പ്രവചനാതീതമായി തിരുവനന്തപുരം, ലീഡുകൾ മാറി മാറിയുന്നു; ചിത്രങ്ങളിൽ പോലും ഇല്ലാതെ പന്ന്യൻ

Tuesday 04 June 2024 11:04 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്നു. മിക്ക മണ്ഡലങ്ങളിലും വ്യക്തമായ ചിത്രം തെളിഞ്ഞുകഴിഞ്ഞു. എന്നാൽ തിരുവനന്തപുരം മാത്രം ഇപ്പോഴും പ്രവചനാതീതമായി തുടരുകയാണ്. എൻ ഡി എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിലാണ് കനത്ത മത്സരം നടക്കുന്നത്.

11.30 വരെയുള്ള കണക്കുകൾ പ്രകാരം 1,16,949 വോട്ടുകൾ നേടിയ രാജീവ് ചന്ദ്രശേഖർ ശശി തരൂരിനേക്കാൾ 9,112 വോട്ടിന് ലീഡ് ചെയ്യുകയാണ്. 1,07837 വോട്ടുകളാണ് തരൂർ നേടിയത്. എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ചിത്രങ്ങളിൽ പോലും ഇല്ല. 80,984 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

രാജീവ് ചന്ദ്രശേഖറിന്‌ സാദ്ധ്യതയുണ്ടെന്ന് പ്രവചിക്കുന്നതായിരുന്നു മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജീവ് ചന്ദ്രശേഖർ ഇന്നലെ പ്രതികരിച്ചിരുന്നു. "എല്ലാ എക്‌സിറ്റ് പോളുകളും ഈ വിജയം പ്രവചിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ബി ജെ പിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്."- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കേരളത്തിൽ താമര വിരിയുമോ എന്ന ചോദ്യം ഇനി 2029 ചോദിച്ചാൽ മതിയെന്നും 2024ൽ അത് സംഭവിക്കാൻ സാദ്ധ്യതയില്ലെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. "26ാം തീയതി നടന്ന ജനങ്ങളുടെ തീരുമാനത്തിൽ ഞങ്ങൾക്ക് നല്ല പ്രതീക്ഷയുണ്ട്.എക്‌സിറ്റ് പോൾ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല."- എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement