ആദ്യ ഓൺലൈൻ എൻട്രൻസ്: നടപടികൾ ലളിതം, ആശങ്ക വേണ്ട

Tuesday 04 June 2024 12:01 AM IST

തിരുവനന്തപുരം: ആദ്യമായി ഓൺലൈനിൽ നടത്തുന്ന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ നാളെ മുതൽ 10വരെയാണ്. പരീക്ഷാ നടപടികൾ ലളിതമാണെന്നും വിദ്യാർത്ഥികൾക്ക് ആശങ്കയും പരിഭ്രമവും വേണ്ടെന്നും എൻട്രൻസ് കമ്മിഷണറേറ്റ് അറിയിച്ചു.

എൻജിനിയറിംഗ് പ്രവേശന പരീക്ഷ ജൂൺ 5 മുതൽ 9 വരെയാണ്. സമയം ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ച് വരെ. രാവിലെ 11.30മുതൽ ഒന്നര വരെയുള്ള സമയത്ത് റിപ്പോർട്ട് ചെയ്യണം.

ഫാർമസി പ്രവേശന പരീക്ഷ ജൂൺ പത്തിന് ഉച്ചയ്ക്ക് മൂന്നര മുതൽ വൈകിട്ട് 5വരെയാണ്. ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നുവരെയുള്ള സമയത്ത് റിപ്പോർട്ട് ചെയ്യണം.

സംസ്ഥാനത്ത് 198, മുംബയ്, ദുബായ്, ഡൽഹി എന്നിവിടങ്ങളിൽ 4 സെന്ററുകളിലാണ് പരീക്ഷ. 1,13,447 കുട്ടികളാണ് പരീക്ഷയ്ക്കിരിക്കുന്നത്. 130 കോളേജുകളാണ് പരീക്ഷാകേന്ദ്രം. സി-ഡിറ്റാണ് പരീക്ഷാ സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചത്. പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് പുനഃപരീക്ഷ ഉണ്ടാവില്ല.

ഓൺലൈൻ എൻട്രൻസ് ആദ്യമായിട്ടായതിനാൽ പ്രാക്ടീസ് ടെസ്റ്റിന് www.cee.kerala.gov.inൽ സൗകര്യമുണ്ട്. ഇത് ആവർത്തിച്ച് ചെയ്താൽ പരീക്ഷാരീതി മനസിലാക്കാം. പരീക്ഷയ്ക്ക് 15മിനിറ്റ് മുൻപ് മോക്ക് ടെസ്റ്റുമുണ്ടാവും. മുൻപുള്ളതുപോലെ മൾട്ടിപ്പിൾ ചോയ്സ് രീതിയിലാണ് പരീക്ഷ. അനുയോജ്യമായ ഉത്തരത്തിന്റെ ഓപ്ഷൻ അടയാളപ്പെടുത്തണം. ശരിയുത്തരത്തിന് നാല് മാർക്കുണ്ട്. തെറ്റായാൽ ഒരു മാർക്ക് കുറയ്ക്കും. മൈനസ് മാർക്കുള്ളതിനാൽ ഊഹിച്ച് ഉത്തരമെഴുതരുത്. ഒരു ചോദ്യത്തിനെങ്കിലും ഉത്തരമെഴുതാത്തവരെ അയോഗ്യരായി കണക്കാക്കി എൻജിനിയറിംഗ്, ബി.ഫാം റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ല.

ഹയർസെക്കൻഡറി നിലവാരത്തിലെ ചോദ്യങ്ങളായിരിക്കും. പ്രവേശന പരീക്ഷയുടെ സ്കോറിനും യോഗ്യതാ പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മാർക്കിനും തുല്യപരിഗണന നൽകിയാണ് എൻജിനിയറിംഗ് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുക. എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം നീറ്റ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, എൻവൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി, വെറ്ററിനറി തുടങ്ങിയ കോഴ്സുകളിലും നീറ്റ് അടിസ്ഥാനത്തിലാവും പ്രവേശനം. ആർക്കിടെക്ചർ പ്രവേശനത്തിന് നാറ്റാ സ്കോറാണ് പരിഗണിക്കുക.

10സ്കോറെങ്കിലും നേടാത്തവരെ എൻജിനിയറിംഗ് റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ല. പട്ടികവിഭാഗക്കാർക്ക് ഇത് ബാധകമല്ല. മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് നീറ്റിൽ 50പെർസെന്റയിലെങ്കിലും മാർക്ക് നേടിയിരിക്കണം. അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, ബയോടെക്നോളജി പ്രവേശനത്തിന് നീറ്റിൽ 20മാർക്കെങ്കിലും നേടണം. ബി.ഫാം പ്രവേശനത്തിന് 10സ്കോർ നേടണം.

പരീക്ഷയ്ക്ക് രണ്ട് മണിക്കൂർ മുൻപ് കേന്ദ്രത്തിലെത്തണം. ബയോമെട്രിക് വെരിഫിക്കേഷന് ശേഷമാവും സീറ്റ് അനുവദിക്കുക. ലോഗിൻ സ്ക്രീനിലെ നമ്പരും വിദ്യാർത്ഥിക്ക് അനുവദിച്ച സീറ്റും സമാനമാണെന്ന് ഉറപ്പാക്കണം. സീറ്റ് മാറുകയോ അനുവദിച്ച സീറ്റിൽ ഇരിക്കാതിരിക്കുകയോ ചെയ്യരുത്.

അഡ്‌മിറ്റ് കാർഡ്, ഫോട്ടോ ഐ.ഡി, ബാൾപോയിന്റ് പേന എന്നിവയേ ഹാളിൽ കൊണ്ടുവരാവൂ. പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്സ് ഐ.ഡി, പ്ലസ്ടു രജിസ്ട്രേഷൻ കാർഡ്, ആധാർ എന്നിവ തിരിച്ചറിയൽ രേഖയാക്കാം. അഡ്‌മിറ്റ് കാർഡും ഫോട്ടോ ഐ.ഡിയുമില്ലാത്തവരെ പരീക്ഷയെഴുതാൻ അനുവദിക്കില്ല.

പെൻസിൽ, ഇറേസർ, പേപ്പറുകൾ, പുസ്തകങ്ങൾ, നോട്ടുകൾ, ലോഗ് ടേബിളുകൾ, പെൻസിൽ ബോക്സ്, കറക്ഷൻ ഫ്ലൂയിഡ്, കാൽക്കുലേറ്റർ, ഡിജിറ്റൽ വാച്ച്, ക്യാമറ പേന, മൊബൈൽ ഫോൺ, ഇയർഫോൺ, ബ്ലൂടൂത്ത് എന്നിവയൊന്നും ഹാളിൽ അനുവദിക്കില്ല.

റഫ് വർക്കിനുള്ള പേപ്പർ ഹാളിൽ നൽകും. മറ്റ് വിദ്യാർത്ഥികളുമായി ആംഗ്യം കാട്ടുകയോ സംഭാഷണം നടത്തുകയോ ചെയ്താൽ ക്രമക്കേടായി കണക്കാക്കും. പരീക്ഷയ്ക്കിടെ കമ്പ്യൂട്ടറോ മൗസോ തകരാറിലായാൽ മറ്റൊരു സംവിധാനം അനുവദിക്കും. നഷ്ടപ്പെടുന്ന സമയം സെർവറിൽ ക്രമീകരിക്കും. പരീക്ഷാ സമയത്ത് കീ ബോർഡ് അനുവദിക്കില്ല. കീബോർഡിന്റെ ആവശ്യമുള്ളപ്പോൾ സ്ക്രീനിലെ വെർച്വൽ കീബോർഡ് ഉപയോഗിക്കാം. പരീക്ഷാ ഹാളിൽ സഹായത്തിന് ഇൻവിജിലേറ്ററുടെ സഹായം തേടാം. തെറ്റായ വിവരം നൽകി ഒന്നിലേറെ ഷിഫ്‌റ്രിൽ ഹാജരായാൽ ക്രമക്കേടായി കണക്കാക്കും. വിശദവിവരങ്ങൾക്ക് https://cee.kerala.gov.in/keam2024/.

ഉത്തരം നൽകേണ്ടത് ഇങ്ങനെ

ബയോമെട്രിക് വെരിഫിക്കേഷൻ, ഫോട്ടോ ക്യാപ്ചർ എന്നിവയ്ക്ക് ശേഷം പരീക്ഷാഹാളിൽ സീറ്റ് അനുവദിക്കും.

സീറ്റ് നമ്പർ ലോഗിൻ സ്ക്രീനിന്റെ താഴെ ഇടതുഭാഗത്ത് പ്രദർശിപ്പിക്കും. ഇത് ശരിയാണോയെന്ന് ഉറപ്പിക്കണം

ലോഗിൻ സ്ക്രീനിലെ ടെക്സ്റ്റ് ബോക്സിൽ റോൾനമ്പർ നൽകണം. വെർച്വൽ കീബോർഡ് ഉപയോഗിച്ചാണിത്.

റോൾനമ്പർ സാധൂകരണത്തിന് ശേഷം ലോഗിൻ പൂർത്തിയാക്കാൻ ഒരു രഹസ്യകോഡ് ലഭിക്കും

ലോഗിൻ ചെയ്തശേഷം സ്ക്രീനിൽ കാട്ടുന്ന പൊതുവായ നിർദ്ദേശങ്ങൾ മനസിലാക്കണം

പേജിന്റെ വലത് മുകൾ ഭാഗത്ത് പേരും റോൾ നമ്പറും ഫോട്ടോയും കാണാം. ഇത് ശരിയാണെന്നുറപ്പിക്കണം.

പരീക്ഷയ്ക്ക് 15മിനിറ്റ് മുൻപുള്ള മോക്ക് ടെസ്റ്റുണ്ടാവും. സമയം സൂചിപ്പിക്കുന്ന ടൈമർ സ്ക്രീനിനു മുകളിലുണ്ടാവും.

മോക്ക്ടെസ്റ്റ് പേജിലെ ടൈമർ പൂജ്യത്തിലെത്തുമ്പോൾ ഓൺലൈൻ പരീക്ഷാ പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടും.

ആകെ ചോദ്യങ്ങളും ഉത്തരം നൽകിയ ചോദ്യങ്ങളും ശേഷിക്കുന്ന സമയവും സ്ക്രീനിന്റെ മുകൾഭാഗത്തുണ്ടാവും.

ഇൻഫർമേഷൻ പാനലിന് താഴെയായി ചോദ്യവും ഓപ്ഷനുകളും കാണിക്കുന്ന ക്വസ്റ്റൻ ബ്ലോക്കുണ്ടാവും.

വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറിന്റെ മൗസുപയോഗിച്ച് ശരിയുത്തരങ്ങളുടെ ഓപ്ഷൻ ക്ലിക്ക് ചെയ്യാം.

ക്വസ്റ്റ്യൻ ബ്ലോക്കിന്റെ മുകളിൽ വലതുവശത്ത് ടെക്സിറ്റിന്റെ വലിപ്പം ക്രമീകരിക്കാനുള്ള ബട്ടണുകളുണ്ട്.

ക്വസ്റ്റ്യൻ പാലറ്റിലെ ചോദ്യനമ്പറുകളിൽ ക്ലിക്ക്ചെയ്താൽ ഏത് വിഷയത്തിലേക്കും ഏത് ചോദ്യത്തിലേക്കും മാറാം.

ഉത്തരം നൽകിയ ചോദ്യങ്ങൾ പച്ചനിറത്തിലും ഉത്തരമെഴുതാത്തത് വെള്ളയിലും കാണപ്പെടും.

അവലോകനത്തിനായി അടയാളപ്പെടുത്തിയത് ഓറഞ്ച്, ഉത്തരം നൽകിയിട്ടും അവലോകനത്തിനുള്ളത് പർപ്പിൾ നിറത്തിലായിരിക്കും.

സേവ് ആൻഡ് നെക്സ്റ്റ് ക്ലിക്ക് ചെയ്താൽ തിരഞ്ഞെടുത്ത ഓപ്ഷൻ സേവായി അടുത്ത ചോദ്യത്തിലേക്ക് പോവും.

സേവ് ആൻഡ് പ്രീവിയസ് ക്ലിക്ക് ചെയ്താൽ തിര‌ഞ്ഞെടുത്ത ഓപ്ഷൻ സേവായി മുൻചോദ്യത്തിലേക്ക് പോവും

ക്ലിയർ റെസ്പോൺസ് എന്ന ബട്ടൺ ക്ലിക്ക്ചെയ്താൽ തിരഞ്ഞെടുത്ത ഓപ്ഷൻ ഡിലീറ്റാവും.

മാർക്ക്, അൺമാർക്ക് ഫോർ റിവ്യൂ ക്ലിക്ക് ചെയ്താൽ അവലോകനത്തിനായി ചോദ്യം അടയാളപ്പെടുത്തും, ഒഴിവാക്കും.

ഉത്തരം തിരഞ്ഞെടുത്ത് അവലോകനത്തിനായി അടയാളപ്പെടുത്തിയാലും മൂല്യനിർണയത്തിൽ അത് പരിഗണിക്കും.

ടൈമർ പൂജ്യത്തിലെത്തിയാൽ ഉത്തരം നൽകിയതും നൽകാത്തതുമായ ചോദ്യങ്ങളുടെ എണ്ണം കാട്ടും.

അതിനുശേഷമേ വിദ്യാർത്ഥികൾക്ക് പരീക്ഷാഹാളിൽ നിന്ന് പുറത്തുപോകാനാവൂ.

Advertisement
Advertisement