മത്സ്യക്കുരുതി: റിപ്പോർട്ട് പഠിച്ച ശേഷം നഷ്ടപരിഹാരം

Tuesday 04 June 2024 12:18 AM IST

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് സബ്കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് കളക്ടർ സർക്കാരിന് കൈമാറി. റിപ്പോർട്ട് പഠിച്ച ശേഷം നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കും.

പെരിയാറിലെ മത്സ്യക്കുരുതിയുടെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനും പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനും സ്വതന്ത്ര ഏജൻസികളെ നിയമിക്കുന്ന കാര്യങ്ങളും പരിഗണിക്കും. റിപ്പോർട്ടിൽ വൈരുദ്ധ്യമുണ്ടെങ്കിൽ ഇത്തരം നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ് നേരത്തെ അറിയിച്ചിരുന്നു.

സബ് കളക്ടറുടെ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ

മലിനീകരണം തടയാൻ മൂന്ന് കിലോമീറ്റർ നീളത്തിൽ നിരീക്ഷണ പാതയും സംരക്ഷണ ഭിത്തിയും നിർമ്മിക്കണം. സംസ്ഥാന തലത്തിൽ ഫിഷ് കിൽ പ്രോട്ടോകോൾ നടപ്പിലാക്കണം.

വ്യവസായ മേഖലയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പരിശോധന നടത്തണം.

മഴവെള്ളം ഒഴുകിപോകുന്ന ഓടകളിൽ സൂചന ബോ‌ർഡുകൾ സ്ഥാപിക്കണം.

പെരിയാറിൽ സ്വാഭാവിക ഒഴുക്ക് നിലനിറുത്തണം.

എടയാർ മേഖലയിൽ 376 ഏക്കറിലായി 332 യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ നാല് കമ്പനികൾക്ക് മാത്രമാണ് പുഴയിലേക്ക് ശുദ്ധീകരിച്ച മലിനജലം ഒഴുക്കാൻ അനുമതി. എന്നാൽ പുഴയുടെ തീരത്ത് 29 കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.

മറ്റു റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം പെരിയാറിൽ രാസമാലിന്യം കല‌ർന്നതാകാം മീനുകൾ ചത്തുപൊങ്ങാൻ കാരണമെന്നാണ്. പാതാളത്തെ റഗുലേറ്റർ തുറന്ന് വെള്ളമൊഴുക്കിയതാണ് മത്സ്യക്കുരുതിക്ക് കാരണമെന്നത് വസ്തുതാപരമല്ലെന്ന് ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിലും പറയുന്നു. വ്യവസായ ശാലകളിൽ നിന്ന് ശുദ്ധീകരിക്കാത്ത രാസമാലിന്യം തള്ളിയതാണെന്നും ഇറിഗേഷൻ വകുപ്പിന് സംശയമുണ്ട്. സംഭവത്തിൽ കുഫോസിന്റെ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകും. മീൻ, ജലം, മണ്ണ് എന്നിവയുടെ ഫലമാണ് വരാനുള്ളത്. പെരിയാറിൽ 13.55 കോടിയുടെ നഷ്ടമുണ്ടെന്നാണ് ഫിഷറീസ് വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. 7.03 കോടിയുടെ മത്സ്യനാശവും മത്സ്യത്തൊഴിലാളികൾക്ക് 6.52 കോടി രൂപയുടെ നാശവുമാണ് സംഭവിച്ചിരിക്കുന്നത്. ഈ തുക കുറ്റക്കാരിൽ നിന്ന് ഈടാക്കണം. ഉപജീവനം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് മൂന്ന് മാസത്തേക്ക് പ്രതിദിനം 350 രൂപയും സൗജന്യ റേഷനും നൽകണം. മലിനീകരണം തടയാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മേൽനോട്ട സമിതി രൂപീകരിക്കണം. പഞ്ചായത്തുകളിൽ സൗജന്യ മത്സ്യപ്രജനന കേന്ദ്രങ്ങളും ആരംഭിക്കണമെന്നും ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

Advertisement
Advertisement