ഇന്നിറങ്ങുന്നു ഇന്ത്യ

Wednesday 05 June 2024 1:15 AM IST

ലോകകപ്പിൽ ഇന്ന് ഇന്ത്യയുടെ ആദ്യ പോരാട്ടം, എതിരാളികൾ അയർലാൻഡ്

ന്യൂയോർക്ക് : ആദ്യ ടൂർണമെന്റിലെ കിരീടത്തിന് ശേഷം മറ്റൊരു കപ്പിൽ മുത്തമിടാൻ കഴിയാത്ത ഇന്ത്യൻ ടീം ഒൻപതാം എഡിഷൻ ഐ.സി.സി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഇന്നുവരെ ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത അയർലാൻഡാണ് എ ഗ്രൂപ്പിൽ ഇന്ത്യയുടെ എതിരാളികൾ.ഇന്ത്യൻ സമയം രാത്രി എട്ടുമണിമുതൽ ന്യൂയോർക്കിലെ നസാവു കൺട്രി സ്റ്റേഡിയത്തിലാണ് മത്സരം.

രോഹിത് ശർമ്മയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യൻ ടീം വർഷങ്ങളായി ഇന്ത്യയ്ക്ക് അന്യമായിരിക്കുന്ന ഐ.സി.സി കിരീടത്തിലേക്കുള്ള ആദ്യ ചുവട് ശക്തമായിതന്നെ വയ്ക്കാനാണ് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന സന്നാഹമത്സരത്തിൽ ബംഗ്ളാദേശിനെ 60 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ വരവ്. അയർലാൻഡ് സന്നാഹമത്സരത്തിൽ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. പാകിസ്ഥാൻ,അമേരിക്ക,കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഒൻപതാംതീയതി ന്യൂയോർക്കിൽ തന്നെയാണ് ഇന്ത്യ - പാകിസ്ഥാൻ മത്സരം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അയർലാൻഡ് കടുപ്പപ്പെട്ട എതിരാളികളല്ല. എന്നാൽ ടൂർണമെന്റിൽ മികച്ച രീതിയിൽ തന്നെ മുന്നേറാനാണ് രോഹിതും സംഘവും ആലോചിക്കുന്നത്. പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് സീനിയർ താരങ്ങൾ സെറ്റാകാനായാണ് രാഹുൽ ദ്രാവിഡ് പ്ളേയിംഗ് ഇലവൻ സജ്ജമാക്കുക. പരിചയസമ്പന്നരായ താരങ്ങൾ തന്നെയാണ് ഐറിഷ് നിരയിലുള്ളത്. നായകൻ പോൾ സ്റ്റർലിംഗ്, ജോഷ് ലിറ്റിൽ,ബാൽബേണി,ഹാരി ടെക്റ്റർ, ലോർകൻ ടക്കർ തുടങ്ങിയവരൊക്കെ മികവ് തെളിയിച്ചിട്ടുളളവരാണ്.

കളിത്തിറങ്ങുമോ സഞ്ജു ?

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ബംഗ്ളാദേശിനെതിരായ സന്നാഹ മത്സരത്തിൽ സഞ്ജുവിന് അവസരവും നൽകി. ന്യൂയോർക്കിൽ എത്താൻ വൈകിയ വിരാട് കൊഹ്‌ലിക്ക് പകരം രോഹിത് ശർമ്മയ്ക്ക് പകരം ഓപ്പണറായാണ് സഞ്ജു ഇറങ്ങിയത്. എന്നാൽ ആ അവസരം പ്രയോജനപ്പെടുത്താൻ സഞ്ജുവിന് കഴിഞ്ഞില്ല. ആറു പന്തിൽ ഒരു റൺസ് മാത്രമെടുത്ത് സഞ്ജു പുറത്താവുകയായിരുന്നു. മത്സരത്തിൽ വിക്കറ്റ് കീപ്പറായതും സഞ്ജുവായിരുന്നു. അതേസമയം അപകടത്തിന് ശേഷം ആദ്യമായി ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയ റിഷഭ് പന്ത് 32 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടിച്ച് 53 റൺസ് നേടിയിരുന്നു. ഇന്ന് കൊഹ്‌ലി തിരിച്ചെത്തുമ്പോൾ സഞ്ജുവിന് ഇടമുണ്ടാകുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

സന്തുലിതം ഇന്ത്യൻ സ്ക്വാഡ്

ആറു ബാറ്റർമാരും രണ്ട് വീതം പേസ് ബൗളിംഗ് ആൾറൗണ്ടർമാരും സ്പിൻ ബൗളിംഗ് ആൾറൗണ്ടർമാരും മൂന്ന് പേസർമാരും രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരും അടങ്ങുന്ന ടീമിനെയാണ് ലോകകപ്പിനായി അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. നായകൻ രോഹിത് ശർമ്മ,മുൻ നായകൻ വിരാട് കൊഹ്‌ലി ,യശസ്വി ജയ്സ്വാൾ,സൂര്യകുമാർ യാദവ്, വിക്കറ്റ് കീപ്പർമാരായ റിഷഭ് പന്ത്,സഞ്ജു സാംസൺ എന്നിവരാണ് ബാറ്റർമാരായുള്ളത്. ഇവരിൽ നാലുപേർക്ക് അവസാന ഇലവനിലേക്ക് സ്ഥാനം കിട്ടുമെന്നാണ് സൂചന. രോഹിതും കൊഹ്‌ലിയും ചേർന്ന് ഓപ്പൺ ചെയ്യുകയും സൂര്യ ഫസ്റ്റ് ഡൗണായി ഇറങ്ങുകയും പന്തോ സഞ്ജുവോ നാലാമനായി എത്തുകയും ചെയ്യാനാണ് സാദ്ധ്യത.

