കർശന നടപടിയുമായി എം.വി.ഡി: ഫിറ്റ്നസില്ലാത്ത ബസ് ഓടിക്കരുത്

Tuesday 04 June 2024 1:26 AM IST

തിരുവനന്തപുരം: ഫിറ്റ്‌നസില്ലാത്ത സ്‌കൂൾ ബസുകൾ കുട്ടികളെ കയറ്റുന്നില്ലെന്ന് ഉറപ്പാക്കാൻ ആർ.ടി.ഒമാർക്ക് ട്രാൻസ്‌പോർട്ട് കമ്മിഷണർ നിർദ്ദേശം നൽകി. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ 3,​400 സ്‌കൂൾ ബസുകൾക്ക് ഫിറ്റ്നസില്ലെന്ന് കണ്ടെത്തിയവിവരം ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് കമ്മിഷണറുടെ ഇടപെടൽ.

സർവീസ് നടത്തുന്ന സ്കൂൾ ബസുകൾ ഫിറ്റ്‌നസുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കണം. കരാർ വാഹനങ്ങളുടെ ഫിറ്റ്നസും ഉറപ്പാക്കണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ വിവരം അറിയുന്നതിനുള്ള മോട്ടോർ വാഹന വകുപ്പിന്റെ 'വിദ്യാ വാഹൻ ആപ്പ്" എല്ലാ സ്കൂൾ ബസിലും ഏർപ്പെടുത്തണം. ഇക്കാര്യം സ്കൂൾ അധികാരികളെ രേഖാമൂലം അറിയിക്കും.

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്യുന്നതിന് അതത് സ്‌കൂൾ അധികാരികളെ ബന്ധപ്പെടണമെന്ന് രക്ഷിതാക്കളോട് എം.വി.ഡി അറിയിച്ചു. സംശയങ്ങൾക്ക് ടോൾ ഫ്രീ നമ്പർ ആയ 1800 599 7099ൽ വിളിക്കാം. ആപ്പിന്റെ സേവനം സൗജന്യമാണ്. ലിങ്ക്: https://play.google.com/store/apps/details.

Advertisement
Advertisement