റഹീമിന്റെ മോചനം അവസാനഘട്ടത്തിൽ; അനുരഞ്ജന കരാർ ഒപ്പുവച്ചു

Tuesday 04 June 2024 4:01 AM IST

കോഴിക്കോട്: 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിനെ മോചിപ്പിക്കുന്നതിനായുള്ള അനുരഞ്ജന കരാർ ഒപ്പുവച്ചു. ഇന്ത്യൻ എംബസി വഴി നൽകിയ 34 കോടി രൂപയുടെ ചെക്ക് ഗവർണറേറ്റിന് കൈമാറി. ഗവർണറേറ്റിന്റെ നിർദ്ദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക് നൽകിയത്. തുടർന്നാണ് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് വാദിഭാഗവും പ്രതിഭാഗവും തമ്മിൽ ഗവർണറുടെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ചത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം അബ്ദുൽ റഹീമിനെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് റഹീം നിയമസഹായ സമിതി അറിയിച്ചു. ഈ രേഖകൾ കോടതിൽ സമർപ്പിക്കും. തുടർന്ന് കോടതി നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും. 2006ൽ 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി മരിച്ച കേസിലാണ് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്.

Advertisement
Advertisement