രണ്ടിൽ ഒന്ന് ഇന്നറിയാം പടരുമോ അതോ വാടുമോ പച്ചപ്പ്

Tuesday 04 June 2024 12:51 AM IST

മലപ്പുറം: ഒരു മാസത്തിലധികം സ്ട്രോംഗ് റൂമിലടച്ച വോട്ടാകാംക്ഷയ്ക്ക് ഇന്ന് ക്ലൈമാക്സ്. മലപ്പുറത്തും പൊന്നാനിയിലും പച്ചപ്പ് വാടുമോ അതോ പടരുമോ എന്നതാണ് പ്രധാന ആകാംക്ഷ. പൊന്നാനിയിൽ അട്ടിമറിയിലൂടെ ചെങ്കൊടി ഉയരുമോ എന്നതും ഇരുമണ്ഡലങ്ങളിലും താമരയ്ക്ക് കൂടുതൽ ഇതളുകൾ വിരിയുമോ എന്നും ഇന്നറിയാം. രാവിടെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. ശേഷം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാവിലെ ഒമ്പതോടെ തന്നെ ഇരുമണ്ഡലങ്ങളും ആർക്കൊപ്പമെന്നതിന്റെ ആദ്യ ട്രെന്റ് പുറത്തുവരും. മലപ്പുറത്തും പൊന്നാനിയിലും ഇത്തവണ മത്സരം കടുത്തതിനാൽ വോട്ടെണ്ണലിന്റെ ആദ്യാവസാനം വരെ ആവേശഭരിതമാകുമെന്ന് തീർച്ച. മലപ്പുറത്തും പൊന്നാനിയിലും അട്ടിമറി എൽ.ഡി.എഫോ, എൻ.ഡി.എയോ കണക്കൂകൂട്ടുന്നില്ലെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം കാര്യമായി കുറയ്ക്കാനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.

തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളേജിൽ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലേയും മലപ്പുറം ഗവ. കോളേജിൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേയും വോട്ടുകളെണ്ണം. പോസ്റ്റൽ വോട്ടുകളും ഈ കേന്ദ്രങ്ങളിൽ തന്നെയായിരിക്കും എണ്ണുക. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിലമ്പൂർ, ഏറനാട് നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രം ചുങ്കത്തറ മാർത്തോമ്മ കോളേജാണ്. വണ്ടൂർ നിയമസഭാ മണ്ഡലത്തിന്റേത് ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളും. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മുഴുവൻ തപാൽ വോട്ടുകളും മുട്ടിൽ ഡബ്ലു.എം.ഒ ആട്സ് ആൻഡ് സയൻസ് കോളേജിലാണ് എണ്ണുന്നത്.

പൊന്നാനി - 2019

സ്ഥാനാർത്ഥി............................... പാർട്ടി.......................... ലഭിച്ച വോട്ട്.......................... ശതമാനം

ഇ.ടി.മുഹമ്മദ് ബഷീർ ................. മുസ്‌ലിം ലീഗ് ............. 5,21,824 ........................... 51.29

പി.വി.അൻവർ.............................. ഇടത് സ്വതന്ത്രൻ........3,28,551 ............................ 32.29

രമ ................................................ ബി.ജെ.പി......................1,10,603 ............................. 10.87

അഡ്വ.കെ.സി. നസീർ................ എസ്.ഡി.പി.ഐ.......... 18,124 .............................1.78

പൂന്തുറ സിറാജ് ......................... പി.ഡി.പി....................... 6,122 ............................. 0.6

ആകെ വോട്ടർമാർ - 13,56,803

പോൾ ചെയ്ത വോട്ടുകൾ -10,17,265

പോളിംഗ് ശതമാനം - 74.98

ഇ.ടിയുടെ ഭൂരിപക്ഷം - 1.93 ലക്ഷം

2024

സ്ഥാനാർത്ഥി................................... പാർട്ടി

അബ്ദുസമദ് സമദാനി ................. മുസ്‌ലിം ലീഗ്

കെ.എസ്. ഹംസ ......................... സി.പി.എം

നിവേദിത സുബ്രഹ്മണ്യൻ ......... എൻ.ഡി.എ

ആകെ വോട്ടർമാർ - 14,​70,​804

പോൾ ചെയ്ത വോട്ടുകൾ -10,​18,​025

പോളിംഗ് ശതമാനം - 69.70

പൊന്നാപുരത്ത് പോരാണ് മുഖ്യം

മുസ്‌ലിം ലീഗ് സമസ്ത പോര് ഏതുവിധത്തിൽ പൊന്നാനിയിൽ പ്രതിഫലിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ടീം സമസ്ത പൊന്നാനിയുടെ പേരിൽ പരസ്യപ്രചാരണം അവസാനിച്ചതിന് തൊട്ടുപിന്നാലെ പുറത്തിറക്കിയ വീഡിയോയിലൂടെ സമസ്ത അണികളെ സ്വാധീനിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് ഇടതുക്യാമ്പ്. സാമുദായിക സംഘടനകളുടെ പിന്തുണയോടെയാണ് താൻ മത്സരിച്ചതെന്ന ഹംസയുടെ അവകാശവാദത്തിന്റെ പൊരുളും തിരഞ്ഞെടുപ്പ് ഫലത്തോടെ പുറത്തുവരും. ലീഗ് വിമതൻ സി.പി.എം ചിഹ്നത്തിൽ മത്സരിക്കുന്നെന്ന പ്രത്യേകതയുമുണ്ട്.

