ഹാട്രിക് തിളക്കത്തിൽ: കൊല്ലത്ത് പ്രേമചന്ദ്രോദയം

Wednesday 05 June 2024 12:54 AM IST

കൊല്ലം: ഇടതുപക്ഷ കോട്ടകളെല്ലാം തകർത്ത് കൊല്ലം ലോക് സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന് വമ്പൻ വിജയം. ഇടതുപക്ഷം മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന പുനലൂർ, ചടയമംഗലം നിയമസഭാ മണ്ഡലങ്ങളിൽ പോലും പ്രേമചന്ദ്രൻ കഴിഞ്ഞ വർഷത്തെക്കാൾ ലീഡ് ഉയർത്തി.

എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിനെ നിയമസഭയിലെത്തിച്ച കൊല്ലത്തും പ്രേമചന്ദ്രൻ വമ്പൻ ലീഡ് നേടിയത് ഇടതുപക്ഷത്തിന് കനത്ത നാണക്കേടായി. പ്രേമചന്ദ്രൻ മോദിയുടെ വിരുന്നിൽ പങ്കെടുത്തത് ആയുധമാക്കിയതിന് പുറമെ മോദിയെ പുകഴ്ത്തിയെന്ന് ആരോപിച്ച് ന്യൂനപക്ഷ വോട്ടുകളിൽ ധ്രുവീകരണം സൃഷ്ടിക്കാൻ എൽ.ഡി.എഫ് നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല. മുൻ വർഷങ്ങളിലേത് പോലെ പ്രേമചന്ദ്രന് നേരെ എൽ.ഡി.എഫ് പ്രചാരണവേളയിൽ നടത്തിയ വ്യക്തിഹത്യ വൻ തിരിച്ചടിയായി മാറി. ന്യൂനപക്ഷങ്ങൾക്ക് പുറമേ മുന്നാക്ക, പിന്നാക്ക വോട്ടുകൾ അടർത്തിയെടുക്കാനുള്ള എൽ.ഡി.എഫ് ശ്രമങ്ങളും വിജയിച്ചില്ല.

സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളായ എം.എ.ബേബിയും കെ.എൻ.ബാലഗോപാലും പ്രേമചന്ദ്രനോട് പരാജയപ്പെട്ട സാഹചര്യത്തിൽ എൽ.ഡി.എഫ് വോട്ടിനൊപ്പം താരപരിവേഷം കൂടി വോട്ടായാൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എം. മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത്. സ്ത്രീകൾ കൂട്ടത്തോടെ മുകേഷിന് വോട്ട് ചെയ്യുമെന്നും സി.പി.എം പ്രതീക്ഷിച്ചിരുന്നു. പക്ഷെ സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ തരംഗത്തിനൊപ്പം പ്രേമചന്ദ്രന്റെ ജനകീയതയ്ക്കും മുന്നിൽ സി.പി.എമ്മിന്റെ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു.

വിജയഘടങ്ങൾ

 മികച്ച ജനപ്രതിനിധിയെന്ന അംഗീകാരം

 പാർലമെന്റിലെ മികച്ച പ്രകടനം

 ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം

 ഒരുവിഭാഗം ഇടതുപക്ഷ വോട്ടുകളും പ്രേമചന്ദ്രന്

പ്രേമചന്ദ്രന്റെ വിജയഗ്രാഫ്

വർഷം, മുന്നണി, ആകെ ലഭിച്ച വോട്ടുകൾ, ഭൂരിപക്ഷം, വോട്ട് ശതമാനം

1996, എൽ.ഡി.എഫ്, 359786,78370, 49.78

1998, എൽ.ഡി.എഫ്, 396145, 71762, 52.11

2014, യു.ഡി.എഫ്, 408528, 37649, 46.46

2019, യു.ഡി.എഫ്, 499677, 1,48, 856, 51.57

2024, യു.ഡി.എഫ്, 443628, 150302, 48.45

Advertisement
Advertisement