മോദിയും അമിത് ഷായും രഹസ്യമായി നിരീക്ഷിച്ചു, ഇതാണ് വിജയത്തിന് പിന്നിൽ; തൃശൂർക്കാരുടെ വലിയ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്?

Wednesday 05 June 2024 10:35 AM IST

തൃശൂർ : തൃശൂരിന്റെ എം പിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും. ഇന്നലെ തിരുവനന്തപുരത്തെ വീട്ടിൽ ഇരുന്നാണ് വിജയ വാർത്ത അദ്ദേഹം അറിഞ്ഞത്. ഇന്നലെ ബി.ജെ.പി പ്രവർത്തകർ നഗരത്തിലും ജില്ലയിലെ മറ്റിടങ്ങളിലും ആഹ്‌ളാദ പ്രകടനം നടത്തിയിരുന്നു.

തൃശൂരിലെത്തുന്ന സുരേഷ് ഗോപിക്ക് ആവേശകരമായ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി നേതൃത്വം. സുരേഷ് ഗോപി ലീഡ് നേടിയത് മുതൽ ബി.ജെ.പി ജില്ലാ ആസ്ഥാനത്തും പ്രദേശിക തലത്തിലും ആഹ്ലാദം അണപൊട്ടിയിരുന്നു.

പടക്കം പൊട്ടിച്ചും, മധുരം വിതരണം ചെയ്തും എൻ.ഡി.എ പ്രവർത്തകർ വിജയം ആഘോഷിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ, എ.നാഗേഷ്, വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, ജില്ലാ പ്രസിഡന്റ് അഡ്വ.അനീഷ് കുമാർ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ, കെ.എസ്.ഹരി, ജസ്റ്റിൻ ജേക്കബ്, രവികുമാർ ഉപ്പത്ത് എന്നിവർ നേതൃത്വം നൽകി.


സുരേഷ് ഗോപിയുടെ വിജയിച്ചതിന് പിന്നാലെ പുതുക്കാട് മേൽപാലത്തിൽ പ്രതീക്ഷ അർപ്പിക്കുകയാണ് നാട്ടുകാർ. ഇടപ്പിള്ളി-മണ്ണുത്തി പാത ആറുവരിയായി വികസിപ്പിക്കുതോടെ അടിപ്പാതയുടെ നിർമ്മാണം പരിഗണിക്കുമെന്ന അധികൃതരുടെ വാക്ക് പാഴ്‌വാക്കായിരുന്നു. ദേശീയപാതയിൽ ഏഴിടങ്ങളിൽ അടിപ്പാത നിർമ്മിക്കാൻ പദ്ധതിയിട്ടപ്പോഴും പുതുക്കാടിനെ അവഗണിച്ചു.


വർഷങ്ങളായുള്ള ആവശ്യമായിരുന്നു ദേശീയ പാതയിൽ പുതുക്കാട് മേൽപാലം വേണമെന്നത്. ഈ ആവശ്യം കോടതി വഴി ലക്ഷ്യത്തോടടുത്തെങ്കിലും നടക്കാതായതോടെ കെ.കെ.രാമചന്ദ്രൻ നിയമസഭയിൽ ഉന്നയിച്ച സബ് മിഷന് ലഭിച്ച മറുപടിയിൽ ദേശീയ പാത ആറുവരിയായി വികസിപ്പിക്കുന്നതോടെ നിർമ്മിക്കുമെന്നാണ് ദേശീയ പാത അതോറിറ്റി അറിയിച്ചതെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. എന്നാൽ ഇതിനിടെയാണ് പുതുക്കാട് ഒഴികെ എഴിടത്ത് അടിപ്പാത നിർമ്മിക്കുമെന്ന് ടി.എൻ.പ്രതാപൻ എം.പി.പ്രഖ്യാപിച്ചത്. ഈ അവസരത്തിലാണ് സുരേഷ് ഗോപിയുടെ വിജയം.

പുതുക്കാട് സെന്ററിൽ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതുക്കാട് മേൽപാലം സംബന്ധിച്ച് ബി.ജെ.പി പ്രവർത്തകർ മാസങ്ങൾക്ക് മുൻപ് സുരേഷ്‌ഗോപിക്ക് നിവേദനം സമർപ്പിച്ചിരുന്നു. സുരേഷ് ഗോപി വിജയിച്ചാൽ അടിപ്പാതയല്ല മേൽപ്പാലം തന്നെ നിർമ്മിക്കുമെന്നാണ് ബി.ജെ.പി പ്രവർത്തകർ വാഗ്ദാനം ചെയ്തത്. അദ്ദേഹം നേരിട്ടെത്തി സ്ഥലം സന്ദർശിച്ചിരുന്നു.

മോദിപ്രഭാവം, മെഗാസ്റ്റാറായി സുരേഷ് ഗോപി

മൂന്നുതവണ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയതും കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ പിന്തുണയും സുരേഷ് ഗോപിക്ക് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. മകളുടെ വിവാഹത്തിന് മോദി ഗുരുവായൂരിലെത്തിയതും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തുപകർന്നു. കഴിഞ്ഞവർഷം അമിത് ഷാ തൃശൂരിലെത്തി അദ്ദേഹത്തിന്റെ പ്രചാരണത്തിന് അനൗപചാരികമായ തുടക്കം കുറിച്ചു.

മോദിയുടെയും അമിത്ഷായുടെയും നിർദ്ദേശം ശിരസാവഹിച്ചായിരുന്നു കഴിഞ്ഞ അഞ്ചുവർഷക്കാലവും സുരേഷ്‌ഗോപി തൃശൂരിൽ പ്രവർത്തിച്ചത്. രഹസ്യമായി മോദിയും അമിത്ഷായും തൃശൂരിലെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. എന്തുവില കൊടുത്തും തൃശൂർ എടുക്കണമെന്ന അവരുടെ നിർദ്ദേശം ഫലം കണ്ടു. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിന്റെ അനുഭവസമ്പത്ത് കൂടിയായപ്പോൾ വിജയം എളുപ്പമായി.

കേന്ദ്രനേതൃത്വവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ക്രൈസ്തവ വിഭാഗത്തിന്റെ അടക്കം ശക്തമായ പിന്തുണ ലഭിച്ചു. ലൂർദ്ദ് പള്ളിയിൽ കിരീടം സമർപ്പിച്ചും തൃശൂർ ചെട്ടിയങ്ങാടിയിൽ നോമ്പ് തുറയിൽ പങ്കെടുത്തുമെല്ലാം ന്യൂനപക്ഷവുമായുള്ള അകലം കുറച്ചു. അതേസമയം, കോൺഗ്രസിന്റെ സർജിക്കൽ സ്‌ട്രൈക്കായിരുന്നു വടകര മണ്ഡലം വിട്ടുവന്ന കെ.മുരളീധരന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വം. പക്ഷേ, അത് പാളി. മുരളീധരന്, സുരേഷ് ഗോപിയേക്കാൾ 84,214 വോട്ട് കുറവായി. ഏതാണ്ട് ടി.എൻ.പ്രതാപൻ പിടിച്ച വോട്ടിനടുത്ത് വോട്ട് പിടിക്കാനും സുരേഷ് ഗോപിക്കായി.

Advertisement
Advertisement