പിന്നാക്ക, മുസ്ലീം വോട്ട് ബാങ്കിൽ വിള്ളൽ, സി.പി.എം പാഠം പഠിച്ചില്ല

Wednesday 05 June 2024 12:00 AM IST

തിരുവനന്തപുരം:2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയ പിന്നാക്ക, മുസ്ലീം വോട്ട് ബാങ്കുകളിലെ

വലിയ വിള്ളലാണ് എൽ.ഡി.എഫ് വിജയം ഒരു സീറ്റിലൊതുക്കിയ കനത്ത തിരിച്ചടിക്ക് മുഖ്യകാരണമായത്.

പിന്നാക്ക - പട്ടിക സമുദായങ്ങൾക്ക് കടുത്ത അവഗണനയാണ് മൂന്ന് വർഷത്തെ ഭരണത്തിൽ നേരിട്ടതെന്ന പരാതിയുണ്ട്. മുസ്ലീം വിഭാഗത്തിന് വഴി വിട്ട ആനുകൂല്യങ്ങൾ ലഭിച്ചെന്ന ആക്ഷേപം ഉയരുമ്പോഴും അതൊന്നും

എൽ.ഡി.എഫിന് വോട്ടായില്ല.കേന്ദ്രത്തിൽ മോദി സർക്കാരിന്റെ മൂന്നാമൂഴം തടയാൻ മുസ്ലീങ്ങളും, ഇടതിനെ

പിന്തുണച്ചിരുന്ന ക്രിസ്ത്യൻ വിഭാഗങ്ങളും യു.ഡി.ഫിന് വോട്ട്

ചെയ്തെന്നാണ് ഭൂരിഭാഗം മണ്ഡലങ്ങളിയെയും ഫലം സൂചിപ്പിക്കുന്നത്.

സി.പി.എം വിജയം ഉറപ്പിച്ചിരുന്ന ആറ്റിങ്ങൽ തുച്ഛമായ വോട്ടിന് നഷ്ടപ്പെട്ടപ്പോൾ, ആലപ്പുഴ, പാലക്കാട്, വടകര, കണ്ണൂർ

സീറ്റുകളിൽ കനത്ത തോൽവിയാണ് നേരിട്ടത്. പ്രസ്റ്റീജ് മത്സരം നടന്ന വടകരയിലും, കടുത്ത പോരാട്ടം നടന്ന കണ്ണൂരിലും

ഒരു ലക്ഷത്തിലേറെയും, പാലക്കാട്ട് മുക്കാൽ ലക്ഷത്തിന്റെയും, ആലപ്പുഴയിൽ 60,000ത്തിലേറെയും വോട്ടിന്റെ

ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിച്ചത്. ഈഴവ സമുദായത്തിന് കാര്യമായ സ്വാധീനമുള്ള

മണ്ഡലങ്ങളാണിവ. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയവും, ആറ്റിങ്ങലിൽ മൂന്നാം സ്ഥാനത്തായങ്കിലും വി. മുരളീധരന് മൂന്ന് ലക്ഷത്തിലേറെ വോട്ട് ലഭിച്ചതും, ആലപ്പുഴയിൽ ശോഭാ സുരേന്ദ്രന്റെ അപ്രതീക്ഷിത മുന്നേറ്റവും സി.പി.എമ്മിൽ നിന്ന് ഈഴവ വോട്ട് ചോർന്നതിന്റെ കൂടി

ഫലമാണ്. തിരുവനന്തപുരത്ത് ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖറുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ

യു.ഡി.എഫിന്റെ ശശി തരൂർ വിജയിച്ചതിലും ഈഴവരുൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ നിർണ്ണായകമാായി.

ആഞ്ഞടിച്ച് യുവ രോഷം

പി.എസ്.സി റാങ്ക് ലിസ്റ്റുകളെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെയും നോക്കുക്കുത്തികളാക്കിയും,സംവരണം അട്ടിമറിച്ചും

സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും, സർക്കാർ സ്‌കൂളുകളിലും മറ്റും വ്യാപകമായി നടക്കുന്ന പിൻവാതിൽ,

കരാർ നിയമനങ്ങളിലുള്ള യുവജനങ്ങളുടെ രോഷവും സർക്കാർ വിരുദ്ധ വികാരം സ‌ൃഷ്ടിച്ചു. സർക്കാർ ആശുപത്രികളിലും

നഗരസഭകളിലും മറ്റുമുള്ള താത്കാലിക ഒഴിവുകളിൽ പാർട്ടി നേതാക്കൾക്ക് വേണ്ടപ്പെട്ടവരെ ജില്ലാ സെക്രട്ടറിമാരുടെ

കത്ത് വാങ്ങി തിരുകിക്കയറ്റുമ്പോൾ, അർഹരായിട്ടും അതിന് കഴിയാത്ത യുവതീ യുവാക്കൾ പിന്തള്ളപ്പെടുന്നു.

ഭരണത്തിലും സംഘടനയിലും

പാർട്ടി നിയന്ത്രണം നഷ്ടമായി

ഇടതു സർക്കാരുകളെ നിയന്ത്രിക്കുന്നതിൽ സി.പി.എം നേതൃത്വം മുമ്പൊക്കെ തിരുത്തൽ ശക്തിയായി വർത്തിച്ചിരുന്നെങ്കിൽ

ഇന്ന് ആ നിയന്ത്രണം നഷ്ടമായി. യുവജന, വിദ്യാർത്ഥി സംഘടനകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നാണ്

വിമർശനം. എസ്.എഫ്.ഐയിലെ പുത്തൻ കൂറ്റുകാരുടെ വിളയാട്ടങ്ങളും, കോളേജ് ക്യാമ്പസുകളെ സ്വന്തം

സാമ്രാജ്യങ്ങളാക്കിയുള്ള അതിരു കടന്ന അതിക്രമങ്ങളും വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും പാർട്ടിയിൽ നിന്നകറ്റി.

പാർട്ടി നേതൃത്വം അക്രമികൾക്ക് ഒത്താശ നൽകുകയോ ,മൗനം പാലിക്കുകയോ ചെയ്തു. പൂക്കോട് വെറ്ററിനറി കോളേജ്

വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ആത്മഹത്യയാണ് ഇതിൽ ഒടുവിലത്തേത്.

Advertisement
Advertisement