വാഹന രൂപമാറ്റം, വ്ളോഗിംഗ്: കടിഞ്ഞാണിട്ട് ഹൈക്കോടതി

Tuesday 04 June 2024 4:19 AM IST

കൊച്ചി: റോഡിൽ സുരക്ഷാ ഭീഷണി സൃഷ്ടിക്കും വിധം വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുന്ന വ്ലോഗർമാർക്കും ഉടമകൾക്കുമെതിരെ കർശന നിയമനടപടിക്ക് ഉത്തരവിട്ട് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിൽ, നിയമപാലകർക്കുള്ള നിർദ്ദേശങ്ങളും പുറത്തിറക്കി.

വലിയതോതിൽ രൂപമാറ്റം വരുത്തുന്നവരുടെ ലൈസൻസും ആർ.സി ബുക്കും റദ്ദാക്കണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വാഹനങ്ങളുടെ ക്യാബിനിൽ കയറി ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധം വീഡിയോ ചിത്രീകരിക്കുന്ന വ്ലോഗർമാർക്കെതിരേ റോഡ് സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കണം. ടൂറിസ്റ്റ് ബസുകളും മറ്റും വലിയ ശബ്ദമുള്ള ഹോണുകളും കനത്ത പുക ചീറ്റുന്ന കുഴലുകളും ഡിസ്‌പ്ളെ ലൈറ്റുകളും മറ്റും വയ്ക്കുന്ന സാഹചര്യവും കോടതി കണക്കിലെടുത്തു.

മറ്റ് നിർദ്ദേശങ്ങൾ

 ശബ്ദ, വായു മലിനീകരണം നടത്തുന്ന കോൺട്രാക്ട് കാര്യേജുകൾക്കും മറ്റുമെതിരെ ഗതാഗത കമ്മിഷണർ നടപടിയെടുക്കണം.

 വാഹനങ്ങൾ വലിയതോതിൽ രൂപമാറ്റം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ്

സസ്പെൻഡ് ചെയ്യണം.

 ഇത്തരം വാഹനങ്ങളുടെ ഉടമകൾക്ക് 5000 രൂപ പിഴ ചുമത്തണം.

 രൂപമാറ്റം നടത്തി സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന വാഹനങ്ങളുടെ ആർ.സി സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ വേണം.

 ഇത്തരം വാഹനങ്ങൾ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി തുടർനടപടിയെടുക്കണം.

 താത്കാലിക ഇറക്കുമതി അനുമതിയിൽ എത്തിക്കുന്ന മോഡിഫൈ ചെയ്ത വാഹനങ്ങൾ ഓട്ടോ ഷോയിലും മറ്റും പ്രദർശിപ്പിക്കുന്നത് നിരോധിക്കണം.

 മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമായ കാര്യങ്ങൾ വ്ലോഗർമാർ യുട്യൂബിലും മറ്റും അപ്‌ലോഡ് ചെയ്യുന്നത് നീക്കം ചെയ്യണം.

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച വിഷയം വീണ്ടും പരിഗണിക്കും. വാഹനത്തിൽ സ്വിമ്മിംഗ് പൂൾ സജ്ജമാക്കിയ സഞ്ജു ടെക്കിയ്ക്കെതിരേ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടും പരിഗണിക്കും.

190(2) വകുപ്പ്

□റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ ആദ്യ തവണ മൂന്നുമാസം തടവോ, 10000രൂപ പിഴയോ, രണ്ടു ശിക്ഷയും ഒരുമിച്ചോ.

□കുറ്റം ആവർത്തിച്ചാൽ ആറുമാസം തടവോ, 10000 രൂപ പിഴയോ, രണ്ടും ഒരുമിച്ചോ. ലൈസൻസ് നിശ്ചിത കാലാവധി സസ്പെൻഡ് ചെയ്യും.

Advertisement
Advertisement