നാണംകെടുത്തിയ തോൽവി, ഇടത് വോട്ടുകൾ ചോർന്നു

Wednesday 05 June 2024 12:57 AM IST

കൊല്ലം: കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വോട്ട് ഇടിവാണ് ഇത്തവണ കൊല്ലത്ത് എൽ.ഡി.എഫിന് നേരിട്ടത്. ഇടതുപക്ഷ അനുഭാവികൾക്കിടയിലെ അസംതൃപ്തിയാണ് ഇത്രയും ഭീകരമായ ഇടിവിന് കാരണം. ഏഴര ലക്ഷത്തിൽ താഴെ വോട്ട് പോൾ ചെയ്ത പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ പോലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ മൂന്ന് ലക്ഷത്തിന് മുകളിൽ വോട്ട് നേടിയിട്ടുണ്ട്. ഇത്തവണ ഒൻപത് ലക്ഷത്തിലധികം വോട്ടുകൾ പോൾ ചെയ്തിട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് മൂന്ന് ലക്ഷം വോട്ട് പോലും ലഭിച്ചില്ല.

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലേത് പോലെ ഇത്തവണയും ഇടതുപക്ഷ വോട്ടുകൾ വലിയളവിൽ പ്രേമചന്ദ്രനിലേക്ക് ഒഴുകിയിട്ടുണ്ട്. കൊല്ലം മണ്ഡലത്തിൽ സി.പി.ഐ വോട്ടുകൾ വ്യാപകമായി ചോർന്നുവെന്ന സംശയം മുതിർന്ന സി.പി.എം നേതാക്കൾ തന്നെ പ്രകടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉണ്ടായ സി.പി.എം- സി.പി.ഐ സംഘർഷങ്ങളും എൽ.ഡി.എഫ് ഭരണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ അഭിപ്രായ വത്യാസങ്ങളും പോളിംഗിൽ പ്രതിഫലിച്ചുവെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണയത്തിനെതിരെയും സി.പി.എമ്മിന്റെ അടിത്തട്ടിൽ ശക്തമായ അഭിപ്രായ വത്യാസമുണ്ടായിരുന്നു.

കർശന പരിശോധനയ്ക്ക് സാദ്ധ്യത

തോൽവി സംബന്ധിച്ച് സി.പി.എം കർശന പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ കമ്മിഷനെയും നിയോഗിച്ചേക്കും ഒരു വിഭാഗം നേതാക്കൾക്ക് പുറമേ സ്ഥാനാർത്ഥി നിർണയത്തിൽ അസംതൃപ്തരായ അടിത്തട്ടിലെ പ്രവർത്തകരിൽ വലിയൊരു വിഭാഗം പുറമേ മാത്രമാണ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ അടിത്തട്ടിലെ പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിക്ക് മുതിരുമോയെന്ന കാര്യത്തിൽ സംശയുണ്ട്.

വർഷം എൽ.ഡി.എഫ് സ്ഥാനാർത്ഥി, ലഭിച്ച വോട്ടുകൾ

1991- ആർ.എസ്. ഉണ്ണി, 3,42796

1996- എൻ.കെ. പ്രേമചന്ദ്രൻ, 359786

1998-എൻ.കെ. പ്രേമചന്ദ്രൻ, 3,96,145

1999, പി. രാജേന്ദ്രൻ, 351869

2004- പി. രാജേന്ദ്രൻ, 355279

2009- പി. രാജേന്ദ്രൻ- 339870

2014- എം.എ. ബേബി- 370879

2019- കെ.എൻ. ബാലഗോപാൽ, 350821

2024- എം. മുകേഷ്, 293326

Advertisement
Advertisement