ലക്ഷദ്വീപ് തിരിച്ചു പിടിച്ച് കോൺഗ്രസ്

Wednesday 05 June 2024 1:32 AM IST

കൊച്ചി: രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലമായ ലക്ഷദ്വീപിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ കോൺഗ്രസ് തിരിച്ചുപിടിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് ഹംദുള്ള സഈദ് 25,726 വോട്ടുകൾ നേടി, 2,647 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൻ.സി.പി (എസ്) സ്ഥാനാർഥിയും സിറ്റിംഗ് എം.പിയുമായ പി.പി. മുഹമ്മദ് ഫൈസലിന് 23,079 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി പിന്തുണച്ച എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർഥി ടി.പി. യൂസുഫിന് ആകെ ലഭിച്ചത് 201 വോട്ടുകൾ മാത്രം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ കോൺഗ്രസ് വ്യക്തമായ ലീഡ് നിലനിറുത്തി. 2014ൽ 1,535 വോട്ടിന് ഹംദുള്ള സഈദിനെ മുഹമ്മദ് ഫൈസൽ തോല്പിച്ചിരുന്നു. 2019ൽ അത് 823 വോട്ടായി കുറഞ്ഞു.

മുഹമ്മദ് ഹംദുള്ള സഈദ്

കോൺഗ്രസ് നേതാവും ദീർഘകാലം ലക്ഷദ്വീപ് എം.പിയുമായിരുന്ന പി.എം. സെയ്ദി​ന്റെയും റഹ്മത്തിന്റെയും മകനായി 1982 ഏപ്രിൽ 11ന് അന്ത്രോത്ത് ദ്വീപിൽ ജനിച്ചു. ലക്ഷദ്വീപ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനാണ്. പൂനെ ഐ.എൽ.എസ് ലാ കോളേജിൽ നിന്ന് എൽ.എൽ.ബി പൂർത്തിയാക്കി. 2009ൽ ലക്ഷദ്വീപിൽ നിന്ന് 26-ാം വയസിൽ ലോക്‌സഭാംഗമായി. അത്തവണ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. ഭാര്യമാർ: തസ്ലീമ പടന്നാത,പ്രൊഫ. ഡോ. ആമ്ന മിർസ. മക്കൾ: നദ ഹംദുള്ള,സുബ്ഹാൻ സഈദ്.