തയ്യാറെടുപ്പുകൾ പൂർണം: മനസറിയാൻ ഇനി മണിക്കൂറുകൾ

Tuesday 04 June 2024 12:37 AM IST

 വോട്ടെണ്ണൽ ഇന്ന് രാവിലെ 8ന്

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്ന കൊല്ലം തങ്കശേരി സെന്റ് അലോഷ്യസ് ഹൈസ്‌കൂളിൽ തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് ജില്ലാ കളക്ടർ എൻ.ദേവിദാസ്. വോട്ടെണ്ണൽ കേന്ദ്രത്തിൽ പൊലീസ് സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന ഇ.വി.എം മെഷീനുകളും പോസ്റ്റൽ ബാലറ്റുകളും ഇന്ന് രാവിലെ 7ന് പുറത്തെടുക്കും. ഏഴ് ഇ.വി.എം കൗണ്ടിംഗ് ഹാളുകളാണ് ഒരുക്കിയിരിക്കുന്നത്. 8 മുതലാണ് വോട്ടെണ്ണൽ. പോസ്റ്റൽ ബാലറ്റുകൾ വരണാധികാരിയുടെ മേൽനോട്ടത്തിൽ പ്രത്യേകം ക്രമീകരിച്ചിട്ടുള്ള ഹാളിൽ എണ്ണും. രണ്ട് നിരീക്ഷകരാണുള്ളത്.

ഇ.വി.എം കൗണ്ടിംഗിനായി ഓരോ ഹാളിലും 14 ടേബിളുകളും പോസ്റ്റൽ ബാലറ്റ് കൗണ്ടിങ്ങിനായി 33 ടേബിളുകളും ക്രമീകരിച്ചിട്ടുണ്ട്. പരമാവധി 14 റൗണ്ടിൽ ഇ.വി.എം കൗണ്ടിംഗ് പൂർത്തിയാകും. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് നിശ്ചിത മണിക്കൂർ വരെ ആർ.ഒയ്ക്ക് ലഭിച്ച എല്ലാ പോസ്റ്റൽ ബാലറ്റുകളും എണ്ണും. 8 മണിക്കാണ് പോസ്റ്റൽ ബാലറ്റ് എണ്ണുന്നത്. തുടർന്ന് 8.30ന് ഇ.വി.എമ്മുകളിലെ വോട്ടെണ്ണൽ. വോട്ടെണ്ണലിനായി 1300ൽ പരം ഉദ്യോഗസ്ഥരുണ്ട്. നടപടിക്രമങ്ങൾ സംബന്ധിച്ച് എല്ലാ സ്ഥാനാർത്ഥികൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വോട്ടെണ്ണൽ ഏജന്റുമാരെയും നിയമിച്ചു. ഇ.വി.എം കൗണ്ടിംഗിന് ശേഷം ഒരോ നിയമസഭാ സെഗ്മെന്റുകളിലേയും നറുക്കിട്ടെടുത്ത അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വി.വി പാറ്റ് സ്ളിപ്പുകളും പ്രത്യേകം എണ്ണും. വോട്ടെണ്ണലിന്റെ ഫലപ്രഖ്യാപനം ഓരോ റൗണ്ടിനും പ്രസിദ്ധപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്ക് വീക്ഷിക്കുന്നതിനും ഡിസ്‌പ്ളേ ഉൾപ്പെടെ വിപുലമായ സംവിധാനങ്ങളും എർപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.

മൂന്ന് തലത്തിൽ സുരക്ഷാവലയം

 സുരക്ഷയ്ക്ക് ത്രീ ടയർ കോർഡനിംഗ് സിസ്റ്റം

 കൗണ്ടിംഗ് പരിസരം/കാമ്പസിന് ചുറ്റുമുള്ള 100 മീറ്റർ ചുറ്റളവിൽ ഔട്ടർ കോർഡനിൽ ഐഡന്റിറ്റി പരിശോധിക്കാൻ ലോക്കൽ പൊലീസിനോപ്പം ഒരു മജിസ്ട്രേറ്റ്

 ഈ പരിധിക്കുള്ളിൽ വാഹനങ്ങൾ അനുവദിക്കില്ല

 രണ്ടാം നിരയും മിഡിൽ കോർഡനും വോട്ടെണ്ണൽ കേന്ദ്രത്തിലെ ഗേറ്റിന് സമീപം

 സുരക്ഷാ ചുമതല സംസ്ഥാന സായുധ പൊലീസിന്

 മൂന്നാം നിരയും ഇന്നർ കോർഡനും കൗണ്ടിംഗ് ഹാൾ വാതിൽക്കൽ

 നിയന്ത്രണം കേന്ദ്ര സായുധ പൊലീസ് സേനയ്ക്ക്

 കൗണ്ടിംഗ് ഹാളിനുള്ളിൽ മൊബൈൽ ഫോണിന് നിരോധനം

 കൃത്യമായ ഇടവേളകളിൽ കൗണ്ടിംഗ് ഹാൾ സന്ദർശിക്കാൻ മീഡിയ ഗ്രൂപ്പുകളെ അനുവദിക്കും

ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റിട്ടേണിംഗ് ഓഫീസറുടെ നിർദ്ദേശങ്ങൾ പാലിക്കണം.

എൻ.ദേവിദാസ്, ജില്ലാ കളക്ടർ

Advertisement
Advertisement