അവധിക്കാല വിശേഷങ്ങളുമായി ആദം മുഹമ്മദിന്റെ ഡയറിക്കുറിപ്പ്

Tuesday 04 June 2024 12:25 AM IST

പത്തനംതിട്ട: " എനിയ്ക്ക് സ്കൂൾ തുറപ്പിന് പുതിയ ഉടുപ്പ് വാങ്ങിച്ചു. ഒരു ഷർട്ടും ഒരു ബെനിയനുമാണ് വാങ്ങിയത്. അക്കൂനും വാങ്ങിച്ചു"- അവധിക്കാലത്തെക്കുറിച്ച് എഴുതിയ ഡയറിക്കുറിപ്പ് ആദം മുഹമ്മദ് വായിക്കുകയാണ്. പന്തളം കടയ്ക്കാട് ഗവ.എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് രണ്ടാം ക്ളാസ് വിദ്യാർത്ഥിയുടെ ഡയറിക്കുറിപ്പ് ഹിറ്റായത്. വേനലവധിക്കാലത്തെ വിശേഷങ്ങളാണ് നിറയെ. "ഞങ്ങൾ പടം കാണാൻ പോയി. ആട് ജീവിതമാണ് കണ്ടത്. സിനിമാ കൊട്ടകയിലാണ് പോയത്. നല്ലൊരു പടമാണ്. കണ്ടാൽ നമുക്ക് സങ്കടം വരും"- ആട് ജീവിതം സിനിമ തീയേറ്ററിൽ പോയി കണ്ടതിന്റെ വിവരണം ഡയറിയിൽ ഒപ്പം ആടിന്റെ ചിത്രവും. മധുരയിൽ കണ്ണിന്റെ ചികിത്സയ്ക്ക് പോയപ്പോൾ കണ്ണാടി വാങ്ങിയതും അമ്മ കേക്കുണ്ടാക്കിക്കൊടുത്തതും ഐസ്ക്രീം കഴിച്ചതും കന്യാകുമാരിയിൽ പോയതും സൂര്യോദയവും അസ്തമയവും കണ്ടതുമൊക്കെ ചിത്രങ്ങൾ സഹിതം കുറിപ്പുകളാക്കിയിരിക്കുന്നു. മത്സ്യ വില്പനക്കാരനായ പന്തളം തോന്നല്ലൂർ ഉളമയിൽ ഷൈജുവിന്റെയും ഷെഹനയുടെയും മൂന്ന് മക്കളിൽ ഇളയവനാണ് ആദം മുഹമ്മദ്. വാടക വീട്ടിലാണ് താമസം. കാഴ്ചയ്ക്ക് ചില്ലറ പ്രശ്നങ്ങളുള്ളതൊന്നും ആദമിന്റെ പഠനത്തിനും ചിത്രമെഴുത്തിനും സന്തോഷങ്ങൾക്കുമൊന്നും തടസമാകുന്നില്ല. കഴിഞ്ഞവർഷം സ്കൂളിൽ തുടങ്ങിയ സംയുക്ത ഡയറിയെഴുത്തും ചരിത്ര രചനയുമാണ് ആദം മുഹമ്മദിനും മറ്റ് കുട്ടികൾക്കും ഡയറിയെഴുത്തിന് പ്രേരണയായത്.

പ്രവേശനോത്സവം

പന്തളം കടയ്ക്കാട് ഗവ.എൽ.പി സ്കൂളിൽ പ്രവേശനോത്സവം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്.ആദില ഉദ്ഘാടനം ചെയ്തു. കൗൺസിലർ എച്ച്.സക്കീർ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകൻ കോട്ടാത്തല ശ്രീകുമാർ അവധിക്കാല സംയുക്ത ഡയറി പ്രകാശനവും അനുമോദനവും നടത്തി. കവി ആർ.രാമകൃഷ്ണൻ മുഖ്യഅതിഥിയായി. രാജൻ റാവുത്തർ പഠനോപകരണ വിതരണം നടത്തി. വി.എച്ച്.നജീന എൻഡോവ്മെന്റ് വിതരണം ചെയ്തു. മുഹ്സിൻ അഹമ്മദ്, എസ്.ഷീബ, ജാസ്മിൻ, ബി.റമീന, എ.ഷെറീന, ഹനീഫ്, എം.മുംതാസ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement