"മോദി പോലും പിന്നിലായ സ്ഥിതിയാണ്; വടകരയിലെ തിരിച്ചടി പൊതു ട്രെൻഡിന്റെ ഭാഗമെന്ന് ശൈലജ

Tuesday 04 June 2024 1:06 PM IST

വടകര: കേരളം ഒന്നടങ്കം ആകാംക്ഷയോടെ നോക്കിക്കണ്ട മണ്ഡലമാണ് വടകര. എന്നാൽ നാല് ലക്ഷത്തിനടുത്ത് വോട്ടുകൾ നേടി യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തേരോട്ടം തുടരുകയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജയേക്കാൾ എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് നിലവിൽ ഷാഫിക്കുള്ളത്.എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ 79, 399 വോട്ടുകളാണ് നേടിയത്.

തനിക്ക് തിരിച്ചടിയായത് എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെ കെ ശൈലജ ഇപ്പോൾ. 'ഇത്തവണ അഖിലേന്ത്യ മത്സരത്തിൽ ഇന്ത്യ മുന്നണി നല്ല രീതിയിൽ മുന്നോട്ടുവന്നതായി കാണുന്നുണ്ട്. അതും ഏറിയും കുറഞ്ഞും വരുന്നുണ്ട്. പക്ഷേ, നരേന്ദ്ര മോദി പോലും പിന്നിലായ സ്ഥിതിയാണ് വോട്ടെണ്ണലിന്റെ സമയത്ത് കണ്ടത്.

എനിക്ക് തോന്നുന്നു, കേരളത്തിലെ ജനങ്ങൾ ബി ജെ പിക്ക് ബദലായി കോൺഗ്രസിനെ കാണുന്നു. ഇത് തന്നെയാണ് സാധാരണ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടാകാറ്. ഇത്തവണയും ആ ട്രെൻഡ് തന്നെയാണല്ലോ നമ്മൾ കണ്ടത്.

ഈ പൊതു ട്രെൻഡിന്റെ ഭാഗമായിട്ടാണ് വടകരയിൽ പിന്നിലേക്ക് പോയത്. മറ്റൊന്ന് ഇപ്പോഴത്തെ നവമാദ്ധ്യമ പ്രചാരണങ്ങൾ. ഹിന്ദുപത്രത്തിൽ ഒരു വാർത്ത വന്നിരുന്നു കഴിഞ്ഞ പ്രാവശ്യം. പാർലമെന്റിനെ പോലും നിയന്ത്രിക്കുന്നത് ഈ ന്യൂ മീഡിയ ആണെന്ന്. തെറ്റായ കാര്യങ്ങൾ പ്രചരിച്ചാലും അത് കുറേ ആളുകളുടെ മനസിലേക്ക് പോകും.

നേരത്തെ പറഞ്ഞതുപോലെ സത്യം സഞ്ചരിക്കാൻ തുടങ്ങുമ്പോഴേക്ക് നുണ നൂറായിരം മൈലുകൾ സഞ്ചരിച്ചിട്ടുണ്ടാകും. അത് മറികടക്കണമെങ്കിൽ അത്തരത്തിലൊരു ന്യൂമീഡിയ കൈകാര്യം ചെയ്യുന്നത് എല്ലാവർക്കും അറിയണം. ചിലർ ന്യൂമീഡിയ കൈകാര്യം ചെയ്യാൻ വിദഗ്ദ്ധരാണ്.

യഥാർത്ഥ രാഷ്ട്രീയ പ്രശ്നങ്ങൾ എത്തുന്നതിന് മുമ്പേ മറ്റ് രീതിയിലുള്ള കാര്യങ്ങൾ പ്രചരിക്കുന്നുവെന്നത് വസ്തുതയാണ്. വടകര മാത്രമല്ല, ഇനി നേരിടാൻ പോകുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണിതെന്ന് എനിക്ക് തോന്നുന്നു. ഇതൊരു ഘടകം മാത്രമാണ്.

ഇതുകൊണ്ട് മാത്രമാണെന്ന് പറയാൻ പറ്റില്ല. ഭരണവിരുദ്ധ വികാരം എന്ന് പറയാൻ പറ്റില്ല. 2019ൽ പാർലമെന്റിൽ യു ഡി എഫിന് അനുകൂലമായി. പിന്നീട് 2021ൽ ഇടതുപക്ഷത്തെ അല്ലേ അസംബ്ലിയിലേക്ക് തിരഞ്ഞെടുത്തത്. എല്ലാം വിശകലനം ചെയ്താലല്ലേ പറയാൻ പറ്റൂ.'- കെ കെ ശൈലജ പറഞ്ഞു.

Advertisement
Advertisement