ജനവിധി അറിയാൻ എല്ലാ കണ്ണുകളും പാലക്കാട് വിക്ടോറിയ കോളേജിലേക്ക്

Tuesday 04 June 2024 12:27 AM IST

പുതിയ ബ്ലോക്കിൽ പാലക്കാട്

 പാലക്കാട് ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ നിയമസഭാമണ്ഡലങ്ങളിലെ 1329 പോളിംഗ് സ്റ്റേഷനുകളിലേത് വിക്ടോറിയ കോളേജിലെ പുതിയ ബ്ലോക്കിലാണ് എണ്ണുക.

 മണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങൾക്കായി ഏഴ് വോട്ടെണ്ണൽ ഹാളുകൾ

 ഓരോ വോട്ടെണ്ണൽ ഹാളിലും 14 മേശകൾ വീതം മൊത്തം 98 മേശകൾ സജ്ജീകരിച്ചിട്ടുണ്ട്.

പഴയ ബ്ലോക്കിൽ ആലത്തൂർ

 ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ, ചേലക്കര, കുന്നംകുളം, വടക്കഞ്ചേരി നിയമസഭാമണ്ഡലങ്ങളിലെ 1156 പോളിംഗ് സ്റ്റേഷനുകളിലേത് പഴയ ബ്ലോക്കിലും എണ്ണും.

 ആലത്തൂർ മണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങൾക്കായി 11 കൗണ്ടിംഗ് ഹാളുകളിലായി 91 മേശകളും സജ്ജീകരിച്ചിട്ടുണ്ട്.

പാലക്കാട്: ഒരുമാസത്തിലേറെ നീണ്ട കാത്തിരിപ്പ് ഇന്ന് അവസാനിക്കുമ്പോൾ പാലക്കാട്, ആലത്തൂർ ലോക്‌സഭാ മണ്ഡലങ്ങളിലെ എല്ലാ വോട്ടർമാരുടെയും കണ്ണും കാതും ഇന്ന് പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിലേക്ക്. വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26ന് പെട്ടിയിലാക്കിയ വോട്ടുകളെല്ലാം എണ്ണുന്നത് ഇവിടെയാണ്. രാവിലെ 8ന് പോസ്റ്റൽ ബാലറ്റുകളാവും ആദ്യം എണ്ണിത്തുടങ്ങുക. തുടർന്ന് സ്ഥാനാർത്ഥികളെയോ പ്രതിനിധികളെയോ സാക്ഷിയാക്കി സ്‌ട്രോംഗ് റൂമുകളുടെ സീലിംഗ് നീക്കി വോട്ടിംഗ് മെഷീനുകൾ വോട്ടെണ്ണൽ ഹാളുകളിലെത്തിച്ച് മേശകളിൽ സജ്ജീകരിച്ച് 8.30 മുതൽ എണ്ണാൻ തുടങ്ങും. പാലക്കാട് പത്തും ആലത്തൂർ അഞ്ചും സ്ഥാനാർത്ഥികളാണുള്ളത്.

ഓരോ വോട്ടെണ്ണൽ ഹാളിലും ആദ്യത്തെ മേശ വിവിപാറ്റ് കൗണ്ടിംഗ് ബൂത്തായി വേർതിരിച്ച് സജ്ജീകരിക്കും. അവയ്ക്കകത്തായിരിക്കും വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുക. ഓരോ നിയമസഭാ മണ്ഡലത്തിലും നറുക്കിട്ടെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് മെഷീനുകളിലുള്ള സ്ലിപ്പുകൾ വിവിപാറ്റ് കൗണ്ടിംഗ് ബൂത്തിൽ എണ്ണും.

പോസ്റ്റൽ ബാലറ്റ്, ഇ.വി.എം, പിന്നെ വിവിപാറ്റ് സ്ലിപ്പ് എന്നിങ്ങനെയാണ് എണ്ണുന്നതിനുള്ള ക്രമം. ഏതെങ്കിലും കാരണവശാൽ പോസ്റ്റൽ ബാലറ്റുകളുടെ വോട്ടെണ്ണൽ നീണ്ടുപോകുന്ന പക്ഷം ഇ.വി.എമ്മിന്റെ അവസാന റൗണ്ട് വോട്ടെണ്ണൽ നിർത്തിവെച്ച് പോസ്റ്റൽ ബാലറ്റുകളുടെ വോട്ടെണ്ണൽ പൂർത്തിയായ ശേഷം മാത്രമാവും ഇ.വി.എമ്മിന്റെ അവസാന റൗണ്ട് വോട്ടെണ്ണൽ പുനരാരംഭിക്കുക. ഓരോ ടേബിളിനുമായി കൗണ്ടിംഗ് സൂപ്പർവൈസർ, അസിസ്റ്റന്റ് എന്നിവർക്ക് പുറമെ മൈക്രോ ഒബ്സർവർമാരെയും നിയോഗിക്കും. ഓരോ ഹാളിനും അതത് മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്ക് ചുമതലയുണ്ടാകും. വോട്ടെണ്ണൽ പ്രക്രിയ പൂർണമായും വീഡിയോ ചിത്രീകരണം നടത്തും. വോട്ടെണ്ണൽ ഫലം തത്സമയം അറിയാൻ അതോറിറ്റി ലെറ്റർ ഉളള മാധ്യമപ്രവർത്തകർക്കായി വോട്ടെണ്ണൽ കേന്ദ്രത്തിൽ പി.ആർ.ഡിയുടെ മേൽനോട്ടത്തിൽ മീഡിയ സെന്ററും സജ്ജീകരിച്ചിട്ടുണ്ട്.

Advertisement
Advertisement