'യുഡിഎഫിന് വോട്ട് കുറഞ്ഞു, സിറ്റിംഗ് സീറ്റും നഷ്‌ടം'; സിപിഎമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഗോവിന്ദൻ

Wednesday 05 June 2024 2:49 PM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അടിത്തറ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ആകെ ഒരു സീറ്റിൽ മാത്രമാണ് ജയിക്കാനായിരുന്നത്.

ഗോവിന്ദന്റെ വാക്കുകളിലേക്ക്:

പാർട്ടിയെ സംബന്ധിച്ച് ഒരു പ്രതിസന്ധിയുമില്ല. അടിസ്ഥാനപരമായ വോട്ട് നഷ്‌ടപ്പെട്ടില്ല. 47 ശതമാനമേ ഇത്തവണ ലഭിച്ചിട്ടുള്ളു. അഞ്ച് ശതമാനം കുറഞ്ഞു. 36 ശതമാനം വോട്ടുണ്ടായിരുന്ന ഞങ്ങൾക്ക് ഒരു ശതമാനമേ ഇക്കുറി നഷ്‌ടമായുള്ളു. അടിത്തറ ശക്തമായി തന്നെ നിലനിൽക്കുന്നുവെന്നാണ് അത് കാണിക്കുന്നത്.

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു. കോൺഗ്രസിന്റെ വോട്ട് അവർ പിടിക്കുമെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. കോൺഗ്രസിന്റെ 86,000 വോട്ടാണ് കുറഞ്ഞത്. സുരേഷ് ഗോപി 74,000 വോട്ടിനാണ് വിജയിച്ചത്. ഞങ്ങൾക്കവിടെ ആറായിരത്തിലധികം വോട്ടുകൾ കുറയുകയും ചെയ്‌തു. ബാക്കി നിങ്ങൾ കണക്ക് കൂട്ടിയാൽ മതി. ബിജെപി ജയിക്കില്ലെന്ന് ഞാൻ പറഞ്ഞത് കറക്‌ടാണ്. പക്ഷേ ബിജെപിയെ കോൺഗ്രസ് ജയിപ്പിച്ചിരിക്കുന്നു.

പരാജയം സംബന്ധിച്ച് ആവശ്യമായ പരിശോധനയും തിരുത്തലും വരുത്തും. അതിന് പ്രയാസമില്ല. തിരുത്തി മുന്നോട്ട് പോകുക തന്നെ ചെയ്യും. വി ജോയിയുടേത് ജയിച്ച തോൽവിയാണ്. അത് തോറ്റതിന്റെ കൂട്ടത്തിൽ കൂട്ടേണ്ടതില്ല. കഴിഞ്ഞ തവണത്തേക്ക് പോലെ ഞങ്ങൾ തിരിച്ച് പിടിക്കും. അടിസ്ഥാനപരമായ വോട്ട് നഷ്‌ടപ്പെട്ടിട്ടില്ല. മാദ്ധ്യമങ്ങളാകെ ഒറ്റക്കെട്ടായി യുഡിഎഫിന്റെ ഘടകകക്ഷി ആയിരുന്നിട്ടും ഇത്രയേ കുറഞ്ഞിട്ടുള്ളു. പാർട്ടിയുടെ മുഖത്തിന് ഇപ്പോൾ ഒരു തകരാറുമില്ല.

Advertisement
Advertisement