ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

Tuesday 04 June 2024 4:53 AM IST

കോഴിക്കോട്: ചലച്ചിത്ര സാംസ്‌കാരിക പ്രവർത്തകൻ ചെലവൂർ വേണു (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നടന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ ലോക ക്ലാസിക് സിനിമകളെ മലയാളത്തിന് പരിചയപ്പെടുത്തിയ വേണു ആറു പതിറ്റാണ്ടോളം സിനിമാനിരൂപണ രംഗത്തും സമാന്തര ചലച്ചിത്ര പ്രചാരണത്തിലും സജീവമായിരുന്നു. കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വിനിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ഒട്ടേറെ സമാന്തര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്ന വേണു ടെലിവിഷൻ സീരിയലുകളും നിർമ്മിച്ചിട്ടുണ്ട്. എട്ടാം ക്ലാസിൽ പഠിക്കവേ 'ഉമ്മ' സിനിമയുടെ നിരൂപണമെഴുതിയാണ് തുടക്കം. യുവഭാവനയാണ് ആദ്യ പ്രസിദ്ധീകരണം. സംവിധായകൻ രാമുകാര്യാട്ടിന്റെ അസിസ്റ്റന്റായി കുറച്ച് കാലം പ്രവർത്തിച്ചിരുന്നു.

സ്‌റ്റേഡിയം, സൈക്കോ, രൂപകല, സെർച്ച് ലൈറ്റ്, സിറ്റി മാഗസിൻ, വർത്തമാനം എന്നിവയുടെ പത്രാധിപരായിരുന്നു. ഇടതുവിദ്യാർത്ഥി സംഘടനയായ കെ.എസ്.എഫിന്റെ ജില്ലാസെക്രട്ടറിയായും കെ.എസ്‌.വൈ.എഫിന്റെ നേതൃനിരയിലും പ്രവർത്തിച്ചു.

മനസ് ഒരു സമസ്യ, മനസിന്റെ വഴികൾ തുടങ്ങിയവയാണ് പുസ്തകങ്ങൾ. വേണുവിന്റെ ജീവിതം പ്രമേയമാക്കി ചലച്ചിത്ര അക്കാഡമിയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും 'ചെലവൂർ വേണു -ജീവിതകാലം" ഡോക്യുമെന്ററി പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: സുകന്യ (റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരി).

Advertisement
Advertisement