മന്ത്രി രാധാകൃഷ്ണന്റെ ജനപിന്തുണയിൽ ജയം

Wednesday 05 June 2024 1:27 AM IST

തൃശൂർ: മന്ത്രി കെ.രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവവും തുടക്കം മുതലേ നടത്തിയ ചിട്ടയായ പ്രചാരണ പ്രവർത്തനവുമാണ് ആലത്തൂരിൽ എൽ.ഡി.എഫിന്ഗുണം ചെയ്ത്. കർഷകരും കർഷകത്തൊഴിലാളികളും ബഹുഭൂരിപക്ഷം വരുന്ന മണ്ഡലത്തിൽ അവിടുള്ളയാളെ സ്ഥാനാർത്ഥിയാക്കണമെന്ന പ്രവർത്തകരുടെ നിർദ്ദേശം പരിഗണിച്ചാണ് മന്ത്രി രാധാകൃഷ്ണനെ സി.പി.എം സ്ഥാനാർത്ഥിയാക്കിയത്.

സിറ്റിംഗ് എം.പി രമ്യ ഹരിദാസിനോട് കോൺഗ്രസിലെ ഒരുവിഭാഗത്തിന് ഉണ്ടായിരുന്ന എതിർപ്പും നേതാക്കൾക്കിടയിലുമുള്ള അഭിപ്രായ വ്യത്യാസവും എൽ.ഡി.എഫിന് തുണയായി.

അന്തിമഘട്ടത്തിൽ ലഭിച്ച കണക്കനുസരിച്ച് 20,146 ആണ് ഭൂരിപക്ഷം. ഇതിൽ പകുതിയും ആലത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ്. 10,000 വോട്ടിന്റെ ഭൂരിപക്ഷം ഇവിടെ നിന്നു ലഭിച്ചു. ഈ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും എൽ.ഡി.എഫിനാണ് ലീഡ്. മന്ത്രി രാധാകൃഷ്ണന്റെ തട്ടകമായ ചേലക്കരയിൽ 5,000 വോട്ടിന്റെയും തരൂരിൽ 4,000 വോട്ടിന്റെയും ലീഡുണ്ട്. വടക്കാഞ്ചേരി, കുന്നംകുളം, ചിറ്റൂർ, നെന്മാറ നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫിനാണ് നേരിയ ലീഡെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞതവണ പി.കെ.ബിജുവിനെ ലോക്‌സഭാ സ്ഥാനാർത്ഥിയാക്കിയതിൽ പ്രവർത്തകർക്ക് എതിർപ്പുണ്ടായിരുന്നു.

മന്ത്രിയായ കെ.രാധാകൃഷ്ണൻ ചേലക്കരയിൽ

നടത്തിയ വികസന പ്രവർത്തനങ്ങളും തുണയായി. ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാൻ യു.ആർ.പ്രദീപ് പരിഗണിക്കപ്പെട്ടേക്കാം.

Advertisement
Advertisement