ഗ്രാമീണറോഡുകളും ദേശീയപാതയും ബന്ധിപ്പിക്കൽ: നന്നാക്കാനുള്ളത് 20 മീറ്റർ; കാത്തിരിപ്പ് ഒമ്പതുവർഷം

Tuesday 04 June 2024 12:28 AM IST

വടക്കഞ്ചേരി: മംഗലംപാലത്തിനും വടക്കഞ്ചേരിക്കും ഇടയിൽ ഗ്രാമീണറോഡുകൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗം നന്നാക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഒമ്പതുവർഷമായിട്ടും നടപടിയില്ല. 20 മീറ്റർ നന്നാക്കിയാൽ പ്രശ്‌നം തീരുമെങ്കിലും നാട്ടുകാരുടെ കാത്തിരിപ്പ് നീളുകയാണ്.

കണ്ണമ്പ്ര പഞ്ചായത്തിലെ ഒമ്പതാംവാർഡിലുൾപ്പെടുന്ന കാരയങ്കാട്- നായ്ക്കത്തറ, കാരയങ്കാട്-പാറക്കുണ്ട്, മംഗലം-കൊന്നഞ്ചേരി തുടങ്ങിയ റോഡുകൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗമാണ് തകർന്ന് കിടക്കുന്നത്.മഴക്കാലത്ത് ദേശീയപാതയിൽനിന്നുള്ള വെള്ളമുൾപ്പെടെ റോഡിലേക്ക് ഒഴുകിയിറങ്ങുന്നതിനാൽ തകർച്ച രൂക്ഷമാകും. ദേശീയപാത വികസിപ്പിക്കുമ്പോൾ മുമ്പ് പാതയിലേക്ക് പ്രവേശിച്ചിരുന്ന റോഡുകൾ അതേപോലെ നിലനിർത്താറുള്ളതാണ്. നാലുവരിപ്പാത നിർമിച്ചസമയത്തുതന്നെ കണ്ണമ്പ്ര പഞ്ചായത്തധികൃതർ റോഡ് ദേശീയപാതയുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല.

 ദേശീയപാത രണ്ട് വരിയായിരുന്ന സമയത്ത് ഈ റോഡുകൾ ദേശീയപാതയുമായി ബന്ധിപ്പിച്ചിരുന്നു.
 2015-ൽ വാളയാർ - വടക്കഞ്ചേരി നാലുവരിയായി വികസിപ്പിച്ച സമയത്താണ് റോഡുകൾക്ക് ദേശീയപാതയുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.

 ദേശീയപാതാ അതോറിറ്റി ഏറ്റെടുത്ത സ്ഥലമായതിനാൽ പഞ്ചായത്തിന് ഇവിടെ വികസന പ്രവർത്തനങ്ങൾ ചെയ്യാനാകില്ല.

 കാരയങ്കാട്, ആയക്കാട്, കൊന്നഞ്ചേരി മേഖലകളിൽനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്നവർക്ക് ദേശീയപാതയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുമെന്നതിനാൽ നിരവധി യാത്രക്കാരാണ് ഈ റോഡുകളെ ആശ്രയിക്കുന്നത്.

Advertisement
Advertisement