വട്ടപൂജ്യത്തിൽ നിന്ന് എൽഡിഎഫിനെ രക്ഷിച്ച് കെ രാധാകൃഷ്ണൻ; ആലത്തൂരിനെ പാട്ടിലാക്കാനാകാതെ രമ്യ ഹരിദാസ്

Tuesday 04 June 2024 6:11 PM IST

ആലത്തൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൂജ്യത്തിൽ നിന്ന് എൽഡിഎഫിനെ കാത്ത ഒരേയൊരു മണ്ഡലമാണ് ആലത്തൂർ. ചിത്രത്തിൽ നിന്ന് മാഞ്ഞുപോകാതെ എൽഡിഎഫിനെ കാത്തത് മന്ത്രി കെ രാധാകൃഷ്‌ണനാണ്. 3,98,818 വോട്ട് നേടിയാണ് കെ രാധാകൃഷ്ണൻ എൽഡിഎഫിനെ കനത്ത പരാജയത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. 19,587 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാധാകൃഷ്ണന്റെ ജയം. സിറ്റിംഗ് എംപിയായ യുഡിഎഫിന്റെ രമ്യ ഹരിദാസിന് ലഭിച്ചത് 3,79,231 വോട്ടും എൻഡിഎയുടെ ടി എൻ സരസുവിന് നേടാനായത് 1,86,441 വോട്ട് മാത്രവും മാത്രമാണ്.

കർഷകരുടെയും കർഷക തൊഴിലാളികളുടെയും നിർണ്ണായക വോട്ടുകളുള്ള ആലത്തൂർ പിടിക്കാൻ എൽഡിഎഫും കാക്കാൻ യുഡിഎഫും കനത്ത പോരാട്ടമാണ് നടത്തിയത്. ഭരണവിരുദ്ധ വികാരമാണ് എൽഡിഎഫിനെ അടിതെറ്റിച്ചതെന്ന് പൊതുവെ വിലയിരുത്തലുണ്ടെങ്കിലും കെ രാധാകൃഷ്ണന്റെ ജനപിന്തുണയാണ് എൽഡിഎഫിനെ തുണച്ചത്. എൽഡിഎഫിന്റെ ശക്തികേന്ദ്രമായ മണ്ഡലം കഴിഞ്ഞതവണ പാട്ടുംപാടി രമ്യ ഹരിദാസ് കൊണ്ടുപോയപ്പോൾ ജനകീയനെ ഇറക്കിയ എൽഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ കൃത്യമാവുകയായിരുന്നു. കോഴിക്കോട് കുന്ദമംഗലം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് രമ്യ ആലത്തൂരിലെത്തി 1,58,968 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഎമ്മിലെ പികെ ബിജുവിനെ തറപറ്റിച്ചത്. ബിജുവിനോടുള്ള ആലത്തൂരുകാരുടെ എതിർപ്പും കഴിഞ്ഞതവണ വോട്ടുബാങ്കിൽ പ്രതിഫലിച്ചിരുന്നു.

2008ൽ ആലത്തൂർ മണ്ഡല രൂപീകരണ ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ (2009, 2014) ബിജുവാണ് ജയിച്ചത്. പാലക്കാട്, തൃശൂർ ജില്ലകളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് പട്ടികജാതി മണ്ഡലം കൂടിയായ ആലത്തൂർ മണ്ഡലം. മുൻവർഷത്തിൽ എൽഡിഎഫിനെ കൈവിട്ട മണ്ഡലം ഈ വർഷം ചേർത്തുപിടിക്കുകയായിരുന്നു.

രമ്യയുടെ യുവത്വം, സാധാരണക്കാരിയെന്ന പരിവേഷം, ഗായിക എന്നിവയായിരുന്നു വോട്ടർമാരിൽ സ്വാധീനമുണ്ടാക്കിയത്. എന്നാൽ ഈ സ്വാധീനം നിലനിർത്താൻ രമ്യക്കായില്ല. മണ്ഡലത്തിലെ പ്രവ‌ർത്തനങ്ങൾ രമ്യ ആവർത്തിച്ച് പറഞ്ഞിട്ടും വോട്ടർമാരെ വിശ്വാസത്തിലെടുക്കാൻ സാധിച്ചില്ല എന്നതാണ് ജനവിധി വ്യക്തമാക്കുന്നത്.

ഇത്തവണയും പാട്ടുംപാടി രമ്യ പ്രചാരണം നടത്തിയെങ്കിലും ആലത്തൂർ മണ്ഡലം പാട്ടിലായില്ല. ഫണ്ടിന്റെ കുറവ് രമ്യയുടെ പ്രചരണത്തെ നന്നായി ബാധിച്ചു. മണ്ഡലത്തിൽ എടുത്തുപറയത്തക്ക പദ്ധതികൾ കൊണ്ടുവന്നിട്ടില്ലെന്നതാണ് പ്രധാന വിമർശനം. പാർട്ടി പരിപാടികളിൽ സജീവമായില്ലെന്നും പ്രവർത്തകരുമായുള്ള ആശയ വിനിമയം സുതാര്യമല്ലെന്നും ആക്ഷേപമുയർന്നു. ഇക്കാര്യങ്ങൾ പറഞ്ഞുതീർത്തെങ്കിലും അതിന്റെ അലയൊലികൾ കെട്ടടങ്ങിയിട്ടില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്.

കൈവിട്ടുപോയ മണ്ഡലത്തെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആലത്തൂർ മണ്ഡലത്തിലുൾപ്പെട്ട ചേലക്കരക്കാരൻ കെ രാധാകൃഷ്ണനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയത്. ചേലക്കരക്കാരുടെ രാധേട്ടൻ വിജയിക്കുമെന്ന എൽഡിഎഫിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. ജനകീയൻ, പക്വമതി, മന്ത്രി, മുൻ സ്പീക്കർ, തിരഞ്ഞെടുപ്പിൽ ഇതുവരെ തോറ്റിട്ടില്ലാത്തയാൾ ഇതൊക്കെയാണ് പാർട്ടി പരിഗണിച്ചത്. എന്നാൽ ചില പ്രാദേശിക കാര്യങ്ങളിൽ രാധാകൃഷ്ണനോട് ജനങ്ങൾക്ക് വിയോജിപ്പുണ്ടായിരുന്നു. ആചാരങ്ങൾ സംരക്ഷിക്കാത്തതിനെ വിമർശിച്ച് രമ്യയും രാധാകൃഷ്ണനെതിരെ രംഗത്തെത്തിയെങ്കിലും അവസാനം എൽഡിഎഫിന്റെ രക്ഷകനായി കെ രാധാകൃഷ്ണൻ മാറുകയായിരുന്നു.

ബിജെപി ഏറ്റെടുത്ത മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിനാൽ അവസാന ദിവസങ്ങളിലാണ് എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി എൻ സരസു പ്രചാരണത്തിനിറങ്ങിയത്. ഇപ്രാവശ്യം ബിഡിജെ.എസിൽ നിന്ന് എൻഡിഎ മണ്ഡലം ഏറ്റെടുക്കുകയായിരുന്നു. കേന്ദ്രത്തിൽ മോദി ഗ്യാരന്റിയിലൂന്നിയായിരുന്നു പ്രചാരണമെങ്കിലും ഫലം കണ്ടില്ല.

Advertisement
Advertisement