ഛെത്രിയുടെ വിരമിക്കൽ മത്സരത്തിന് ഒരുങ്ങി കൊൽക്കത്ത

Wednesday 05 June 2024 1:12 AM IST

കൊൽക്കത്ത : ഇന്ത്യൻ ഫുട്ബാളിന്റെ ഇതിഹാസതാരം സുനിൽ ഛെത്രിയുടെ വിരമിക്കൽ മത്സരത്തിന് തയ്യാറെടുത്ത് കൊൽക്കത്ത. നാളെ രാത്രി ഏഴിന് സാൾട്ട് ലേക്കിലെ യുവ് ഭാരതി ക്രീഡാംഗണിൽ കുവൈറ്റിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ട് മത്സരത്തിലൂടെയാണ് സുനിൽ ഛെത്രി 19 വർഷം നീണ്ട ഇന്ത്യൻ കരിയറിന് കർട്ടനിടുന്നത്.

നിലവിൽ കളിക്കളത്തിലുള്ള താരങ്ങളിൽ ഗോൾ സ്കോറിംഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡയ്ക്കും മെസിക്കും മാത്രം പിന്നിലുള്ള താരമാണ് 39കാരനായ സുനിൽ ഛെത്രി. 150 മത്സരങ്ങളിൽ നിന്ന് 94 ഗോളുകളാണ് ഛെത്രി നേടിയിട്ടുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച താരവും നയിച്ച താരവും ഗോളടിച്ച താരവും ഛെത്രിയല്ലാതെ മറ്റാരുമില്ല. ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്കും എ.എഫ്.സി കപ്പിലേക്കും യോഗ്യത നേ‌ടാൻ ഇന്ത്യയ്ക്ക് കുവൈറ്റിനെതിരെ വിജയം അനിവാര്യമാണ്. വിജയത്തോടെ നായകനെ യാത്ര അയയ്ക്കാനുള്ള അവസാനവട്ട പരിശീലനത്തിലാണ് കൊൽക്കത്തയിൽ ഇന്ത്യൻ ടീം.

Advertisement
Advertisement