ദിനംപ്രതി ആയിരക്കണക്കിന് സ്വദേശികളും വിദേശികളും എത്തുന്ന സ്ഥലം,​ പക്ഷേ ഇപ്പോൾ ഇവിടെ അങ്ങനെയല്ല

Wednesday 05 June 2024 12:53 AM IST

ഫോർട്ടുകൊച്ചി: ദിനംപ്രതി ആയിരക്കണക്കിന് സ്വദേശികളും വിദേശികളും എത്തുന്ന ഫോർട്ടുകൊച്ചി സ്വപ്നതീരത്ത് മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത സ്ഥിതിയായി. ഇന്ന് ലോക പരിസ്ഥിതിദിനമാചരിക്കുമ്പോഴും സ്ഥിതിഗതികൾക്ക് മാറ്റമില്ല. ഓരോ വർഷവും ബീച്ച് ശുചീകരണത്തിനായി അധികാരികൾ ലക്ഷങ്ങൾ ചെലവിടുമ്പോഴും തീരവും പരിസരവും വൃത്തിഹീനമാണിപ്പോഴും. മാലിന്യംകൂടിക്കിടക്കുന്നത് കണ്ട് മനസ് വേദനിച്ചൊരു വിദേശി തനിച്ച് ബീച്ച് ശുചീകരണം നടത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടും അധികാരികൾക്ക് കുലക്കമില്ല.

ഇന്ത്യയിലെ പ്രധാനപ്പെട്ട ബീച്ചുകളിൽ ഒന്നായിരുന്നു ഫോർട്ടുകൊച്ചി ബീച്ച്. എന്നാൽ വൃത്തിയുടെ കാര്യത്തിൽ പിറകിലായതോടെ ആ പട്ടികയിൽനിന്ന് ഫോർട്ടുകൊച്ചി ബീച്ച് ഔട്ടായി.

നോർത്ത് ബീച്ചിൽ മത്സ്യവില്പനക്കാർ കച്ചവടം നടത്തുന്നതിനാൽ മലിനജലം നടപ്പാതയിൽ ഒഴുകുന്നതും പരിസരത്തെ ദുർഗന്ധവും ബീച്ചിലേക്കെത്തുന്നവരെ ഇവിടെനിന്ന് അകറ്റുന്നു.

മൺസൂൺ ടൂറിസം ആഘോഷിക്കാൻ മുൻകാലങ്ങളിൽ നിരവധി വിദേശികൾ ഇവിടെ എത്തിയിരുന്നു. കുടപിടിച്ച് സന്ധ്യാസമയത്ത് കായലിൽ നോക്കിയിരുന്ന് മഴയുടെയും ചീനവലയുടെയും ഭംഗി ആസ്വദിക്കാൻ എത്തിയിരുന്നവർ ഇന്ന് ഇവിടേക്ക് തിരിച്ചുനോക്കുന്നില്ല. നിരവധി ഹോംസ്റ്റേകളും വിദേശികൾ വരാതായതോടെ പ്രതിസന്ധിയിലായി.

ബീച്ചിലെ പ്രശ്നങ്ങൾ

* ബീച്ചിലേക്കുള്ള നടപ്പാതകളും ഇരിപ്പിടങ്ങളും തകർന്നു.

* വഴിവിളക്കുകളും പ്രവർത്തനരഹിതമാണ്.

* കല്ലുകൾക്കിടയിൽ ഉഗ്രവിഷമുള്ള പാമ്പുകളുമുണ്ട്.

* തെരുവ് നായശല്യവും രൂക്ഷമാണ്.

* രാത്രി സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.

* ഹോംസ്റ്റേകളും പ്രതിസന്ധിയിൽ

ബീച്ചിൽ അടിയുന്ന മാലിന്യങ്ങൾ ദിനംപ്രതി കൊച്ചി കോർപ്പറേഷൻ ജീവനക്കാർ നീക്കംചെയ്താൽ മാലിന്യപ്രശ്നത്തിന് പരിഹാരമാകും.

ജ്യോതിഷ്,

കൊച്ചിൻ വികസനവേദി

Advertisement
Advertisement