ഏഴ്  ദശലക്ഷം  മരണങ്ങൾക്കും  കാരണം വായു മലിനീകരണം, കർശന നിർദ്ദേശവുമായി എംവിഡി

Wednesday 05 June 2024 4:27 PM IST

തിരുവനന്തപുരം: പ്രതിവർഷം ലോകമെമ്പാടുമുളള ഏഴ് ദശലക്ഷം മരണങ്ങൾക്കും കാരണം വായു മലിനീകരണമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി). എറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമായാണ് വായു മലിനീകരണത്തെ കണക്കാക്കുന്നതെന്നും എംവിഡിയുടെ ഫോസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

'ആസ്തമ, കാൻസർ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ തുടങ്ങി മാനവരാശിക്ക് ഏറ്റവും ഭീഷണിയായി മാറിയിരിക്കുന്ന ഒന്നാണ് വായു മലിനീകരണം. ആസിഡ് മഴ, ഓസോൺ ശോഷണം, ആഗോള കാലാവസ്ഥാ വ്യതിയാനം, മൂടൽമഞ്ഞ്, വിളനാശം , വനനാശം തുടങ്ങി മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ശബ്ദ മലിനീകരണവും എല്ലാം വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് മോട്ടോർ വാഹനങ്ങളിലെ ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം മൂലമുള്ളത്. താഴെപ്പറയുന്ന മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ട് പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ നമുക്കും പങ്കുചേരാം'- എംവിഡി പോസ്റ്റിൽ കുറിച്ചു.

പ്രധാന നിർദ്ദേശങ്ങൾ

• ശരിയായ വാഹന പരിപാലനവും കുറഞ്ഞ അന്തരീക്ഷ മലിനീകരണവും.

• സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പൊതു ഗതാഗതത്തെ കൂടുതൽ ആശ്രയിക്കൽ.

• ഇന്ധന സംരക്ഷണത്തിന് ഉതകുന്ന രീതിയിലുള്ള ഡ്രൈവിംഗ് രീതികൾ.

• യാത്രകളുടെ എണ്ണം കുറയ്ക്കുകയും ഒറ്റ യാത്രയിൽ കൂടുതൽ കാര്യങ്ങൾ നടത്തുകയും ചെയ്യുക.

• വാഹനം നിർത്തിയിടുമ്പോൾ Idling ഒഴിവാക്കി എൻജിൻ ഓഫ് ചെയ്യുന്ന ശീലങ്ങൾ.

• അനാവശ്യ മോഡിഫിക്കേഷനും സൈലൻസർ ആൾട്ടറേഷൻ പോലെയുള്ള കാര്യങ്ങളും ഒഴിവാക്കൽ.

• മിതമായ എയർകണ്ടീഷണർ ഉപയോഗം.

• കൂടുതൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ തിരഞ്ഞെടുക്കൽ.

• ഇലക്ട്രിക്ക് കാറുകളും സിഎൻജി വാഹനങ്ങൾ പോലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന വാഹനങ്ങളിലേക്കുള്ള മാറ്റം.

• കാൽനടയാത്രകളും സൈക്കിൾ യാത്രകളും കൂടുതൽ പ്രോത്സാഹിപ്പിക്കൽ.

ഇന്ധനസംരക്ഷണവും ആർഭാടങ്ങളും ഒഴിവാക്കുക വഴി നമ്മുടെ ഭൂമിയെ വരും തലമുറയ്ക്കായി നമുക്ക് കാത്തു വയ്ക്കാം ......

Advertisement
Advertisement