'ജീവാനന്ദം': ധനവകുപ്പ് പിന്മാറുന്നതിനെതിരെ കെ.എം. എബ്രഹാം

Tuesday 04 June 2024 4:23 AM IST

തിരുവനന്തപുരം: ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതിനു പിന്നാലെ 'ജീവാനന്ദം' പദ്ധതി നിർബന്ധമാക്കുന്നതിൽ നിന്ന് ധനവകുപ്പ് പിന്തിരിയുന്നതിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാം മുഖ്യമന്ത്രിയെ അതൃപ്തിയറിയിച്ചു. എല്ലാ ജീവനക്കാർക്കും പദ്ധതി നിർബന്ധമല്ലെന്ന തരത്തിൽ ധനവകുപ്പ് വാർത്താക്കുറിപ്പ് ഇറക്കിയതാണ് കാരണം.

എബ്രഹാമിന്റെ ആശയമാണ് പദ്ധതി. എബ്രഹാമിന്റെ നിലപാടിനൊപ്പമാണ് മുഖ്യമന്ത്രി എന്നാണ് സൂചന. വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രിക്കും നീരസമുണ്ട്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസം നിശ്ചിത തുക ഈടാക്കി വിരമിച്ച ശേഷം മാസം തോറും പലിശയും ചേർന്ന് ആജീവനാന്തം തിരികെ നൽകുന്നതാണ് പദ്ധതി. ഇതിലൂടെ പ്രതിമാസം 500 കോടിയെന്ന കണക്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു വർഷം 6000 കോടി സർക്കാരിന് കിട്ടും. കഴിഞ്ഞ ബഡ്ജറ്റിൽ ധനസമാഹരണത്തിന് പ്ലാൻ ബിയായി ഉദ്ദേശിച്ചിരുന്നതും ഇതാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഇത്തരമൊരു പദ്ധതിയിൽ നിന്ന് പിന്തിരിയുന്നതിലാണ് എബ്രഹാമിന് അതൃപ്തി. കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയതോടെ ജീവനക്കാർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഭരണകക്ഷി സംഘടനകളും പദ്ധതിയെ പിന്തുണച്ചില്ല. തുടർന്നാണ് അന്തരീക്ഷം ശാന്തമാക്കാൻ ധനവകുപ്പ് ശ്രമിച്ചത്. അതേസമയം, പദ്ധതി പുതുക്കി ഇറക്കാൻ ധനവകുപ്പിനു മേൽ സമ്മർദ്ദമുണ്ട്.

ന്യായീകരിച്ച്

ബ്രോഷർ

സർവീസ് സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ ജീവാനന്ദം പദ്ധതിയെ ന്യായീകരിച്ച് ബ്രോഷറുകളുമിറങ്ങി. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് പ്രചരിക്കുന്നത്. ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമല്ല. സ്വതന്ത്രം, സുതാര്യം, സുഭദ്രം എന്നാണ് പദ്ധതിയെക്കുറിച്ച് ഇതിൽ പറയുന്നത്. ജീവിത പരിരക്ഷയ്‌ക്കൊപ്പം മരണം വരെ സുസ്ഥിരമായൊരു വരുമാനമെന്നും വിശദീകരിക്കുന്നു.

Advertisement
Advertisement