"ഇത്തവണ സുരേഷ് ഗോപി തൃശൂർ എടുക്കുകയല്ല, തൃശൂർ സുരേഷ് ഗോപിയെ എടുത്തിരിക്കുന്നു, അഭിമാനമാണ് സുരേഷേട്ടൻ"

Tuesday 04 June 2024 5:05 PM IST

തൃശൂരിൽ എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി ബി ജെ പി നേതാവ് സന്ദീപ് വാര്യർ. സുരേഷ് ഗോപി തൃശൂർ എടുക്കുകയല്ല, തൃശൂർ സുരേഷ് ഗോപിയെ എടുക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ഫെസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഒരു മനുഷ്യനെ, സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവത്തിനെ, നഷ്ടപ്പെട്ട മകളുടെ ഓർമ്മയിൽ പെൺകുട്ടികളെ ഏറെ സ്നേഹിക്കുന്ന ഒരച്ഛനെ, വേട്ടയാടിയ എതിരാളികൾക്കും മാദ്ധ്യമങ്ങൾക്കും തൃശൂരിലെ ജനങ്ങൾ മറുപടി കൊടുത്തു കഴിഞ്ഞു. ഇത്തവണ സുരേഷ് ഗോപി തൃശൂർ എടുക്കുകയല്ല, തൃശൂർ സുരേഷ് ഗോപിയെ എടുത്തിരിക്കുന്നു. അഭിമാനമാണ് സുരേഷേട്ടൻ.


4,123,38 വോട്ടുകൾക്കാണ് തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി സുരേഷ് ഗോപിയേക്കാൾ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി തൃശൂർ 'എടുത്തത്'. 3,376,52 വോട്ടുകളാണ് സുനിൽ കുമാർ നേടിയത്. യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരന് 3,281,24 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ ബി ജെ പി പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലും മധുരം വിതരണം ചെയ്‌തിരുന്നു. വൈകാതെ അദ്ദേഹം ഹെലികോപ്‌ടറിൽ തൃശൂരിലേക്ക് പോകും.

Advertisement
Advertisement