പ്രവാസികൾ അടക്കം ഓരോ മാസം ലാഭിക്കുന്നത് 16,000 രൂപ; ദുബായിലുള്ളവർ പുതിയ ട്രെൻഡിന് പിന്നാലെ

Wednesday 05 June 2024 1:12 PM IST

​ദുബായ്: പരമാവധി ചിലവ് കുറച്ച് ജീവിക്കാനാണ് ഗൾഫ് രാജ്യങ്ങളിലുളള പ്രവാസികളടക്കമുളളവർ ശ്രമിക്കുന്നത്. അതിനായി നിത്യജീവിതത്തിൽ പലവിധ മാ​റ്റങ്ങളും കൊണ്ടുവരാൻ മിക്കവരും ശ്രമിക്കാറുണ്ട്. അത്തരത്തിലുളള പുതിയ ഒരു ട്രെൻഡാണ് ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ കണ്ടുവരുന്നത്. തൊഴിലിടങ്ങളിൽ എത്തിച്ചേരാൻ മറ്റുവാഹനങ്ങളും സൗകര്യങ്ങളും ഒഴിവാക്കി സൈക്കിളിനെ ആശ്രയിക്കുന്നവരുടെ എണ്ണം അടുത്തിടെ വർദ്ധിച്ചിട്ടുണ്ട്. പുതിയ ശൈലിക്ക് ഒരു കാരണം മാത്രമല്ലെന്നാണ് പ്രവാസികൾ പറയുന്നത്.

യാത്രാ ചിലവ് കുറയ്ക്കുന്നതിനോടൊപ്പം ഒരു വ്യായാമത്തിനായുളള മാർഗമായും സൈക്കിൾ യാത്രയെ കണ്ടുവരുന്നുണ്ട്. അതേസമയം, ഇത്തരത്തിൽ ദിവസവും സൈക്കിളിൽ തൊഴിലിടങ്ങളിൽ എത്തുകയാണെങ്കിൽ അന്തരീക്ഷ മലിനീകരണവും ഗതാഗതകുരുക്കുകളിൽ നിന്ന് രക്ഷപ്പെട്ട് സമയം ലാഭിക്കാമെന്നുമാണ് ചിലരുടെ അഭിപ്രായം. പുതിയ ട്രെൻഡ് പിന്തുടരുന്നതിലൂടെ പ്രതിമാസം 700 ദിർഹം (ഏകദേശം 16,000 രൂപ) വരെ ലാഭിക്കാമെന്നാണ് ദുബായ് പ്രവാസിയും യാച്ച് ക്യാപ്​റ്റനുമായ മൊഹ്സിൻ ഹസം പാലിജ മാദ്ധ്യമങ്ങളോട് പറയുന്നത്.

കഴിഞ്ഞ ഒരു വർഷമായി ജോലിസ്ഥലത്തേക്ക് സൈക്കിളിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും യുവാവ് പറഞ്ഞു. 'ഞാൻ ജോലി സ്ഥലത്ത് നിന്ന് എട്ട് കിലോമീ​റ്റർ അകലെയാണ് താമസിക്കുന്നത്. ഒരു വർഷം മുൻപ് വരെ ടാക്സിയിലായിരുന്നു പോയിക്കൊണ്ടിരുന്നത്. ഒരു മാസം 700 ദിർഹം യാത്രയ്ക്കായി ചെലവഴിക്കുമായിരുന്നു. എന്നാൽ ബൈക്ക് ഷെയറിംഗ് ആപ്പിൽ നിന്നും സൈക്കിൾ വാടകയ്ക്ക് എടുത്തതോടെ ഒരു വർഷത്തെ യാത്രാ ചെലവ് 420 ദിർഹമായി കുറയ്ക്കാൻ സാധിച്ചു. സൈക്കിൾ വാടകയ്ക്ക് എടുക്കുന്നതാണ് നല്ലത്' - മൊഹ്സിൻ പറഞ്ഞു.

Advertisement
Advertisement