പ്രഗ്ഗിന്റെ പടയോട്ടത്തിൽ ലോക ചാമ്പ്യനും വീണു

Wednesday 05 June 2024 1:11 AM IST

ഓസ്‌ലോ : നോർവേ ചെസ് ടൂർണമെന്റിൽ നിലവിലെ ഒന്നാം റാങ്കുകാരൻ മാഗ്നസ് കാൾസൻ, രണ്ടാം റാങ്കുകാരൻ ഫാബിയോ കരുവാന എന്നിവർക്ക് പിന്നാലെ നിലവിലെ ലോക ചാമ്പ്യൻ ഡിംഗ് ലിറെനെയും തോൽപ്പിച്ച് ഇന്ത്യൻ യുവതാരം പ്രഗ്നാനന്ദ. ഇന്നലെ നടന്ന ആറാം റൗണ്ട് പോരാട്ടത്തിൽ ക്ളാസിക്കൽ ഫോർമാറ്റിൽ നടന്ന മത്സരം സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ നടന്ന അർമാഗെഡോൺ മത്സരത്തിലാണ് പ്രഗ്ഗ് ലിറനെ തോൽപ്പിച്ചത്. .ഈ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ ലിറെനോട് ‌ടൈബ്രേക്കറിൽ തോറ്റതിന് പകരം വീട്ടുകയായിരുന്നു പ്രഗ്നാനന്ദ

.ആറ് റൗണ്ടുകൾ പിന്നിട്ടപ്പോൾ മൂന്ന് ക്ളാസിക്കൽ വിജയങ്ങൾ നേടിയ പ്രഗ്നാനന്ദ 11 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 13 പോയിന്റുമായി കാൾസൺ ഒന്നാമതും 12.5 പോയിന്റുമായി ഹിക്കാരു നക്കാമുറ രണ്ടാമതുമുണ്ട്. ഏഴാം റൗണ്ടിൽ കാൾസനെ പ്രഗ് വീണ്ടും നേരിടും.

മാഗ്നസ് കാൾസനെ മൂന്നാം റൗണ്ടിലാണ് പ്രഗ് തോൽപ്പിച്ചിരുന്നത്. ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെതിരേ പ്രഗ്നാനന്ദയുടെ ആദ്യ ജയമായിരുന്നു ഇത്. ടൂർണമെന്റിലെ ആദ്യ റൗണ്ടിൽ ഫ്രാൻസിന്റെ അലിറേസ ഫിറോസയെ ടൈബ്രേക്കറിൽ തോൽപ്പിച്ചിരുന്നു. അഞ്ചാം റൗണ്ടിലാണ് ലോക രണ്ടാം നമ്പർ താരം ഫാബിയോ കരുവാനയെ തോൽപ്പിച്ചത്. ഇതോടെ പ്രഗ്നാനന്ദ ഫിഡെ റാങ്കിംഗിൽ പത്താം റാങ്കിലേക്ക് ഉയർന്നിരുന്നു. ഇതാദ്യമായാണ് പ്രഗ്നാനന്ദ ടോപ് ടെന്നിൽ എത്തുന്നത്. നിലവിൽ ഏഴാം സ്ഥാനത്തുള്ള ഡി.ഗുകേഷാണ് ഫിഡെ റാങ്കിംഗിൽ മുന്നിലുള്ള ഇന്ത്യൻ താരം. മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് 11-ാം സ്ഥാനത്തുണ്ട്.

അതേസമയം വനിതകളുടെ വിഭാഗത്തിൽ പ്രഗ്നാനന്ദയുടെ സഹോദരി ആർ. വൈശാലി ആറാം റൗണ്ടിൽ ഇന്ത്യൻ താരം കൊനേരു ഹംപിയോട് തോറ്റു. പോയിന്റ് പട്ടികയിൽ വൈശാലിയും മൂന്നാം സ്ഥാനത്താണ്. ലോകത്തിലെ ആറ് മുൻനിര താരങ്ങളാണ് ജൂൺ ഏഴുവരെ നീളുന്ന നോർവേ ചെസ് ടൂർണമെന്റിൽ മത്സരിക്കുന്നത്.

Advertisement
Advertisement