പേസ് ബൗളിംഗ് ആൾറൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യ തന്നെയാകും ഫസ്റ്റ് ചോയ്സ്. പാണ്ഡ്യ ഫോമിലല്ലെങ്കിലേ ശിവം ദുബെയ്ക്ക് ചാൻസ് ലഭിക്കാനിടയുളളൂ. സന്നാഹ മത്സരത്തിൽ പാണ്ഡ്യ 23 പന്തുകളിൽ 40 റൺസ് നേടുകയും മൂന്നോവർ ബോൾചെയ്ത് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. സ്പിൻ ബൗളിംഗ് ആൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലുമുണ്ട്. ഇവരെ രണ്ടുപേരെയും ഉൾപ്പെടുത്തിയാൽ സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായ കുൽദീപിനോ ചഹലിനോ ആർക്കെങ്കിലും ഒരാൾക്കേ സ്ഥാനമുണ്ടാകൂ. ന്യൂയോർക്കിലെ പിച്ച് സ്പിന്നിനെ കൂടുതൽ പിന്തുണയ്ക്കുന്നതായതിനാൽ രണ്ട് പേസർമാരേ ഇലവനിൽ കാണൂ. അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് സ്പെഷ്യലിസ്റ്റ് പേസർമാരായി 15 അംഗ ടീമിലുള്ളത്.പാണ്ഡ്യ മൂന്നാം പേസററുടെ റോളിലുണ്ടാകും.

ആദ്യ ചാമ്പ്യന്മാർ,

പിന്നെ കിരീ‌ടമില്ല

2007ലാണ് ട്വന്റി-20 ഫോർമാറ്റിൽ ആദ്യ ലോകകപ്പ് നടക്കുന്നത്. അന്ന് ചാമ്പ്യന്മാരായത് മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമാണ്. പിന്നീട് ഇതുവരെ ജേതാക്കളാകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. 2013ന് ശേഷം ഇന്ത്യയ്ക്ക് ഒരു ഐ.സി.സി ടൂർണമെന്റിൽ ജേതാക്കളാകാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റിരുന്നു. 2022ലെ ട്വന്റി-20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ളണ്ടിനോട് 10 വിക്കറ്റിന് തോറ്റ് മടങ്ങുകയായിരുന്നു.2021 ട്വന്റി-20 ലോകകപ്പിൽ സെമിയിൽ എത്തിയിരുന്നില്ല. ഈ ലോകകപ്പിന് ശേഷമാണ് വിരാട് ക്യാപ്ടൻസി ഉപേക്ഷിച്ചത്. 2016 ലോകകപ്പിൽ സെമിയിൽ വിൻഡീസിനോട് കീഴടങ്ങി. 2014ലാണ് ഇന്ത്യ അവസാനമായി ഫൈനലിൽ കളിച്ചത്. അന്ന് പക്ഷേ ശ്രീലങ്കയോട് തോറ്റു. 2012,2010,2009 എഡിഷനുകളിൽ സെമിയിൽ എത്തിയില്ല.

8

രോഹിതും വിരാടും അടക്കം 2022 ലോകകപ്പിൽ കളിച്ച ഇന്ത്യൻ ടീമിലെ എട്ടുകളിക്കാരാണ് ഇപ്പോഴത്തെ ടീമിലുള്ളത്. ചഹൽ,പാണ്ഡ്യ, പന്ത്,സൂര്യ, അർഷ്ദീപ്,അക്ഷർ, സിറാജ് എന്നിവരാണ് കഴിഞ്ഞ ലോകകപ്പിനുണ്ടായിരുന്നവർ. സഞ്ജു സാംസൺ,യശ്വസി ജയ്സ്വാൾ,ശിവം ദുബെ എന്നിവരുടെ ആദ്യ ലോകകപ്പാണിത്.

ഇന്ത്യൻ ടീം :
രോഹിത് ശർമ്മ ( ക്യാപ്ടൻ) ,യശ്വസി ജയ്സ്വാൾ, വിരാട് കൊഹ്‌ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്ടൻ ) , ശിവം ദുബെ, രവീന്ദ്ര ജഡേജ,അക്ഷർ പട്ടേൽ,കുൽദീപ് യാദവ്,യുസ്‌വേന്ദ്ര ചഹൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

അയർലാൻഡ് ടീം :

പോൾ സ്റ്റിർലിംഗ്(ക്യാപ്ടൻ),മാർക്ക് അദെയർ,കുർട്ടിസ് കാംഫർ,ഗാരേത്ത് ഡെൻലേയ്,ജോർജ് ഡോക്കെറെൽ,റോസ് അദെയർ, ആൻഡി ബാൽബേണി, നീൽ റോക്ക്,ഹാരി ടെക്റ്റർ, ലോർകൻ ടക്കർ,ജോഷ് ലിറ്റിൽ,ഗ്രഹാം ഹ്യൂം,ബാരി മക്കാർത്തി, ബെൻ വൈറ്റ്,ക്രെയ്ഗ് യംഗ്.

8

മത്സരങ്ങളിൽ ഇന്ത്യയും അയർലാൻഡും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ ഒരെണ്ണം മഴ മൂലം ഉപേക്ഷിച്ചു. ബാക്കി ഏഴു കളികളിലും ജയിച്ചത് ഇന്ത്യയാണ്. രണ്ടാം നിര ടീമിനെയാണ് മിക്ക മത്സരങ്ങളിലും ഇന്ത്യ അയർലാൻഡിനെതിരെ വിന്യസിച്ചിരുന്നത്.

ഇന്ത്യ Vs അയർലാൻഡ്

8 pm മുതൽ

സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ലൈവ്

Advertisement
Advertisement