ജോലിസ്ഥലത്ത് വാഴ വളർത്തലുമായി ഒരു കൂട്ടം യുവാക്കൾ; പുതിയ ട്രെൻഡിന് പിന്നിൽ ലക്ഷങ്ങളുടെ വരുമാനമല്ല

Wednesday 05 June 2024 12:30 PM IST

തൊഴിലിടങ്ങളിൽ സമ്മർദ്ദം അനുഭവിക്കുന്ന ഒരു വിഭാഗം ജനത നമ്മുടെ സമൂഹത്തിൽ ഉണ്ട്. ജോലി എത്ര ചെറുതോ വലുതോ ആയിക്കോട്ടേ. പലരീതിയിലും മിക്കവരും സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നത് പതിവാണ്. എന്നാൽ അതിന് പരിഹാരം കണ്ടെത്തുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. പല രാജ്യങ്ങളിലെയും യുവാക്കൾ സമ്മർദ്ദം അനുഭവിക്കുന്നതിന് പ്രതിവിധിയായി തൊഴിലിടങ്ങളിൽ വേറിട്ട ആശയങ്ങൾ കൊണ്ടുവരാറുണ്ട്.

അടുത്തിടെ സോഷ്യൽ മീഡിയയിയൽ വന്ന ഒരു വീഡിയോ വൈറലായിരുന്നു. ജപ്പാനിലെ ഓഫീസുകളിൽ ജോലി ചെയ്യുമ്പോൾ ക്ഷീണമോ വിരസതയോ അനുഭവിക്കുന്ന തൊഴിലാളികൾക്ക് നിശ്ചിത സമയം ഉറങ്ങാനുളള കിടക്ക ഡെസ്‌കുകളിൽ തന്നെ ഒരുക്കുന്നതായിരുന്നു പുറത്തുവന്ന വീഡിയോയിലുണ്ടായിരുന്നത്. അത്തരത്തിൽ ജോലിയിലെ വിരസത ഒഴിവാക്കാൻ ചൈനയിലെ യുവാക്കൾ കണ്ടെത്തിയ ഒരു മാർഗമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സിയാംഗ്ഷു എന്ന സോഷ്യൽ മീഡിയയിലാണ് പുതിയ ട്രെൻഡ് ശ്രദ്ധേയമാകുന്നത്.


യുവാക്കൾ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇരിപ്പിടത്തിന് സമീപത്തായി വാഴ വളർത്തുന്ന പതിവാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ജോലിയിലെ വിരസത ഒഴിവാക്കാമെന്നും പ്രകൃതിയുമായി കൂടുതൽ അടുക്കാമെന്നും ചൈനീസ് യുവാക്കൾ അഭിപ്രായപ്പെടുന്നു. ഈ പ്രവർത്തിയെ 'സ്റ്റോപ്പ് ആംഗ്സൈറ്റി' എന്നറിയപ്പെടുന്നു.

അവർ ചെയ്യുന്നത് ഇങ്ങനെയാണ്. പാകമെത്താത്ത കുലകളോടുകൂടിയ വാഴ വാങ്ങി വെളളം നിറച്ച കുപ്പികളിൽ സ്ഥാപിക്കുന്നു. അത് പാകമെത്തുന്നതുവരെ പരിചരിക്കുകയാണ് പതിവ്. വാഴക്കുല പാകുമെത്തുമെന്ന തൊഴിലാളികൾ പ്രതീക്ഷകൾ നിലനിർത്തുന്നതൊടെ ജോലിയിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഇതിലൂടെ അവർക്ക് ജോലി കൂടുതൽ ആസ്വദിക്കാൻ സാധിക്കും. പുതിയ മാർഗത്തിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുളള സ്വീകാര്യതയാണ് ലഭിച്ചത്.

പച്ച നിറത്തിലുളള പഴങ്ങൾ മഞ്ഞ നിറത്തിലായി മാറുന്നത് യുവാക്കളുടെ പ്രതീക്ഷയും സന്തോഷവും വർദ്ധിപ്പിക്കുന്നുവെന്ന് ഒരാൾ പ്രതികരിച്ചു. ഇത് തൊഴിലിടങ്ങളിലെ സൗഹൃദത്തിന് കൂടുതൽ ശക്തി പകരുന്നതാണെന്ന് മ​റ്റൊരാൾ പ്രതികരിച്ചു. വാഴപ്പഴത്തിന് പകരം പൈനാപ്പിൾ വളർത്തുന്ന പതിവും കണ്ടുവരുന്നതായി പ്രതികരണങ്ങൾ ഉണ്ടായി. ചൈനയിലെ ഓഫീസുകൾ പഴത്തോട്ടമായി മാറിയെന്നും ചിലർ പരിഹസിക്കുകയും ചെയ്തു.


അടുത്തിടെ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആകെ തൊഴിലാളികളുടെ നാലിൽ ഒന്ന് ഭാഗവും സമ്മർദ്ദം അനുഭവിക്കുന്നുവെന്നാണ് കണ്ടെത്തിയത്. അതിനാൽ തൊഴിലിടങ്ങളിൽ ഇത്തരത്തിലുളള രസകരമായ മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ സമ്മർദ്ദം ഒഴിവാക്കാമെന്നാണ് ആരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്.

Advertisement
Advertisement