നൂറാം വയസിൽ കല്യാണി അമ്മയെത്തി, പഠിച്ച സ്കൂളിൽ മുഖ്യാതിഥിയായി

Tuesday 04 June 2024 12:03 AM IST
നൂറ് വയസ് പൂർത്തിയായ പൂർവ്വ വിദ്യാർത്ഥിനി കാപ്പിയിൽ കല്യാണി അമ്മയെ ശിവപുരം എസ്. എം.എം.എ.യു.പി. സ്ക്കൂൾ മാനേജർ കാരോൽ പ്രകാശ് പൊന്നാട അണിയിച്ച് ആദരിക്കുന്നു.

ബാലുശ്ശേരി: നൂറാം വാർഷികം ആഘോഷിക്കുന്ന ശിവപുരം എസ്.എം.എം. എ. യു.പി. സ്കൂളിൽ ബാലുശ്ശേരി ഉപജില്ലാ തല പ്രവേശനോത്സവ വേദിയിൽ ഇന്നലെ മുഖ്യാതിഥിയായി എത്തിയത് നൂറ് വയസ് തികഞ്ഞ കാപ്പിയിൽ കല്യാണി അമ്മ. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി കൂടിയായി കല്യാണി അമ്മ പഠിച്ച സ്ക്കൂളിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്കും കൗതുകം. കല്യാണി അമ്മയെ സ്കൂൾ മാനേജർ കാരോൽ പ്രകാശ് പൊന്നാട അണിയിച്ച് ആദരിച്ചു. താൻ പഠിച്ച സ്കൂളിൽ നിന്നും ഇത്തരമൊരു ആദരവ് കിട്ടിയത് ഏറെ സന്തോഷം പകരുന്നുണ്ടെന്നും ക്ഷണിച്ചവർക്ക് നന്ദിയുണ്ടെന്നും അറിയിച്ചാണ്

കല്യാണി അമ്മ മടങ്ങിയത്. സ്ക്കൂൾ അധികൃതർ കല്യാണി അമ്മയ്ക്ക് പുത്തൻ കോടിയും നൽകി. തേനാക്കുഴി മുച്ചിലോട്ട് കുഞ്ഞിക്കണാരന്റെയും മാണിക്യത്തിന്റെയും മൂത്ത മകളാണ് കല്യാണി അമ്മ. ഭർത്താവ് പരേതനായ കാപ്പിയിൽ പാച്ചൻ.

സ്കൂളിന്റെ നൂറാം വാർഷികാഘോഷമായ ശതാരവം 2024 - 2025 ഉദ്ഘാടനവും ഇന്നലെ പ്രവേശനോത്സവ ചടങ്ങിൽ വച്ച് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ നിർവഹിച്ചു.

Advertisement
Advertisement