ഹാര്‍ദിക്കിന് നേരിടേണ്ടി വന്നിരുന്നു. മുംബയ് ഇന്ത്യന്‍സ് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ആരാധക രോഷം ഇരട്ടിച്ചു.

ഇതോടെയാണ് ഐപിഎല്‍ സീസണ്‍ അവസാനിക്കുന്നതിന് മുന്നോടിയായി കളത്തില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും ഹാര്‍ദിക്കിന് നല്ല സമയമല്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടപുകള്‍ ഉണ്ടായത്. എന്നാല്‍ ഇതെല്ലാം രോഹിത് ശര്‍മ്മയെ പിന്തുണയ്ക്കുന്ന ബഹുഭൂരിപക്ഷം ക്രിക്കറ്റ് ആരാധകരുടേയും അനുകമ്പ ലഭിക്കുന്നതിന് വേണ്ടി മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഇന്ത്യന്‍ ടി20 ലോകകപ്പിനുള്ള ടീമിന്റെ ഉപനായകന്‍ കൂടിയായ ഹാര്‍ദിക്ക് നിലവില്‍ ടീമിനൊപ്പം അമേരിക്കയിലാണ്.

Advertisement
Advertisement