സുരേഷ് ഗോപി ജയിച്ചപ്പോൾ കോൺഗ്രസ് നേതാവിന് പോയത് സ്വന്തം വാഗൺ ആർ കാർ, നാലുലക്ഷം ദേ പാേയി

Wednesday 05 June 2024 5:05 PM IST

ഗുരുവായൂർ: ആവേശം അതിര് കടന്നു. മുരളീധരന്റെ വിജയത്തിന് പന്തയം വച്ച കോൺഗ്രസ് നേതാവിന് നഷ്ടപ്പെട്ടത് വാഗൺ ആർ കാർ. ചാവക്കാട് കാർഷിക വികസന ബാങ്ക് ഡയറക്ടറും കോൺഗ്രസ് നേതാവുമായ തെക്കൻ ബൈജുവാണ് ബി.ജെ.പി പ്രവർത്തകനായ ചില്ലി സുനിയുമായി കാർ പന്തയം വച്ചത്. സുരേഷ് ഗോപി ജയിച്ചാൽ മാരുതി വാഗൺ ആർ കാർ ചില്ലി സുനിക്ക് കൊടുക്കാമെന്നും മുരളീധരൻ ജയിച്ചാൽ തിരിച്ച് സുനിയുടെ മാരുതി സ്വിഫ്‌റ്റ് ഡിസയർ കാർ നൽകണമെന്നുമായിരുന്നു പന്തയം.

കഴിഞ്ഞദിവസം ചാവക്കാട് ചായക്കടയിൽ ഇരുന്ന് ചായ കുടിക്കുമ്പോൾ നടന്ന രാഷ്ട്രീയ സംവാദമാണ് പന്തയത്തിൽ കലാശിച്ചത്. ഇവരുടെ പന്തയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരികയും സുരേഷ് ഗോപി വിജയിക്കുകയും ചെയ്തതോടെ ബൈജു കാർ സുനിക്ക് കൈമാറുമെന്ന് വ്യക്തമാക്കി. വിജയാഹ്ലാദത്തിന് ശേഷം സുനി ഫ്രീയാകുന്ന മുറയ്ക്ക് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ കാർ കൈമാറുമെന്ന് ബൈജു പറഞ്ഞു.അ​ഞ്ച് ​വ​ർ​ഷം​ ​മാ​ത്ര​മേ​ ​ബൈ​ജു​വി​ന്റെ​ ​വാ​ഗ​ൺ​ ​ആ​റി​ന് ​പ​ഴ​ക്ക​മു​ള്ളൂ.​ ​ഏ​ക​ദേ​ശം​ ​നാ​ല് ​ല​ക്ഷം​ ​രൂ​പ​യോ​ളം​ ​വി​ല​വ​രും.

ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതു മുതൽ തന്നെ സജീവമായിരുന്ന പന്തയം വെയ്പുകാർ. പ്രധാനമായും വടകര, തൃശ്ശൂർ, തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളിലെയും സ്വന്തം മണ്ഡലത്തിലെയും വിജയികളെക്കുറിച്ചുമായിരുന്നു പ്രവചനം. ഇതിൽ എൽ.ഡി.എഫിനെ പിന്തുണച്ച പന്തയം വയ്പ്പുകാരാണ് കുഴപ്പത്തിലായത്. തങ്ങളുടെ സ്ഥാനാർത്ഥികൾ തോറ്റാൽ തല മൊട്ടയടിക്കാമെന്നും മീശ പാതി വടിക്കാമെന്നും പന്തയം വച്ചവരാണ് ഏറെയും.

നിങ്ങളുടെ സ്ഥാനാർത്ഥി ജയിച്ചാൽ നിങ്ങളുടെ കൊടിയും പിടിച്ച് നിങ്ങളോടൊപ്പം വരാമെന്നും പന്തയം വച്ചവരുണ്ട്. വേറെ ചിലരുണ്ട്, എന്റെ പാർട്ടി സ്ഥാനാർത്ഥി തോറ്റാൽ ഒറ്റക്കാലിൽ ഓടാമെന്ന് പറഞ്ഞവർ. മറ്റൊരു കൂട്ടർ ഭക്ഷണ പ്രിയരാണ്. എതിരാളിയുടെ സ്ഥാനാർത്ഥി ജയിച്ചാൽ ഒരാഴ്ചത്തെ ബിരിയാണിയോ സുഭിക്ഷമായ ഭക്ഷണമോ ആണ് ഓഫർ. പന്തയത്തിൽ തോറ്റാൽ പറഞ്ഞത് പോലെ ചെയ്യേണ്ടി വരും, ഇല്ലെങ്കിൽ എതിരാളികൾ ചെയ്യിപ്പിക്കും. എന്തായാലും പ്രവചനങ്ങളെല്ലാം തെറ്റിയ തിരഞ്ഞെടുപ്പിൽ പന്തയംവയ്പ്പുകാരാണ് നാട്ടിൻപുറങ്ങളിലെ താരങ്ങൾ.

Advertisement
Advertisement