കൊല്ലത്ത് യുഡിഎഫ് തേരോട്ടം; എൻ കെ പ്രേമചന്ദ്രന്റെ ലീഡ് 10,​000 കടന്നു,​ മുകേഷ് രണ്ടാമത്

Tuesday 04 June 2024 9:07 AM IST

കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന് വൻ ലീഡ്. 11486 വോട്ടിന്റെ ലീഡാണ് ഇപ്പോൾ ഉള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് രണ്ടാമതാണ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ മൂന്നാം സ്ഥാനത്തും.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 148856 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു എൻ കെ പ്രേമചന്ദ്രൻ രണ്ടാമതും വിജയിച്ചത്. ഇത്തവണ ഹാട്രിക് വിജയം ലക്ഷ്യം വച്ചാണ് വീണ്ടും പ്രേമചന്ദ്രനെ യുഡിഎഫ് രംഗത്തിറക്കിയത്. എംഎൽഎയും നടനുമായ മുകേഷിനെ ഇറക്കി മണ്ഡലം പിടിക്കാമെന്നാണ് എൽഡിഎഫ് പ്രതീക്ഷിച്ചത്. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കവെ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ മുകേഷ്. എൻഡിഎ മണ്ഡലത്തിൽ നടൻ കൃഷ്ണകുമാറിനെയാണ് രംഗത്ത് ഇറക്കിയത്. എന്നാൽ അദ്ദേഹം മൂന്നാം സ്ഥലത്തേക്ക് പിന്തള്ളപ്പെട്ടു.

കൊല്ലം,​ ഇരവിപുരം,​ ചാത്തന്നൂർ,​ ചവറ,​ പുനലൂർ,​ ചടയമംഗലം,​ കുണ്ടറ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കൊല്ലം ലോക്‌സഭാ മണ്ഡലം. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന 17 തിരഞ്ഞെടുപ്പുകളിൽ പത്തിലും ഇടതുപക്ഷമാണ് വിജയിച്ചത്. മുന്നണിയിലെ ധാരണപ്രകാരം ആർഎസ്‌പിയാണ് എൽഡിഎഫിനായി മത്സരിച്ചത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് തർക്കത്തെ തുടർന്ന് ആർഎസ്‌പി യുഡിഎഫിലെത്തി. തുടർന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും പ്രേമചന്ദ്രൻ വൻ വിജയം സ്വന്തമാക്കിയിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കവെ കൊല്ലത്ത് വീണ്ടും എൻ കെ പ്രേമചന്ദ്രൻ തന്നെ വിജയിക്കുമെന്നാണ് കരുതുന്നത്.