മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ബിആർപി  ഭാസ്‌കർ അന്തരിച്ചു

Tuesday 04 June 2024 8:59 AM IST

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കർ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വതന്ത്ര ഇന്ത്യയിലെ യുഗനിർമ്മാണ സംഭവങ്ങൾ ഉൾക്കൊള്ളുന്ന മിക്കവാറും എല്ലാ പ്രധാന വാർത്താ കേന്ദ്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഭവബഹുലമായ തന്റെ പത്രപ്രവർത്തന ജീവിതത്തിൽ, ആഴത്തിലുള്ള രാഷ്ട്രീയ വിശകലനപരവും വ്യാഖ്യാനപരവുമായ റിപ്പോർട്ടുകൾ, ഉൾക്കാഴ്ചയുള്ള അഭിമുഖങ്ങൾ, എണ്ണമറ്റ സ്‌കൂപ്പുകൾ എന്നിവ ബിആർപിയുടെ പ്രത്യേകതയാണ്.

1932 മാര്‍ച്ച് 12-ന് കൊല്ലം കായിക്കരയിലാണ് ജനിച്ചത്. നവഭാരതംപത്രം ഉടമ എ.കെ.ഭാസ്കറിന്‍റെയും മീനാക്ഷിയുടെയും മകനായിരുന്നു. ‘നവഭാരത’ത്തിൽ അച്ഛൻ അറിയാതെ അപരനാമത്തിൽ വാർത്തയെഴുതിയാണ് തുടക്കം. 1952-ൽ ‘ദ ഹിന്ദു’വിൽ ട്രെയിനിയായി. 14 വര്‍ഷം ദ ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ് എന്നീ പത്രങ്ങളില്‍ ജോലി ചെയ്തു. 1966-ല്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലും കശ്മീരിലും യുഎന്‍ഐയുടെ ബ്യൂറോ ചീഫായിരുന്നു. കശ്മീര്‍ ഭരണകൂടത്തിനെതിരെ വാര്‍ത്ത നല്‍കിയതിന് ബിആര്‍പിക്കെതിരേ വധശ്രമമുണ്ടായി. ദി ഹിന്ദു, ദി സ്റ്റേറ്റ്മാന്‍, ഡെക്കാണ്‍ ഹെറാള്‍ഡ് , പേട്രിയറ്റ്, യുഎന്‍ഐ അടക്കമുളള മാദ്ധ്യമ സ്ഥാപനങ്ങളില്‍ 70 വര്‍ഷത്തോളം ജോലി ചെയ്തു.

ഡെക്കാണ്‍ ഹെറാള്‍ഡില്‍ 1984 മുതല്‍ മാദ്ധ്യമപ്രവര്‍ത്തകനായി. ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ചപ്പോൾ വാര്‍ത്താ വിഭാഗം ഉപദേഷ്ടാവായിരുന്നു. 1991-ല്‍ പത്രപ്രവര്‍ത്തന ജോലിയില്‍ നിന്ന് വിരമിച്ചു. 1993 മുതല്‍ തിരുവനന്തപുരത്തും 2017 മുതല്‍ ചെന്നൈയിലുമായാണ് താമസിച്ചിരുന്നത്. കേരള സർക്കാരിന്‍റെ സ്വദേശാഭിമാനി–കേസരി മാദ്ധ്യമ പുരസ്കാരം 2014 -ൽ ലഭിച്ചു. 'ന്യൂസ് റൂം' എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു. 2023-ലെ മികച്ച ആത്മകഥയ്ക്കുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഈ കൃതിക്കു ലഭിച്ചു.

പത്രപ്രവർത്തകരുടെ അവകാശപോരാട്ടങ്ങളിൽ എന്നും മുൻനിരയിൽ നിന്ന അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ രമ 2023 ഫെബ്രുവരിയില്‍ മരിച്ചു. ഏകമകള്‍ ബിന്ദു ഭാസ്കര്‍ കാന്‍സര്‍ ബാധിച്ച് 2019-ല്‍ മരിച്ചു.

Advertisement
Advertisement