വടകരയിലെ തോൽവിയുടെ നാണക്കേട് മാറ്റാൻ സിപിഎം, കെകെ ശൈലജയ്ക്ക് പുതിയ ഓഫർ, ലക്ഷ്യം മറ്റൊന്ന്

Wednesday 05 June 2024 11:23 AM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുഖം മിനുക്കി പ്രതിച്ഛായ വീണ്ടെടുക്കാൻ പിണറായി സർക്കാർ ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി കെകെ ശൈലയയെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കവും അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരിൽ ചുരുക്കം ചിലരുടേത് ഒഴിച്ച് ബാക്കിയുള്ളവരുടെ പ്രവർത്തങ്ങൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന് മാത്രമല്ല തീരെ മോശമാണെന്ന അഭിപ്രായവും പാർട്ടി അണികളിൽപ്പോലുമുണ്ട്. ഇതിന്റെ പ്രതിഫലനമാണ് വോട്ടെടുപ്പിൽ ഉണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

മന്ത്രി രാധാകൃഷ്ണന് പകരം മന്ത്രിയെ കണ്ടെത്തേണ്ടതുണ്ട്. ആ സാഹചര്യം അനുകൂലമാക്കി ചില മന്ത്രിമാരെ ഒഴിവാക്കാനും മറ്റുചിലരുടെ വകുപ്പുകളിൽ മാറ്റം വരുത്താനും ഇടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാറ്റമില്ലാതെ മുന്നോട്ടുപോയാൽ വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും നിയസഭാ തിരഞ്ഞെടുപ്പിലും ദയനീയ പ്രകടനമായിരിക്കും കാഴ്ചവയ്ക്കാനാവുക എന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പാർട്ടിക്ക് ബോദ്ധ്യംവന്നിട്ടുണ്ട്.

സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളും താേൽവിക്ക് ചെറുതല്ലാത്ത കാരണമായെന്ന് പാർട്ടിക്ക് നന്നായി അറിയാം. എന്നാൽ മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിറുത്താൻ സിപിഎമ്മും എൽഡിഎഫും മുതിരുമാേ എന്ന് സംശയമാണ്. മറ്റന്നാൾ ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ മന്ത്രിസഭയിലെ അഴിച്ചുപണി ഉൾപ്പടെയുള്ള കാര്യങ്ങളിൽ ചർച്ച ഉണ്ടായേക്കും. സ്ഥാനാർത്ഥികളുടെ വിജയത്തിനായി പാർട്ടി കാര്യമായി ശ്രമിച്ചില്ലെന്ന കുറ്റപ്പെടുത്തൽ ചിലയിടങ്ങളിൽ നിന്നുയരുന്നുണ്ട്. ഇക്കാര്യവും ചർച്ചയായേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടവിഹിതത്തിന്റെ കണക്കുകൾ പുറത്തുവന്നപ്പോൾ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിൽ 109ലും യുഡിഎഫിനാണ് മേൽക്കൈ. എൽഡിഎഫ് ഒന്നാം സ്ഥാനത്തെത്തിയത് വെറും ഇരുപത് മണ്ഡലങ്ങളിൽ മാത്രമാണ്. ഇതിനെക്കാളേറെ സിപിഎമ്മിനെ അലോരസപ്പെടുത്തുന്നത് പതിനൊന്ന് മണ്ഡലങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തിയതാണ്. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, കാട്ടാക്കട, ആറ്റിങ്ങൽ, ഒല്ലൂർ, മണലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 99സീറ്റുകൾ നേടിയാണ് ഇടതുമുന്നണി തുടർ ഭരണം നേടിയത്.41 സീറ്റുകൾ മാത്രമാണ് യുഡിഎഫിന് കിട്ടിയത്. ബിജെപിക്കാകട്ടെ സീറ്റൊന്നും കിട്ടിയിരുന്നുമില്ല.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലത്തിൽപ്പോലും എൽഡിഎഫിന്റെ വോട്ടുവിഹിതത്തിൽ ഉണ്ടായ കുറവും പാർട്ടിയെ അലോരസപ്പെടുത്തുന്നുണ്ട്. വടകരയിൽ പാർട്ടിവോട്ടിൽ കനത്ത ചോർച്ചയുണ്ടായെന്നാണ് പാർട്ടിയുടെ നിഗമനം. പാർട്ടി കോട്ടകളിൽ പോലും ഷാഫിക്ക് വോട്ടുകൂടിയിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതിന് ഉത്തരംകണ്ടെത്താൻ പാർട്ടി ഏറെ ബുദ്ധിമുട്ടും.

Advertisement
Advertisement