ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ കനിവ് ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം

Tuesday 04 June 2024 12:44 AM IST

കൊല്ലം: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി കൊല്ലം പരവൂർ സ്വദേശിനിയായ 27 കാരി. ഇന്നലെ യുവതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതി ആംബുലൻസിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്.

പാരിപ്പള്ളിയിലേക്ക് പോകാൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലെ കനിവ് ആംബുലൻസ് ഡ്രൈവർ കെ.എൻ.ഷിജിൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിനു ജോർജ് എന്നിവർ ആശുപത്രിയിലെത്തുകയും പുനലൂർ താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അഞ്ജനയും അറ്റൻഡർ മിനിയുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് തിരിക്കുകയായിരുന്നു.

ആംബുലൻസ് അഞ്ചൽ ബൈപ്പാസ് എത്തിയപ്പോൾ യുവതിയുടെ ആരോഗ്യനില മോശമായി. തുടർന്ന് പ്രിനു നടത്തിയ പരിശോധനയിൽ പ്രസവമെടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ പ്രസവമെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏഴോടെ പ്രിനുവിന്റെയും അഞ്ജനയുടെയും പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകി. ഉടൻ ആംബുലൻസ് ഡ്രൈവർ കെ.എൻ.ഷിജിൻ അമ്മയെയും കുഞ്ഞിനെയും തിരികെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.

Advertisement
Advertisement