സമസ്തയുമായുള്ള വിവാദങ്ങൾക്കിടെ പൊന്നാനിയിൽ ഭൂരിപക്ഷം ഒരുലക്ഷം കവിഞ്ഞാൽ അത് മുസ്‌‌ലിം ലീഗിന്റെ രാഷ്ട്രീയ വിജയവും മറിച്ചെങ്കിൽ സമസ്ത- ലീഗ് ബന്ധത്തിലടക്കം പ്രതികൂലമായി പ്രതിഫലിച്ചേക്കാവുന്ന ഘടകവുമാവും. നിവേദിത സുബ്രഹ്മണ്യന്റെ സ്ഥാനാ‌‌ർത്ഥിത്വത്തിലൂടെ കഴിഞ്ഞ തവണ നേടിയ 1.10 ലക്ഷം വോട്ട് ഒന്നരയാക്കി ഉയ‌ർത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൻ.ഡി.എ ക്യാമ്പ്.

മലപ്പുറം - 2019

സ്ഥാനാർത്ഥി............................... പാർട്ടി.......................... ലഭിച്ച വോട്ട്.......................... ശതമാനം

പി.കെ.കുഞ്ഞാലിക്കുട്ടി ............... മുസ്‌ലിം ലീഗ് ............. 5,89,873 ........................... 57

വി.പി.സാനു............................. സി.പി.എം ............ 3,29,720 ............................ 31.86

ഉണ്ണികൃഷ്ണൻ ................................... ബി.ജെ.പി......................82,​332 ............................. 7.96

ആകെ വോട്ടർമാർ - 13,​70,​544

പോൾ ചെയ്ത വോട്ടുകൾ -10,​34,618

പോളിംഗ് ശതമാനം - 75.49

കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം - 2.60 ലക്ഷം

ഉപതിരഞ്ഞെടുപ്പ് 2021

സ്ഥാനാർത്ഥി............................... പാർട്ടി.......................... ലഭിച്ച വോട്ട്.......................... ശതമാനം

അബ്ദുസമദ് സമദാനി............... മുസ്‌ലിം ലീഗ് ............. 5,38,248 .............................. 48.96

വി.പി.സാനു............................. സി.പി.എം ............ 4,23,633 ............................ 38.53

എ.പി.അബ്ദുള്ളക്കുട്ടി .................... ബി.ജെ.പി...................... 68,935 ............................. 6.27

പോൾ ചെയ്ത വോട്ടുകൾ - 11,02,537

പോളിംഗ് ശതമാനം - 76.26

സമദാനിയുടെ ഭൂരിപക്ഷം - 1.14 ലക്ഷം

2024

സ്ഥാനാർത്ഥി................................... പാർട്ടി

ഇ.ടി.മുഹമ്മദ് ബഷീർ ................. മുസ്‌ലിം ലീഗ്

വി. വസീഫ് ................................ സി.പി.എം

ഡോ.അബ്ദുൽ സലാം......... എൻ.ഡി.എ

ആകെ വോട്ടർമാർ - 14,​79,​921

പോൾ ചെയ്ത വോട്ടുകൾ -10,​78,​891

മലപ്പുറം - 73.40

ഉയരുമോ ഭൂരിപക്ഷം

മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം രണ്ട് ലക്ഷം കടക്കുമെന്നാണ് മുസ്‌ലിം ലീഗിന്റെ അവകാശവാദം. 2019ൽ രാഹുൽ തരംഗത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച 2.60 ലക്ഷമാണ് മണ്ഡലത്തിലെ റെക്കാഡ് ഭൂരിപക്ഷം. അതേസമയം കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടർന്ന് 2021ൽ ഉണ്ടായ ഉപതിരഞ്ഞെടുപ്പിൽ 1.14 ലക്ഷമാണ് സമദാനിക്ക് ലഭിച്ച ഭൂരിപക്ഷം. സമസ്തയുമായുള്ള ഭിന്നത, പൊന്നാനിയിൽ നിന്ന് മണ്ഡലം മാറി മലപ്പുറത്ത് എത്തിയത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാനാവാത്തത്, യുവതലമുറയെ നിരന്തരം അവഗണിക്കുന്നത്, വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം വേണ്ടത്ര ആവേശം കൊണ്ടുവന്നിട്ടില്ല എന്നത് എന്നിങ്ങനെയുള്ള ഘടകങ്ങളെ മറികടന്ന് വേണം ലീഗിന് രണ്ടുലക്ഷമെന്ന വലിയ ഭൂരിപക്ഷത്തിലെത്താൻ. ഇടത് സ്ഥാനാ‌ർത്ഥിയായി മത്സരിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറഞ്ഞുനിൽക്കാൻ കഴി‍ഞ്ഞിട്ടുണ്ട്. സമുദായ നേതാക്കളെ കൂട്ടിപ്പിടിക്കുകയെന്ന ലീഗ് തന്ത്രം വസീഫും പയറ്റിയിട്ടുണ്ട്.

Advertisement
Advertisement